ഹൈദരാബാദ്: പുഷ്പ 2 റിലീസ് ദിവസം ഹൈദരാബാദിലെ സന്ധ്യ തിയേറ്ററിൽ തിക്കിലും തിരക്കിലുംപെട്ട് യുവതി മരിച്ച സംഭവത്തിൽ ഇടപെട്ട് ദേശീയ മനുഷ്യാവകാശ കമ്മീഷൻ. വിഷയവുമായി ബന്ധപ്പെട്ട് നാലാഴ്ചയ്ക്കകം വിശദമായ റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ തെലങ്കാന പോലീസ് കമ്മീഷണറോട് നിർദേശിച്ചു. തെലങ്കാന ഹൈക്കോടതിയിൽ അഡ്വക്കറ്റ് രാമ റാവു ഇമ്മനേനി സമർപ്പിച്ച പരാതി പരിഗണിച്ചാണ് നടപടി.
ബുധനാഴ്ചയാണ് ദേശീയ മനുഷ്യാവകാശ കമ്മീഷൻ രാമ റാവുവിന്റെ പരാതി ഏറ്റെടുത്തത്. പരാതിയുടെ ഒരു പകർപ്പ് ഹൈദരാബാദ് പോലീസ് കമ്മീഷണർക്ക് അയക്കാൻ കമ്മീഷൻ നിർദേശം നൽകി. ഉന്നത പോലീസ് ഉദ്യോഗസ്ഥൻ ആരോപണങ്ങൾ അന്വേഷിക്കുകയും ആവശ്യമായ നടപടി ഉറപ്പാക്കുകയും വേണം. എന്ത് നടപടി സ്വീകരിച്ചുവെന്ന് വിശദീകരിച്ചുകൊണ്ടുള്ള റിപ്പോർട്ട് നാല് ആഴ്ചയ്ക്കുള്ളിൽ സമർപ്പിക്കണമെന്നും അവർ ആവശ്യപ്പെട്ടു.
ഡിസംബർ നാലിന് പോലീസ് ഉദ്യോഗസ്ഥർ നടത്തിയ ലാത്തി ചാർജും അല്ലു അർജുന്റെ വരവിന് ആവശ്യമായ ക്രമീകരണങ്ങൾ പോലീസ് നടത്താത്തതുമാണ് രേവതിയുടെ മരണത്തിനും മകൻ ശ്രീതേജിന് ഗുരുതരമായി പരിക്കേൽക്കുന്നതിനും കാരണമായതെന്ന് രാമറാവു നൽകിയ പരാതിയിൽ ആരോപിക്കുന്നു. ദേശീയ മനുഷ്യാവകാശ കമ്മീഷൻ ഇടപെട്ട് പോലീസ് ഉദ്യോഗസ്ഥർക്കെതിരെ ആവശ്യമായ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.
ഹൈദരാബാദിലെ തെലങ്കാന സംസ്ഥാന മനുഷ്യാവകാശ കമ്മീഷനിൽ ചെയർമാൻ, അംഗങ്ങൾ എന്നിവരുടെ സ്ഥാനങ്ങൾ ഒഴിഞ്ഞുകിടക്കുകയാണ്. അതിനാലാണ് വിശദമായ റിപ്പോർട്ടിനായി ഹൈദരാബാദ് പോലീസ് കമ്മീഷണറോടും തെലങ്കാന ഡിജിപിയോടും മനുഷ്യാവകാശ കമ്മീഷൻ റിപ്പോർട്ട് തേടിയത്. നേരത്തേ പുഷ്പ 2-ന്റെ നിർമാതാക്കളായ മൈത്രി മൂവി മേക്കേഴ്സിന്റെ വൈ. രവിശങ്കർ, നവീൻ യെർനേനി എന്നിവരെ അറസ്റ്റ് ചെയ്യരുതെന്ന് തെലങ്കാന ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ജസ്റ്റിസ് കെ.സുജനയുടേതായിരുന്നു ഉത്തരവ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]