ബ്രിക്സ് രാജ്യങ്ങൾക്കുമേൽ 10% അധിക തീരുവ ചുമത്താനുള്ള യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നീക്കത്തിനെതിരെ ആഞ്ഞടിച്ച് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ. ഷാങ്ഹായ് സഹകരണ ഓർഗനൈസേഷന്റെ (എസ്സിഒ) ഉച്ചകോടിക്കായി ചൈനയിലെ ടിയാൻജിനിൽ എത്തിയ പുട്ടിൻ ഒരു ചൈനീസ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് യുഎസിനെതിരെ കടുത്ത ഭാഷയിൽ പ്രതികരിച്ചത്.
ബ്രിക്സ് രാജ്യങ്ങളുടെ സാമൂഹിക, സാമ്പത്തിക വികസനത്തിന് തടയിടാനുള്ള നീക്കങ്ങളെ ഒറ്റക്കെട്ടായി ചെറുക്കുമെന്ന് പുട്ടിൻ പറഞ്ഞു.
അകാരണമായി ഉപരോധങ്ങളും തീരുവയും ചുമത്തുന്നതിനെതിരെ ബ്രിക്സ് പൊതുനിലപാടെടുക്കും. ഒറ്റയ്ക്ക്, ലോക ശക്തിയായി മാറാനാണ് യുഎസിന്റെ ശ്രമം.
എന്നാൽ, എല്ലാ രാജ്യങ്ങൾക്കും ഒരുപോലെ കരുത്തും സ്വാധീനവും ഉറപ്പാക്കുകയാണ് (മൾട്ടിപോളാർ വേൾഡ് ഓർഡർ) ബ്രിക്സിന്റെ ദൗത്യമെന്നും പുട്ടിൻ പറഞ്ഞു.
ബ്രസീൽ, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക എന്നിവ സ്ഥാപക അംഗങ്ങളായുള്ള ബ്രിക്സിൽ സൗദി അറേബ്യ, യുഎഇ, ഇറാൻ, ഇത്യോപ്യ, ഈജിപ്റ്റ്, അർജന്റീന എന്നിവയും അംഗങ്ങളാണ്. ഷാങ്ഹായ് സഹകരണ ഓർഗനൈസേഷനും (എസ്സിഒ) ഒറ്റക്കെട്ടായി നിൽക്കുമെന്ന് പുട്ടിൻ വ്യക്തമാക്കി.
2001ൽ രൂപീകരിച്ച എസ്സിഒയിൽ ചൈന, റഷ്യ, കസാക്കിസ്ഥാൻ, കിർഗിസ്ഥാൻ, താജിക്കിസ്ഥാൻ, ഉസ്ബെക്കിസ്ഥാൻ എന്നിവയാണുണ്ടായിരുന്നത്. 2017ൽ ഇന്ത്യയും അംഗമായി.
ഇന്ത്യയ്ക്കും ചൈനയ്ക്കും റഷ്യയ്ക്കുമെതിരെ കനത്ത തീരുവയുൾപ്പെടെയുള്ള നടപടികളുമായി ട്രംപ് മുന്നോട്ടുപോകുമ്പോഴാണ്, ഈ മൂന്നു രാജ്യങ്ങളുടെയും നേതാക്കൾ ഒറ്റവേദിയിൽ ഒന്നിക്കുന്ന എസ്സിഒ ഉച്ചകോടിയെന്നത് ലോകശ്രദ്ധ നേടുകയാണ്.
ട്രംപിന്റെ കടുത്ത താരിഫ് നയങ്ങൾ ഇന്ത്യയെയും ചൈനയെയും കൂടുതൽ അടുപ്പിക്കുകയാണെന്ന വിലയിരുത്തൽ ശക്തമായി കഴിഞ്ഞു. ഇന്ത്യ, ചൈന, റഷ്യ കൂട്ടായ്മയും ബ്രിക്സും കൂടുതൽ കരുത്താർജിക്കുന്നത് ട്രംപിനെ അലോസരപ്പെടുത്തുകയും ചെയ്യും.
ലോക ജിഡിപിയുടെയും വ്യാപാരത്തിന്റെയും മുഖ്യപങ്കുവഹിക്കുന്ന രാജ്യങ്ങളാണ് ബ്രിക്സിലുള്ളത്.
ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായി ഇന്ന് കൂടിക്കാഴ്ച നടത്തിയ മോദി, വൈകാതെ പുട്ടിനുമായും ചർച്ച നടത്തും. റഷ്യൻ എണ്ണ ഇറക്കുമതി വിഷയത്തിൽ ഇന്ത്യയ്ക്കെതിരെ ട്രംപ് നിലപാട് കടുപ്പിക്കുന്നതിനിടെയാണ് മോദി-പുട്ടിൻ കൂടിക്കാഴ്ച.
റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാൻ ശ്രമിക്കുമെന്ന സൂചനയും ഇതിനിടെ ഇന്ത്യ നൽകിയിരുന്നു. മോദിയുമായി യുക്രെയ്ൻ നേതാവ് സെലെൻസ്കി കഴിഞ്ഞദിവസം സംസാരിച്ചിരുന്നു.
അതിർത്തി തർക്കങ്ങളൊക്കെ മാറ്റിവച്ച്, ഇന്ത്യയും ചൈനയും വീണ്ടും സാമ്പത്തികരംഗത്ത് കൈകോർക്കാനുള്ള നീക്കങ്ങൾക്കും എസ്സിഒ ഉച്ചകോടി വേദിയാവുകയാണ്.
ഇന്ത്യയും ചൈനയും പരസ്പര വിശ്വാസത്തോടെയും ബഹുമാനത്തോടെയും സഹകരിച്ച് മുന്നോട്ടുപോകുമെന്ന് ചൈനയിലെത്തിയ മോദി പറഞ്ഞതും ശ്രദ്ധേയമാണ്. ഇന്ത്യയിലേക്ക് വീണ്ടും ചൈനീസ് നിക്ഷേപങ്ങൾ വർധിപ്പിക്കുന്നതും ചർച്ചയായിട്ടുണ്ടെന്നാണ് സൂചനകൾ.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]