സ്വർണവില രാജ്യാന്തര വിപണിയുടെ ചുവടുപിടിച്ച് ഇന്നും കേരളത്തിൽ നേരിട്ടത് കനത്ത ഇടിവ്. വ്യാഴാഴ്ച 1,31,160 രൂപയെന്ന സർവകാല ഉയരത്തിലെത്തിയ പവൻ ഇന്നു രാവിലെയുള്ളത് 1,17,760 രൂപയിൽ.
രണ്ടുദിവസത്തിനിടെ 13,400 രൂപയുടെ ഇടിവ്. ഇന്നുമാത്രം പവന് 6,320 രൂപ താഴ്ന്നു.
790 രൂപ കുറഞ്ഞ് 14,720 രൂപയാണ് ഗ്രാം വില.
വ്യാഴാഴ്ച 5,594 ഡോളർ എന്ന എക്കാലത്തെയും ഉയരത്തിലേക്ക് കയറിയ രാജ്യാന്തര സ്വർണം ഇന്നലെയും ഇന്നുമായി 4,893 ഡോളറിലേക്ക് ഇടിഞ്ഞു. ഇതോടെയാണ് കേരളത്തിലും വില താഴ്ന്നിറങ്ങിയത്.
രാജ്യാന്തരവില ഒരുവേള 4,697 ഡോളർ വരെ താഴ്ന്നിരുന്നു. പിന്നീട് നില അൽപം മെച്ചപ്പെടുത്തി.
അല്ലായിരുന്നെങ്കിൽ ഇന്ന് കേരളത്തിൽ പവന് ഒറ്റയടിക്ക് 10,000 രൂപയോളം കുറയുമായിരുന്നു.
അദ്ഭുതക്കുതിപ്പും അമ്പരിപ്പിക്കുന്ന വീഴ്ചയും
വ്യാഴാഴ്ചത്തെ അദ്ഭുതക്കുതിപ്പിന്റെ പശ്ചാത്തലത്തിൽ കേരളത്തിൽ ഒറ്റപ്പവൻ ആഭരണം വാങ്ങാൻ പണിക്കൂലിയും (മിനിമം 10% പ്രകാരം) ജിഎസ്ടിയും (3%) ഹോൾമാർക്ക് ചാർജും (53.10 രൂപ) ചേർത്ത് 1.48 ലക്ഷം രൂപയെങ്കിലും വേണമായിരുന്നു. ഇന്ന് വില ഇടിഞ്ഞതോടെ വാങ്ങൽച്ചെലവ് 1.33 ലക്ഷം രൂപയായി കുറഞ്ഞിട്ടുണ്ട്.
അതായത്, വ്യാഴാഴ്ച സ്വർണം വാങ്ങിയവരേക്കാൾ പവന് 14,500 രൂപയോളം കുറച്ചുമതി ഇന്നു വാങ്ങാൻ.
യുഎസിന്റെ കേന്ദ്രബാങ്കായ ഫെഡറൽ റിസർവിന്റെ ചെയർമാനായി മുൻ ഗവർണർ കെവിൻ വാർഷ് എത്തുമെന്ന സൂചനകളായിരുന്നു ഇന്നലെ സ്വർണത്തെയും വെള്ളിയെയും വീഴ്ത്തിയത്. കെവിനെ അടുത്ത ചെയർമാനായി ട്രംപ് പ്രഖ്യാപിച്ചതിന് പിന്നാലെ സ്വർണവും വെള്ളിയും കൂടുതൽ നിലംപൊത്തുകയായിരുന്നു.
ആരാണ് ഈ കെവിൻ?
കെവിൻ വാർഷ് പൊതുവേ പണപ്പെരുപ്പം നിയന്ത്രിക്കാനും പലിശനിരക്ക് ഉയർന്നതലത്തിൽ നിലനിർത്താനും വാദിച്ചിരുന്നയാളാണ്.
എന്നാൽ, ഏതാനും നാളുകളായി പലിശനിരക്ക് കുറയ്ക്കണമെന്ന ട്രംപിന്റെ ആവശ്യത്തെയാണ് അദ്ദേഹം പിന്തുണയ്ക്കുന്നത്. എന്നാലും, കെവിൻ വാർഷ് വരുമ്പോൾ പണ്ടത്തെപ്പോലെ വീണ്ടും പലിശനയം കടുപ്പിക്കുമോ എന്ന ആശങ്ക വിപണിക്കും നിക്ഷേപക ലോകത്തിനുമുണ്ട്.
∙ പലിശനിരക്ക് കുറയുന്നതാണ് സ്വർണവിലയെ മേലോട്ട് നയിക്കുക.
∙ പലിശ കുറയുമ്പോൾ യുഎസ് ഗവൺമെന്റിന്റെ കടപ്പത്രം, യുഎസ് ബാങ്കുകളിലെ നിക്ഷേപം എന്നിവ അനാകർഷകമാകും.
ഇവയിലേക്കുള്ള നിക്ഷേപം കുറയും. ഇത് ഫലത്തിൽ ഡോളറിനെ ദുർബലമാക്കും.
∙ എന്നാൽ, വാർഷ് വരുമ്പോൾ മറിച്ചായേക്കാം സംഭവിക്കുന്നതെന്ന് വിപണി ഭയക്കുന്നു.
പലിശനിരക്ക് കുറയാനല്ല, കൂടാനാണ് സാധ്യതയെന്ന് കരുതുന്നവരുമുണ്ട്.
∙ ഇതോടെ, ഡോളർ കുതിപ്പ് തുടങ്ങി. സ്വർണനിക്ഷേപ പദ്ധതികളിൽ ലാഭമെടുപ്പും.
ഗോൾഡ്, സിൽവർ ഇടിഎഫുകൾ ഇന്ത്യയിൽ മാത്രം 10-24% ഇടിവു നേരിട്ടു. ഇതാണ് സ്വർണം, വെള്ളി വിലകൾ ഇടിയാനും കാരണം.
∙ ഡോളർ ശക്തമാകുമ്പോൾ സ്വർണം വാങ്ങൽച്ചെലവ് കൂടുമെന്നത് ഡിമാൻഡിനെ ബാധിക്കും.
ഇതും വിലയെ താഴേക്കുനയിച്ചു.
18 കാരറ്റും വെള്ളിയും
ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷന്റെ (എകെജിഎസ്എംഎ) നിർണയപ്രകാരം ഇന്ന് 18 കാരറ്റ് സ്വർണവില ഗ്രാമിന് രാവിലെ 670 രൂപ കുറഞ്ഞ് 12,155 രൂപയായി. വെള്ളിക്ക് ഒറ്റയടിക്ക് 45 രൂപ താഴ്ന്ന് 350 രൂപയും.
കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷന്റെ (കെജിഎസ്എംഎ) നിർണയപ്രകാരം 18 കാരറ്റ് സ്വർണവില ഗ്രാമിന് 645 രൂപ താഴ്ന്ന് 12,095 രൂപയാണ്. വെള്ളിക്ക് ഇവരും ഈടാക്കുന്നത് 350 രൂപ.
വില കൂടുതൽ താഴ്ചയിലേക്കോ?
നിലവിലെ ഫെഡ് ചെയർമാൻ ജെറോം പവലിന് 2026 മേയ് വരെ കാലാവധിയുണ്ട്.
തുടർന്നായിരിക്കും കെവിൻ ചുമതലയേൽക്കുക. കെവിൻ നേരത്തേ പണപ്പെരുപ്പം നിയന്ത്രിക്കാനായി പലിശനിരക്കിൽ കടുംപിടിത്തം തുടർന്നിരുന്നെങ്കിലും ഇപ്പോൾ പലിശകുറയ്ക്കണമെന്ന നിലപാടുള്ള ട്രംപിന്റെ പക്ഷത്താണ്.
എങ്കിലും, ചെയർമാനായ ശേഷമുള്ള കെവിന്റെ നിലപാടിലേക്കാണ് വിപണി ഉറ്റുനോക്കുന്നത്.
പലിശ കുറയ്ക്കേണ്ടെന്നാണ് തീരുമാനമെങ്കിൽ ട്രംപുമായി ഏറ്റമുട്ടലിന് വഴിതുറക്കും. നിലവിലെ ചെയർമാൻ ജെറോം പവലും ട്രംപും തമ്മിൽ പലിശയെച്ചൊല്ലി വാക്പോര് ശക്തമായിരുന്നു.
കെവിൻ അത്തരമൊരു സാഹചര്യം സൃഷ്ടിച്ചേക്കില്ല. അതുകൊണ്ടുതന്നെ, പലിശനിരക്ക് കുറയാനും അതുവഴി സ്വർണവില തിരിച്ചുകയറാനുമാണ് സാധ്യതയേറെ.
ഭൗമരാഷ്ട്രീയ സംഘർഷങ്ങളിൽ അയവുണ്ടായില്ലെങ്കിലും സ്വർണം മുന്നേറും.
മറിച്ച് ഇറാൻ-യുഎസ് ഭിന്നത മാറുകയും റഷ്യ-യുക്രെയ്ൻ വെടിനിർത്തൽ യാഥാർഥ്യമാവുകയും ചെയ്താൽ സ്വർണവില താഴും. ഗ്രീൻലൻഡ് വിഷയം, താരിഫ് യുദ്ധം എന്നിവ കെട്ടടങ്ങിയാലും സ്വർണവില താഴേക്കാകും നീങ്ങുക.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

