സംഘടിതമായി മുന്നോട്ടുപോയാൽ കേരളത്തിലും കൃഷി ലാഭകരമായി വിജയകരമായി മുന്നോട്ടു കൊണ്ടുപോകാൻ സാധിക്കുമെന്ന് തെളിയിക്കുകയാണ് 42 കർഷകർ ചേർന്നു രൂപീകരിച്ച ‘സമൃദ്ധി’ കർഷക കൂട്ടായ്മ. ഒരുലക്ഷം രൂപ വീതം ഓഹരിയെടുത്തു പതിനഞ്ചുപേർ പ്രെമോട്ടർമാരായി രൂപീകരിച്ച ഒരു ഫാർമർ പ്രോഡക്ൂർ കമ്പനിയാണ് (FPO/FPC) ഓണാട്ടുകര സമൃദ്ധി എഫ്പിഒ.
ബാക്കി അംഗങ്ങളെല്ലാം കർഷകരാണ്. ഇവർ 2,000 മുതൽ 10,000 രൂപ വരെയുള്ള ഓഹരികളാണ് ഈ സംരംഭത്തിനായി എടുത്തിട്ടുള്ളത്.
നിയമപരമായി കമ്പനിയായി റജിസ്റ്റർ ചെയ്തിട്ടുള്ള ഈ സ്ഥാപനത്തിൽ സർക്കാർ, സർക്കാേതര സർവീസുകളിൽനിന്നു വിരമിച്ചവരും സജീവ അംഗങ്ങളായുണ്ട്. വിവിധ തരത്തിലുള്ള കാർഷികവൃത്തികളാണ് സമൃദ്ധി എഫ്പിസി ഏറ്റെടുത്തു നടപ്പിലാക്കുന്നത്.
അഞ്ചേക്കർ സ്ഥലം 10 വർഷത്തേക്കു ലീസിനെടുത്താണ് സംഘം നേരിട്ട് കൃഷി പ്രവർത്തനങ്ങൾ നടത്തുന്നത്. വാഴ, കപ്പ, ചേന, ചേമ്പ്, പയർ, എള്ള്, ഇഞ്ചി, മഞ്ഞൾ എന്നിവയാണ് ഇവിടുത്തെ പ്രധാന വിളകൾ.
ചെയർമാൻ മോഹനചന്ദ്രരാജിന്റെ പത്നിയുടെ ഭൂമിയാണ് ഇവർ കൃഷിക്കായി ലീസിനു നൽകിയിരിക്കുന്നത്. ഇതൊരു സാമൂഹിക-കർഷക സേവനം എന്ന നിലയിലാണ് ചെയ്തുവരുന്നത്.
എള്ളുകൃഷിയും അതിൽനിന്നുത്പാദിപ്പിക്കുന്ന എള്ളെണ്ണയുമാണ് ഈ കൂട്ടായ്മ ഏറ്റവും കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന മേഖല. കേരളത്തിൽ എള്ളിന്റെ കൃഷി വളരെ കുറവായതിനാൽ തന്നെ ശുദ്ധമായ എള്ളെണ്ണയുടെ ലഭ്യതയും വിപണിയിൽ കുറവാണ്.
എന്നാൽ ഓണാട്ടുകര എള്ളിന് ജിഐ (ജോഗ്രഫിക്കൽ ഐഡൻഡിഫിക്കേഷൻ) പദവി ലഭിച്ചിട്ടുള്ളതിനാൽ ഇവർക്ക് മികച്ച വിപണിയും നല്ല ലാഭവും കണ്ടെത്താൻ സാധിക്കുന്നുണ്ട്. മൂല്യവർധനവിലൂടെ ഉറപ്പായ ലാഭം
കൂട്ടായ്മയിലെ കർഷകരുടെ കാർഷികവിളകളും എഫ്പിഒ നേരിട്ട് കൃഷി ചെയ്തെടുക്കുന്ന ഉൽപന്നങ്ങളും ശാസ്ത്രീയമായി സംസ്കരിച്ചു മൂല്യവർധിത ഉൽപന്നങ്ങളാക്കിയാണ് വിപണനം നടത്തുന്നത്.
അതിനാൽ തന്നെ കർഷകർക്ക് മികച്ച വില ഉറപ്പാക്കാനാകുന്നു. ഉൽപന്നങ്ങളിൽ എള്ളെണ്ണയ്ക്കാണ് വിപണിയിൽ ഒന്നാം സ്ഥാനം.
വെളിച്ചെണ്ണ, മഞ്ഞൾപ്പൊടി, ചുക്ക്, തവിട് ചേർന്ന അരി എന്നിവയാണ് മറ്റ് പ്രധാന ഉൽപന്നങ്ങൾ. 100%, 60%, 50% എന്നിങ്ങനെ വിവിധ അനുപാതത്തിലുള്ള തവിടു ചേർന്ന അരി ഇവിടെ ലഭ്യമാണ്.
സ്വന്തം കോപ്രയ്ക്കു പുറമെ പുറത്തുനിന്നു തേങ്ങ സംഭരിച്ചു കൊപ്രയാക്കിയും ഇവിടെ വെളിച്ചെണ്ണ നിർമിക്കുന്നുണ്ട്. പുറത്തുനിന്നു മുളക് ഒന്നിച്ചു വാങ്ങി കഴുകി ഉണക്കി പൊടിച്ച് ഉയർന്ന ഗുണനിലവാരത്തോടെ വിൽക്കുന്നതിനാൽ ഇതിന് വലിയ ഡിമാൻഡാണ് ഉള്ളത്.
ഇതിനുപുറമെ മികച്ച രീതിയിൽ മത്സ്യകൃഷിയും സംഘം നടത്തിവരുന്നുണ്ട്. കഴിഞ്ഞ വിളവെടുപ്പ് ഏറെ മികച്ചതായിരുന്നു എന്നാണ് മോഹനചന്ദ്രരാജ് വ്യക്തമാക്കുന്നത്.
കാർഷിക വിഭവങ്ങൾ കഴുകാനും ഉണക്കാനും പൊടിക്കാനും പാക്ക് ചെയ്യാനുമുള്ള ആധുനിക മെഷിനറികളും സ്ഥാപനത്തിലുണ്ട്. ലീസിനെടുത്ത സ്ഥലത്തു നിർമിച്ച പ്രത്യേക കെട്ടിടത്തിലാണ് ഈ പ്രവർത്തനങ്ങളെല്ലാം ഏകോപിപ്പിക്കുന്നത്.
സ്വന്തം സൂപ്പർമാർക്കറ്റ് സംവിധാനം
പല്ലാരിമംഗലത്തിനടുത്ത് സ്ഥാപനത്തിന് സ്വന്തമായി ഒരു മിനി സൂപ്പർമാർക്കറ്റ് പ്രവർത്തിക്കുന്നുണ്ട്. ഗുണനിലവാരമുള്ള ഉൽപന്നങ്ങൾക്ക് അർഹമായ വില നൽകണം എന്നതിനാൽ ഇവിടെ വില അൽപ്പം കൂടുതലാണ്.
എങ്കിലും അത് വിൽപ്പനയെ യാതൊരുവിധത്തിലും ബാധിക്കുന്നില്ല. നാട്ടിൽ ഉൽപാദിപ്പിക്കുന്ന ജൈവവിളകളാണ് എന്നത് ഈ ഷോപ്പിന് ഏറെ ജനപ്രീതിയും സ്വീകാര്യതയും നേടിക്കൊടുക്കുന്നുണ്ട്.
സമൃദ്ധിയുടെ സ്വന്തം ഉൽപന്നങ്ങൾക്കു പുറമെ മറ്റ് ഉപഭോക്തൃ ഉൽപന്നങ്ങളും ഇവിടെ ലഭ്യമാണ്. തിരഞ്ഞെടുത്ത ഏതാനും ചില ഷോപ്പുകൾ വഴിയും സമൃദ്ധിയുടെ ഉൽപന്നങ്ങൾ വിറ്റഴിക്കുന്നുണ്ട്.
സ്ഥാപനത്തിന്റെ ഷെയർ ഉടമകളാണ് പ്രധാനമായും ഈ ഷോപ്പുകളെ ബിസിനസിനായി ആശ്രയിക്കുന്നത്. ഇവിടെ പൂർണ്ണമായും നേരിട്ടുള്ള വിൽപനയാണ് നടക്കുന്നത്.
ഒരു കച്ചവടവും ക്രെഡിറ്റിൽ നൽകുന്നില്ല എന്നതാണ് മറ്റൊരു പ്രത്യേകത. ആകെ അഞ്ചുപേർ ജോലി ചെയ്യുന്ന ഈ സ്ഥാപനത്തിൽ സിഇഒ അജയകുമാർ ഉൽപാദന-വിതരണ-വിപണന സംവിധാനങ്ങൾ കാര്യക്ഷമമായി നിയന്ത്രിക്കുന്നു.
നിലനിൽപ്പിനായുള്ള ന്യായമായ ലാഭം
ലാഭക്കച്ചവടമല്ല ലക്ഷ്യം, മറിച്ച് കർഷകരുടെ സമഗ്രക്ഷേമമാണ്. എങ്കിലും സ്ഥാപനത്തിന്റെ തുടർച്ചയായ നിലനിൽപ്പിന് ചെറിയ ലാഭം കൂടിയേതീരൂ.
അതിനാൽ, ന്യായമായ ലാഭം മാത്രം എടുത്തുകൊണ്ട് കുറഞ്ഞവിലയിൽ മികച്ച സാധനങ്ങൾ നാട്ടുകാർക്ക് ലഭ്യമാക്കുന്നു. പ്രവർത്തനം തുടങ്ങി രണ്ടു വർഷം പിന്നിടുന്ന സ്ഥാപനത്തിൽ 3 മുതൽ 5 ലക്ഷം രൂപയുടെ വരെ പ്രതിമാസ കച്ചവടം നടക്കുന്നുണ്ട്.
ഇതുവരെ അംഗങ്ങൾക്ക് ലാഭവിഹിതം കൈമാറിയിട്ടില്ല. ‘ലാഭം പ്രതീക്ഷിച്ച് ഷെയർ എടുത്തവരല്ല ഇതിലുള്ളത്’ എന്ന് ചന്ദ്രമോഹൻ രാജ് പറയുന്നു.
ബാങ്ക് വായ്പ തിരിച്ചടവുൾപ്പെടെയുള്ള കാര്യങ്ങളെല്ലാം കൃത്യമായി നടക്കുന്നുണ്ട്. പ്രവർത്തന ലാഭത്തിൽ നിന്നും വളരെ ചെറിയ ഒരു തുക റിസർവ് ഫണ്ടായി മാറ്റിവെക്കുന്നുമുണ്ട്.
ഓൺലൈൻ വിപണിയിലേക്കും വിപുലീകരണം
13 ലക്ഷം രൂപ വായ്പയെടുത്താണ് സമൃദ്ധിയുടെ പ്രവർത്തനങ്ങൾ ആരംഭിച്ചത്. ഇതിൽ 35% സബ്സിഡിയും സംഘത്തിന് ലഭിച്ചിട്ടുണ്ട്.
ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ ഓഫീസ് വഴിയാണ് ഈ ആനുകൂല്യം നേടിയെടുത്തത്. ബ്ലോക്ക്, മുനിസിപ്പാലിറ്റി, കോർപറേഷൻ എന്നിവിടങ്ങളിലെ വ്യവസായ വികസന ഓഫീസർമാർക്കും ഈ പദ്ധതി പ്രകാരം അപേക്ഷ സമർപ്പിക്കാൻ സാധിക്കും.
കർഷകർക്കാവശ്യമായ ഗുണനിലവാരമുള്ള വിത്ത്, വളം, ജൈവകീടനാശിനി എന്നിവ ലഭ്യമാക്കുകയാണ് സംഘത്തിന്റെ അടുത്ത ലക്ഷ്യം. അത്യുൽപാദന ശേഷിയുള്ള വിത്തുകൾ കുറഞ്ഞ നിരക്കിൽ കർഷകരിലേക്ക് എത്തിക്കാനും ലക്ഷ്യമിടുന്നുണ്ട്.
ഓണാട്ടുകരയെ ഒരു പ്രമുഖ എള്ളുൽപാദന കേന്ദ്രമാക്കി മാറ്റിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ രംഗത്ത് പ്രത്യേക ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. ജൈവകാർഷിക വിഭവങ്ങളുടെയും കാർഷിക മൂല്യവർധക ഉൽപന്നങ്ങളുടെയും ഓൺലൈൻ വിപണി പരമാവധി ഉപയോഗപ്പെടുത്തി ഉൽപന്നങ്ങൾ കൂടുതൽ വ്യാപകമാക്കാനും ഇവർ ഉദ്ദേശിക്കുന്നുണ്ട്.
വായ്പയും സബ്സിഡിയും എഫ്പിഒ വഴി
നിലവിലെ സാഹചര്യത്തിൽ കർഷകരുടെ പുരോഗതിക്ക് ഏറ്റവും മികച്ച മാതൃകയാണ് ഫാർമർ പ്രൊഡ്യൂസർ കമ്പനികൾ. കുറഞ്ഞത് 10 കർഷകരുണ്ടെങ്കിൽ പുതിയ കമ്പനി രൂപീകരിക്കാം.
ഇതിൽ കുറഞ്ഞത് രണ്ടു ഉൽപാദക സ്ഥാപനങ്ങൾ അംഗങ്ങളാകേണ്ടതുണ്ട്. കൃഷി, പാൽ, മത്സ്യം, തേൻ, പച്ചകറി, പഴം, കൂൺ എന്നിവയിൽ ഒന്നോ അതിലധികമോ വിളകളെ ഉൾപ്പെടുത്തി ഇത് ചെയ്യാവുന്നതാണ്.
റജിസ്ട്രാർ ഓഫ് കമ്പനീസിന് (ആർഒസി) അപേക്ഷ സമർപ്പിച്ച് റജിസ്ട്രേഷൻ കരസ്ഥമാക്കാം. ഷെയർ തുക സംബന്ധിച്ച് കർശന നിബന്ധനകളൊന്നുമില്ല.
PMFME, SFAC, AIF തുടങ്ങിയ പദ്ധതികൾ വഴി സാമ്പത്തിക സഹായം ലഭിക്കും. ഭക്ഷ്യസംസ്കരണ സംരംഭങ്ങൾ ആരംഭിക്കാൻ എഫ്പിഒകൾക്ക് PMFME (Prime Ministers Scheme for Formalisation of Micro Food Processing Enterprises) പദ്ധതി പ്രകാരം പ്രത്യേക വായ്പയും ലഭ്യമാണ്.
മൊത്തത്തിൽ കാർഷിക മേഖലയുടെ പുരോഗതിക്കും നിലനിൽപ്പിനും ഇത്തരം കർഷക കൂട്ടായ്മകൾ ഏറെ ഗുണം ചെയ്യും. വിളകൾ ശാസ്ത്രീയമായി മൂല്യവർധിതമാക്കാനും ഉയർന്ന വരുമാനം സ്വന്തമാക്കാനും ഇതിലൂടെ സാധിക്കും.
അതോടൊപ്പം വിഷരഹിതവും മായം ചേർക്കാത്തതുമായ ശുദ്ധമായ ഭക്ഷണം പൊതുജനങ്ങൾക്കു ലഭിക്കുകയും ചെയ്യും. വിലാസം:
ചന്ദ്രമോഹൻ രാജ്, ഓണാട്ടുകര സമൃദ്ധി എഫ്പിസി, പല്ലാരിമംഗലം പി.ഒ., മാവേലിക്കര
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

