സ്വർണവില വീണ്ടും അനുദിനമുള്ള കുതിച്ചുകയറ്റം തുടങ്ങി. ലോകത്തെ ഏറ്റവും വലിയ സാമ്പത്തികശക്തിയായ അമേരിക്കയിൽ അടിസ്ഥാന പലിശനിരക്ക് കുറയാനുള്ള സാധ്യത വർധിച്ചതാണ് ഉത്തേജകം.
ഇന്ന് കേരളത്തിൽ പവൻവില ഒറ്റയടിക്ക് 1,000 രൂപ ഉയർന്ന് 95,200 രൂപയിലെത്തി. ഒക്ടോബർ 21ന് ശേഷം ആദ്യമായാണ് വീണ്ടും 95,000 തൊട്ടത്.
ഗ്രാം വില ഇന്ന് 125 രൂപ കൂടി 11,900 രൂപയായി.
നിലവിലെ ട്രെൻഡാണ് തുടരുന്നതെങ്കിൽ ഡിസംബറിൽ സ്വർണവില പുതിയ ഉയരം തൊടും. ഒരുപക്ഷേ, പവൻ ഒരുലക്ഷം രൂപയെന്ന നാഴികക്കല്ലും പിന്നിടുമെന്നാണ് വിപണിയുടെ വിലയിരുത്തൽ.
ഒക്ടോബർ 17ന് രേഖപ്പെടുത്തിയ ഗ്രാമിന് 12,170 രൂപയും പവന് 97,360 രൂപയുമാണ് നിലവിലെ റെക്കോർഡ്.
പുതിയ റെക്കോർഡിലേക്ക് പവനുള്ളത് 2,160 രൂപ മാത്രം അകലെ. കഴിഞ്ഞ 5 ദിവസത്തിനിടെ പവന് 3,440 രൂപയും ഗ്രാമിന് 430 രൂപയും കൂടിയിരുന്നു.
അതായത്, പുത്തനുയരം തൊടാൻ ഏറെക്കാലത്തിന്റെ ആവശ്യമില്ലെന്ന് വിപണി നിരീക്ഷകർ വിലയിരുത്തുന്നു.
എന്തുകൊണ്ട് വീണ്ടും സ്വർണക്കുതിപ്പ്?
യുഎസിൽ അടിസ്ഥാന പലിശനിരക്ക് കുറഞ്ഞാൽ സ്വർണവില കുതിച്ചുകയറും. കാരണം, പലിശനിരക്ക് കുറയുന്നത് യുഎസിൽ ബാങ്ക് നിക്ഷേപങ്ങൾ, ഗവൺമെന്റ് കടപ്പത്രം എന്നിവയെ ആനാകർഷകമാക്കും.
നിക്ഷേപകർ ഇവയെ കൈവിട്ട് മികച്ച നേട്ടം കിട്ടുന്ന ഗോൾഡ് ഇടിഎഫ് പോലുള്ള നിക്ഷേപങ്ങളിലേക്ക് മാറും. ഇത് ഡോളറിനെയും തളർത്തും.
രാജ്യാന്തര സ്വർണ വ്യാപാരം നടക്കുന്നത് ഡോളറിലാണെന്നിരിക്കേ, ഡോളർ തളരുന്നത് സ്വർണത്തിന്റെ വാങ്ങൽതാൽപ്പര്യം കൂടാനിടയാക്കും. ഫലത്തിൽ സ്വർണവില ഉയരും.
∙ യൂറോ, യെൻ, പൗണ്ട് തുടങ്ങി ലോകത്തെ 6 പ്രധാന കറൻസികൾക്കെതിരായ യുഎസ് ഡോളർ ഇൻഡക്സ് 100ന് മുകളിൽനിന്ന് ഇപ്പോഴേ 99.48ലേക്ക് ഇടിഞ്ഞു.
∙ യുഎസ് ഗവൺമെന്റിന്റെ 10-വർഷ ട്രഷറി യീൽഡ് 4.036ൽ നിന്ന് 4.018 ശതമാനത്തിലേക്കും താഴ്ന്നു.
രാജ്യാന്തര വിലയിൽ വൻ കുതിപ്പ്
രാജ്യാന്തര സ്വർണവിലയുടെ കുതിപ്പാണ് കേരളത്തിലെ വിലയും കൂടാനിടയാക്കുന്നത്.
ഒരുവേള ഔൺസിന് 4,108 ഡോളറായിരുന്ന വില 4,241 ഡോളർ വരെ ഉയർന്നു. നിലവിൽ വ്യാപാരം പുരോഗമിക്കുന്നത് 4,219 ഡോളറിൽ.
ഈ വിലയിറക്കം ഇല്ലായിരുന്നെങ്കിൽ ഇന്നു കേരളത്തിൽ സ്വർണവില ഇതിലുമധികം കൂടുമായിരുന്നു.
വെള്ളിക്ക് റെക്കോർഡ് തേരോട്ടം
രാജ്യാന്തര വിപണിയിൽ വെള്ളിവില ഔൺസിന് 56.78 ഡോളർ എന്ന സർവകാല ഉയരത്തിലെത്തി. സ്വർണ ഇടിഎഫിന് കിട്ടുന്ന ‘സുരക്ഷിത നിക്ഷേപം’ (സേഫ്-ഹാവൻ) എന്ന പെരുമ വെള്ളി ഇടിഎഫുകൾക്കും കിട്ടുന്നത് വിലക്കുതിപ്പിന് വളമായി.
പുറമേ സോളർ, ഇലക്ട്രിക് വാഹന നിർമാണം, നാണയ നിർമാണം തുടങ്ങിയ വ്യാവസായിക മേഖലകളിൽ നിന്നുള്ള ഡിമാൻഡ് വർധിച്ചതും ഡിമാൻഡിനൊത്തുള്ള ലഭ്യത ഇല്ലാത്തതും വെള്ളിക്ക് ആവേശമാകുന്നു. ∙ കേരളത്തിൽ വെള്ളിവില ഇന്ന് ചില ജ്വല്ലറികളിൽ ഗ്രാമിന് 7 രൂപ ഉയർന്ന് 183 രൂപയായി.
മറ്റു ചില ജ്വല്ലറികളിൽ വില 7 രൂപ ഉയർന്ന് 180 രൂപ.
∙ ഗ്രാമിന് 100 രൂപ വർധിച്ച് 9,845 രൂപയാണ് 18 കാരറ്റ് സ്വർണത്തിന് വില. ചില ജ്വല്ലറികൾ നിശ്ചയിച്ച വില ഗ്രാമിന് 100 രൂപ കൂട്ടി 9,785 രൂപ.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

