ഉപരിപഠനത്തിനും തൊഴിൽ തേടിയും വിദേശത്തേക്ക് യാത്ര തിരിക്കുന്ന യുവതീ-യുവക്കളുടെ എണ്ണം ദിനംപ്രതി വർധിച്ചുകൊണ്ടിരിക്കുകയാണ്. ഡിജിറ്റൽ കാലഘട്ടത്തിൽ ജീവിക്കുന്ന പുതിയ തലമുറയ്ക്ക് പുതിയ രാജ്യങ്ങളിലെ ജീവിതരീതികളുമായി ഇണങ്ങിചേരാൻ എളുപ്പമാണെങ്കിലും, സ്വന്തമായി ധനകാര്യങ്ങൾ കൈകാര്യം ചെയ്യേണ്ടി വരുന്നത് ഭൂരിഭാഗം പേർക്കും വലിയൊരു വെല്ലുവിളിയാണ്.
മാതാപിതാക്കളുടെ സംരക്ഷണത്തിൽനിന്ന് മാറി വിദേശത്ത് സ്വന്തം വരുമാനം കൊണ്ടോ പോക്കറ്റ് മണി കൊണ്ടോ പാർട്ട് ടൈം ജോലികൾ വഴിയുള്ള സമ്പാദ്യം കൊണ്ടോ ജീവിക്കുമ്പോൾ കൃത്യമായ മുൻകരുതലുകൾ അത്യാവശ്യമാണ്. ഒരു ഇന്ത്യൻ വിദ്യാർത്ഥി പ്രവാസി പൗരനായി മാറുമ്പോൾ സാമ്പത്തിക ഇടപാടുകൾ എങ്ങനെ കാര്യക്ഷമമായി കൈകാര്യം ചെയ്യാം എന്ന് പരിശോധിക്കാം.
1. നാട്ടിൽ ചെയ്യേണ്ട
മുൻകരുതലുകൾ
വിദേശത്ത് എത്തിക്കഴിഞ്ഞാൽ പണമിടപാടുകൾ സുഗമമാക്കാൻ നാട്ടിൽ വെച്ചുതന്നെ ചില തയാറെടുപ്പുകൾ നടത്തേണ്ടതുണ്ട്. * മൾട്ടി-കറൻസി ഫോറെക്സ് കാർഡ്
വിദേശരാജ്യങ്ങളിൽ പുതിയ ബാങ്ക് അക്കൗണ്ട് ലഭിക്കാൻ ചിലപ്പോൾ ദിവസങ്ങളോ ആഴ്ചകളോ കാത്തിരിക്കേണ്ടി വന്നേക്കാം.
ആ കാലയളവിൽ അത്യാവശ്യ ചെലവുകൾക്കായി ഉപയോഗിക്കാൻ ഏറ്റവും സുരക്ഷിതമായ മാർഗ്ഗം ഫോറെക്സ് കാർഡുകളാണ്. ഇന്ത്യയിലെ പ്രമുഖ പൊതു-സ്വകാര്യ ബാങ്കുകൾ ഇത്തരം സേവനങ്ങൾ നൽകുന്നുണ്ട്.
* ഫോറെക്സ് കാർഡുകളുടെ നേട്ടങ്ങൾ
നാട്ടിലെ സാധാരണ ഡെബിറ്റ് അല്ലെങ്കിൽ ക്രെഡിറ്റ് കാർഡുകൾ വിദേശത്ത് ഉപയോഗിക്കുമ്പോൾ ഓരോ ഇടപാടിനും മാർക്ക്-അപ്പ് ഫീസും കറൻസി മാറ്റത്തിനുള്ള ചാർജും നൽകേണ്ടി വരും. എന്നാൽ ഫോറെക്സ് കാർഡുകൾ വഴി ഈ അധിക ചെലവുകൾ ഒഴിവാക്കാം.
ഇതിൽ ആവശ്യാനുസരണം വിവിധ വിദേശ കറൻസികൾ മുൻകൂട്ടി ലോഡ് ചെയ്യാൻ സാധിക്കും. അതിനാൽ വിനിമയ നിരക്കിലെ കയറ്റിറക്കങ്ങൾ മൂലമുള്ള നഷ്ടവും ഒഴിവാക്കാം.
* റെസിഡന്റ് അക്കൗണ്ട് സ്റ്റാറ്റസ് മാറ്റുക
വിദേശത്തേക്ക് കുടിയേറുമ്പോൾ ഫോറിൻ എക്സ്ചേഞ്ച് മാനേജ്മെന്റ് ആക്ട് (FEMA) നിയമപ്രകാരം ഇന്ത്യയിലെ നിങ്ങളുടെ സാധാരണ സേവിങ്സ് അക്കൗണ്ടുകൾ അതേപടി നിലനിർത്താൻ സാധിക്കില്ല. അവ റെസിഡന്റ് സ്റ്റാറ്റസിൽ നിന്ന് എൻആർഐ (NRI) സ്റ്റാറ്റസിലേക്ക് മാറ്റേണ്ടതുണ്ട്.
* രണ്ടുതരം ബാങ്ക് അക്കൗണ്ടുകൾ
പ്രവാസിയായിക്കഴിഞ്ഞാൽ നാട്ടിലെ ബാങ്കിങ് ഇടപാടുകൾക്കായി പ്രധാനമായും രണ്ടുതരം അക്കൗണ്ടുകളാണുള്ളത്. പഠിക്കുന്ന രാജ്യത്ത് പാർട്ട് ടൈം ജോലി ചെയ്ത് ഇന്ത്യയിലേക്ക് പണം അയക്കാൻ ആഗ്രഹിക്കുന്നവർ എൻആർഇ (NRE) അക്കൗണ്ട് ഉപയോഗിക്കുന്നതാണ് കൂടുതൽ പ്രയോജനപ്രദം.
2. വിദേശത്ത് ചെയ്യേണ്ട
കാര്യങ്ങൾ
പുതിയ ചുറ്റുപാടുകളുമായി ഇണങ്ങുന്നതോടൊപ്പം അവിടത്തെ സാമ്പത്തിക കാര്യങ്ങൾ കൃത്യമായി ക്രമീകരിക്കാനും തുടക്കത്തിലേ ശ്രദ്ധിക്കണം. * ലോക്കൽ സ്റ്റുഡന്റ് ബാങ്ക് അക്കൗണ്ട്
യൂണിവേഴ്സിറ്റി നൽകിയ തിരിച്ചറിയൽ രേഖയോ വിസയോ ഉപയോഗിച്ച് അവിടുത്തെ പ്രാദേശിക ബാങ്കുകളിൽ ‘സ്റ്റുഡന്റ് അക്കൗണ്ട്’ ആരംഭിക്കുക.
മിക്ക വിദേശ ബാങ്കുകളും വിദ്യാർത്ഥികൾക്കായി പ്രതിമാസ മെയിന്റനൻസ് ഫീസ് ഈടാക്കാറില്ല. കോൺടാക്റ്റ്ലെസ് പേയ്മെന്റുകൾക്കായി ഇത് ആപ്പിൾ പേ, ഗൂഗിൾ പേ തുടങ്ങിയ ഡിജിറ്റൽ വാലറ്റുകളുമായി ബന്ധിപ്പിക്കാം.
* നിയോ ബാങ്കുകളും ഡിജിറ്റൽ ആപ്പുകളും
പരമ്പരാഗത ബാങ്ക് സംവിധാനങ്ങളെക്കാൾ ഇന്നത്തെ തലമുറ കൂടുതൽ താല്പര്യപ്പെടുന്നത് നിയോ ബാങ്കുകളെയാണ്. സുഹൃത്തുക്കൾക്കിടയിൽ ബില്ലുകൾ പങ്കിടാനും (Split) അന്താരാഷ്ട്ര പണമിടപാടുകൾ കുറഞ്ഞ ചെലവിൽ നടത്താനും ഇവ ഏറെ സഹായകരമാണ്.
* ഇന്റർനാഷനൽ മണി ട്രാൻസ്ഫർ
നാട്ടിൽ നിന്ന് ഫീസ് അയക്കാനും, പാർട്ട്-ടൈം ജോലിയിലൂടെ ലഭിക്കുന്ന വരുമാനം നാട്ടിലേക്ക് അയക്കാനും പരമ്പരാഗത ബാങ്ക് വഴിയുള്ള ട്രാൻസ്ഫറുകളെക്കാൾ ലാഭകരമായത് Wise, Remitly പോലുള്ള ഡിജിറ്റൽ പ്ലാറ്റ്ഫോമുകളാണ്. ബാങ്കുകളെ അപേക്ഷിച്ച് മികച്ച എക്സ്ചേഞ്ച് റേറ്റും കുറഞ്ഞ സർവീസ് ചാർജുമാണ് ഇവർ വാഗ്ദാനം ചെയ്യുന്നത്.
3. സ്മാർട്ട് നിക്ഷേപ തന്ത്രങ്ങൾ പഠനകാലത്ത് ചെറിയ തുകകൾ മാറ്റിവെച്ച് നിക്ഷേപ ശീലം വളർത്തിയാൽ അത് ഭാവിയിൽ വലിയ സാമ്പത്തിക സ്വാതന്ത്ര്യം നൽകും.
നിക്ഷേപങ്ങൾ ആരംഭിക്കുമ്പോൾ താഴെ പറയുന്നവ ശ്രദ്ധിക്കുക:
* എമർജൻസി ഫണ്ട്
പാർട്ട് ടൈം വരുമാനത്തിൽ നിന്ന് അടിയന്തര ചികിത്സാ ആവശ്യങ്ങൾക്കോ മറ്റ് പെട്ടെന്നുള്ള ചെലവുകൾക്കോ വേണ്ടി കുറഞ്ഞത് 3 മാസത്തെ ജീവിതച്ചെലവ് തുക പ്രത്യേക അക്കൗണ്ടിൽ മാറ്റി വെക്കണം. * സ്റ്റെപ്പ് അപ്പ് എസ്ഐപി
എൻആർഇ അക്കൗണ്ട് വഴി ഇന്ത്യൻ മ്യൂച്വൽ ഫണ്ടുകളിൽ ചെറിയ തുകകൾ പ്രതിമാസം നിക്ഷേപിക്കാം.
വരുമാനം വർദ്ധിക്കുന്നതിനനുസരിച്ച് നിക്ഷേപവും ഉയർത്തുന്ന ‘സ്റ്റെപ്പ് അപ്പ് എസ്ഐപി’ രീതി പിന്തുടർന്നാൽ ദീർഘകാലാടിസ്ഥാനത്തിൽ കോമ്പൗണ്ടിംഗിന്റെ വലിയ നേട്ടങ്ങൾ സ്വന്തമാക്കാം. * ആഗോള നിക്ഷേപങ്ങൾ
കൂടുതൽ വരുമാനമുള്ളവർക്ക് ഇന്ത്യയുടെ രാജ്യാന്തര ഫിനാൻഷ്യൽ ഹബ്ബായ ഗിഫ്റ്റ് സിറ്റി (GIFT City) വഴി മ്യൂച്വൽ ഫണ്ടുകളിലും ബോണ്ടുകളിലും നിക്ഷേപങ്ങൾ പരീക്ഷിക്കാവുന്നതാണ്.
ഇത് പോർട്ട്ഫോളിയോയുടെ വൈവിധ്യവൽക്കരണം ഉറപ്പാക്കാനും നികുതി ലാഭിച്ചുകൊണ്ട് മികച്ച മേഖലകളിൽ നിക്ഷേപിക്കാനും സഹായിക്കും. 4.
വിദ്യാഭ്യാസ വായ്പ എടുത്തവർ ശ്രദ്ധിക്കാൻ വിദേശപഠനത്തിനായി ലോൺ എടുത്തവർ തിരിച്ചടവിനെക്കുറിച്ച് കൃത്യമായ ഒരു പ്ലാൻ തയാറാക്കണം. പഠനകാലത്ത് തിരിച്ചടവിന് ബാങ്കുകൾ ഇളവ് (Moratorium Period) അനുവദിക്കുമെങ്കിലും ആ സമയത്തും പലിശ അടക്കേണ്ടതുണ്ട്.
ആ പലിശ മാതാപിതാക്കൾ അടച്ചു തീർത്താൽ പിന്നീടുള്ള ഇഎംഐ (EMI) തുകയിൽ വലിയ കുറവുണ്ടാകും. പാർട്ട് ടൈം ജോലിയിലൂടെ വരുമാനം കണ്ടെത്താൻ കഴിഞ്ഞാൽ ലോൺ വേഗത്തിൽ തിരിച്ചടയ്ക്കാൻ സാധിക്കും.
മിക്ക വിദേശ കറൻസികളുടെയും മൂല്യം ഇന്ത്യൻ രൂപയേക്കാൾ കൂടുതലായതിനാൽ, അവിടെ മിച്ചം പിടിക്കുന്ന ചെറിയ തുക നാട്ടിലേക്ക് അയച്ചാൽ പോലും ലോണിന്റെ വലിയൊരു ഭാഗം മുൻകൂട്ടി അടച്ചു തീർക്കാം. ദീർഘകാല കാലാവധിയുള്ള വായ്പകൾ ഇത്തരത്തിൽ നേരത്തെ ക്ലോസ് ചെയ്താൽ വലിയ സാമ്പത്തിക ബാധ്യതകളിൽ നിന്ന് രക്ഷനേടാം.
* നികുതി നിയമങ്ങൾ അറിഞ്ഞിരിക്കുക
താമസിക്കുന്ന രാജ്യത്തെ ടാക്സ് നിയമങ്ങളും, ഇന്ത്യയുമായുള്ള DTAA (Double Taxation Avoidance Agreement) കരാറിനെക്കുറിച്ചും കൃത്യമായ ധാരണ ഉണ്ടാക്കിയാൽ അധിക നികുതി നൽകുന്നത് ഒഴിവാക്കാൻ സാധിക്കും. * ഒഴിവാക്കേണ്ട
പിഴവുകൾ
വിദേശത്ത് ക്രെഡിറ്റ് സ്കോറിന് വലിയ പ്രാധാന്യമുണ്ട്. എന്നാൽ അത് മെച്ചപ്പെടുത്താൻ ശ്രമിക്കുമ്പോൾ അമിതമായി ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് കടക്കെണിയിൽ ചെന്നു ചാടാതിരിക്കാൻ ശ്രദ്ധിക്കുക.
കൃത്യസമയത്ത് പ്രതിമാസ ബില്ലുകൾ അടച്ചു തീർക്കണം. ഓൺലൈൻ ഷോപ്പിംഗിൽ പണമില്ലാത്ത അവസ്ഥയിൽ ‘Buy Now, Pay Later’ രീതി അന്ധമായി പിന്തുടർന്നാൽ മാസ ബജറ്റ് പൂർണ്ണമായും താളം തെറ്റും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

