കോഴിക്കോട് ജില്ലയിൽ സഹകരണ മേഖലയുടെ നേതൃത്വത്തിൽ ആരംഭിക്കാൻ ലക്ഷ്യമിടുന്ന കോ-എയർ വിമാന സർവീസ് പദ്ധതി യാഥാർത്ഥ്യത്തിലേക്ക് അടുത്തുകൊണ്ടിരിക്കുന്നു. ഇതിന്റെ ഭാഗമായി പുതിയ സഹകരണ സംഘത്തിന്റെ റജിസ്ട്രേഷൻ നടപടികൾ വരുന്ന 31-ാം തീയതി നടക്കുമെന്ന് അധികൃതർ അറിയിച്ചു.
അടുത്ത വർഷം ഏപ്രിലോടെ സർവീസുകൾ ആരംഭിക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സഹകരണ മേഖലയിൽ നിന്ന് ഫണ്ട് സമാഹരിച്ച് വിമാനങ്ങൾ വാടകയ്ക്കെടുത്ത് സർവീസ് നടത്താനാണ് ആദ്യഘട്ടത്തിൽ പദ്ധയിട്ടിരിക്കുന്നത്.
പദ്ധതിയുടെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന എംവിആർ കാൻസർ സെന്റർ ചെയർമാനും പ്രമുഖ സഹകാരിയുമായ സി.എൻ.വിജയകൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘം, മുഖ്യമന്ത്രി വി.ഡി.സതീശനെയും കേന്ദ്ര വ്യോമയാന മന്ത്രി റാം മോഹൻ നായിഡുവിനെയും നേരിട്ടു കണ്ട് ചർച്ചകൾ നടത്തിയിരുന്നു. സംസ്ഥാന സർക്കാരിന്റെ ഭാഗത്തുനിന്നും അനുകൂല സമീപനം ഉണ്ടായതിനെ തുടർന്നാണ് പദ്ധതിയുടെ റജിസ്ട്രേഷൻ നടപടികൾ വേഗത്തിലാക്കിയത്.
സഹകരണ സംഘത്തിന്റെ റജിസ്ട്രേഷൻ നടപടികൾ പൂർത്തിയായ ഉടൻ തന്നെ ഇതിന്റെ കീഴിൽ ഒരു പബ്ലിക് ലിമിറ്റഡ് കമ്പനി രൂപീകരിക്കാനാണ് തീരുമാനം. ഇതിൽ 55 ശതമാനം ഓഹരികൾ സഹകരണ സംഘത്തിന്റെ കൈവശമായിരിക്കും.
ബാക്കി ഓഹരികൾ പൊതുജനങ്ങളിൽ നിന്ന് സമാഹരിക്കാനാണ് ലക്ഷ്യമിടുന്നത്. ആദ്യ ഘട്ടത്തിൽ 2 വിമാനങ്ങൾ വാടകയ്ക്കെടുത്ത് കേരളത്തിനകത്തും, ബെംഗളൂരു, കോയമ്പത്തൂർ, മംഗളൂരു, ചെന്നൈ, മധുര തുടങ്ങിയ പ്രധാന നഗരങ്ങളിലേക്കും സർവീസുകൾ നടത്താനാണ് ആലോചനയിലുള്ളത്.
കൂടാതെ, ഒരു ഏവിയേഷൻ ഇൻസ്റ്റിറ്റ്യൂട്ട് ആരംഭിക്കുന്നതു സംബന്ധിച്ചും പദ്ധതിയുടെ പരിഗണനയിലുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

