
ശ്രീലങ്കൻ തലസ്ഥാനമായ കൊളംബോയിൽ രാജ്യാന്തര കപ്പൽപ്പാതയോട് തൊട്ടുചേർന്നുള്ള തന്ത്രപ്രധാന കപ്പൽശാലയുടെ നിയന്ത്രണം സ്വന്തമാക്കി ഇന്ത്യയുടെ കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ മാസഗോൺ ഡോക്ക് ഷിപ്പ്ബിൽഡേഴ്സ്. കൊളംബോ തുറമുഖത്തോട് ചേർന്നുള്ള കൊളംബോ ഡോക്ക് യാഡിന്റെ 51% ഓഹരികൾ (നിയന്ത്രണാവകാശം) 455 കോടി രൂപയ്ക്ക് (52.96 മില്യൻ ഡോളർ) വാങ്ങാനാണ് ധാരണയായതെന്ന് മാസഗോൺ വ്യക്തമാക്കി.
ശ്രീലങ്കയിലും ഇന്ത്യൻ മഹാസമുദ്രമേഖലയിലും സ്വാധീനം ശക്തമാക്കാൻ ശ്രമിക്കുന്ന ചൈനയ്ക്ക് വൻ തിരിച്ചടിയാണ് ഇന്ത്യയുടെ ഈ നീക്കം. ജാപ്പനീസ് കമ്പനിയായ ഒനോമിചി ഡോക്ക് യാഡിൽ നിന്നാണ് ഓഹരികൾ മാസഗോൺ വാങ്ങുന്നത്.
സാമ്പത്തിക പ്രതിസന്ധിയിലൂടെ നീങ്ങുന്ന കൊളംബോ ഡോക്ക് യാഡിനെ കരകയറ്റാനുള്ള ശ്രമത്തിലായിരുന്നു ശ്രീലങ്കൻ സർക്കാർ. ശ്രീലങ്കയിലെ ഏറ്റവും വലിയ കപ്പൽശാലയാണിത്.
കപ്പൽശാലയെ സാമ്പത്തികമായി കരകയറ്റാൻ ജപ്പാന്റെ സഹായം തേടിയെങ്കിലും ഫലമുണ്ടായില്ല. തുടർന്നാണ് ഇന്ത്യയെ സമീപിച്ചതും ഓഹരികൾ വാങ്ങാൻ മാസഗോണുമായി ധാരണയായതും.
ഏറെ തിരക്കുള്ള രാജ്യാന്തര കപ്പൽപ്പാതയോട് ചേർന്നാണ് കൊളംബോ ഡോക്ക് യാഡിന്റെ സ്ഥാനം. മാസഗോണിന്റെ നിയന്ത്രണത്തിൽ കപ്പൽശാല സാമ്പത്തികമായി മെച്ചപ്പെടുക മാത്രമല്ല, ദക്ഷിണേഷ്യയിലെ ഏറ്റവും പ്രധാന കപ്പൽ നിർമാണ, അറ്റകുറ്റപ്പണിശാലയായി മാറ്റാനാകുമെന്നുമാണ് ശ്രീലങ്കയുടെ പ്രതീക്ഷ.
വിദേശത്തേക്കുള്ള മാസഗോണിന്റെ ആദ്യ ചുവടുവയ്പ്പുമാണിതെന്ന പ്രത്യേകതയുണ്ട്. രാജ്യാന്തരതലത്തിൽ തന്നെ ശ്രദ്ധനേടാൻ ഈ നീക്കം സഹായിക്കുമെന്ന് മാസഗോണും പ്രതീക്ഷിക്കുന്നു.
ഓഹരി കൈമാറ്റ ഇടപാട് പൂർത്തിയാകുന്നതോടെ കൊളംബോ ഡോക്ക് യാഡ് മാസഗോണിന്റെ ഉപസ്ഥാപനമായി മാറും. പ്രവർത്തനരംഗത്ത് അരനൂറ്റാണ്ടിന്റെ ചരിത്രമുള്ള കൊളംബോ ഡോക്ക് യാഡ് ഇതിനകം നിരവധി വെസ്സലുകൾ, ടാങ്കറുകൾ, പട്രോളിങ് ബോട്ടുകൾ തുടങ്ങിയവ നിർമിച്ച് ഇന്ത്യ, ജപ്പാൻ, നോർവേ, ഫ്രാൻസ്, ആഫ്രിക്ക, യുഎഇ എന്നിവിടങ്ങളിലേക്ക് കയറ്റുമതിയും ചെയ്തിട്ടുണ്ട്. 4 ഡ്രൈഡോക്കുകളുള്ള കപ്പൽശാലയ്ക്ക് നിലവിൽ 2,500 കോടിയിലേറെ രൂപയുടെ ഓർഡറുകളും കൈവശമുണ്ട്.
മുംബൈ ആസ്ഥാനമായ കേന്ദ്ര പൊതുമേഖലാ പ്രതിരോധക്കമ്പനിയാണ് മാസഗോൺ. കൊളംബോ ഡോക്ക് യാഡിനെ ഏറ്റെടുക്കാനുള്ള നടപടികൾ 6 മാസത്തിനകം പൂർത്തിയാകും.
ശ്രീലങ്കൻ സ്റ്റോക്ക് എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്ത കമ്പനിയാണിത്. 2024ൽ കമ്പനി ഏകദേശം 70 കോടി രൂപയുടെ നഷ്ടം നേരിട്ടിരുന്നു.
മാസഗോൺ ഡോക്ക് ഷിപ്പ്ബിൽഡേഴ്സ് ഓഹരികൾ വെള്ളിയാഴ്ച വ്യാപാരം അവസാനിപ്പിച്ചത് 2.12% നേട്ടത്തോടെ 3,188 രൂപയിലാണ്. കഴിഞ്ഞ മേയ് 29ലെ 3,775 രൂപയാണ് 52-ആഴ്ചത്തെ ഉയരം.
52-ആഴ്ചത്തെ താഴ്ച കഴിഞ്ഞ ഫെബ്രുവരി 19ലെ 1,918.05 രൂപയും. 1.28 ലക്ഷം കോടി രൂപ വിപണിമൂല്യമുള്ള കമ്പനിയുടെ ഓഹരികൾ കഴിഞ്ഞ ഒരുവർഷത്തിനിടെ 48% ഉയർന്നിട്ടുണ്ട്.
എന്നാൽ കഴിഞ്ഞ ഒരുമാസത്തിനിടെ, അതായത് മേയ് 29ലെ റെക്കോർഡിൽ നിന്ന് 15% താഴുകയും ചെയ്തു. ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്: manoramaonline.com/business (Disclaimer: ഈ ലേഖനം ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട്/ക്രിപ്റ്റോകറൻസി മുതലായവ വാങ്ങാനോ വില്ക്കാനോ ഉള്ള നിര്ദേശമോ ഉപദേശമോ അല്ല.
ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട് മുതലായ നിക്ഷേപങ്ങൾ വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്. നിക്ഷേപം നടത്തുന്നതിന് മുമ്പ് നിങ്ങള് സ്വയം പഠനങ്ങൾ നടത്തുകയോ ഒരു വിദഗ്ധന്റെ ഉപദേശം തേടുകയോ ചെയ്യുക)
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]