ഹോർമുസ് തുറക്കുന്നത് സംബന്ധിച്ച് ഇറാൻ മുന്നോട്ടുവച്ച പുതിയ നിർദേശങ്ങൾ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് തള്ളി. ഇതോടെ ഇന്നും ആഗോളതലത്തിൽ ഓഹരി, സ്വർണം, ക്രൂഡ് ഓയിൽ വിപണികളുടെ ‘ദിശ’ തുലാസിലായി.
പ്രശ്നം അവസാനിപ്പിക്കാനുള്ള പരിഹാരം നീളുന്നത് വിപണികളെ ഉലയ്ക്കുന്നു. ഇറാനിലേക്കും തിരിച്ചുമുള്ള കപ്പലുകളെ ഉപരോധിക്കുന്നത് യുഎസ് അവസാനിപ്പിച്ചാൽ ഹോർമുസ് കടലിടുക്ക് തുറക്കുന്നത് ഇറാനും പരിഗണിക്കാമെന്നായിരുന്നു പ്രപ്പോസൽ.
ഇത് ട്രംപിന് ഇഷ്ടമായില്ലെന്നാണ് വൈറ്റ്ഹൗസ് അധികൃതർ വ്യക്തമാക്കിയത്.
ആണവ വിഷയത്തിൽ ഇറാനൊന്നും മിണ്ടാത്തതാണ് ട്രംപിനെ ചൊടിപ്പിക്കുന്നത്. ഹോർമുസ് കടലിടുക്ക് രാജ്യാന്തര കപ്പൽപാതയാണെന്നും ഇറാന്റെ നിയന്ത്രണം അംഗീകരിക്കില്ലെന്നും യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയും പറഞ്ഞു.
യുഎസും ഇറാനും തമ്മിലെ ചർച്ചയ്ക്കുള്ള സാധ്യതകൾ മങ്ങിയതോടെ ദിശയറിയാതെ പതറുകയാണ് ഓഹരി, സ്വർണം, ക്രൂഡ് ഓയിൽ വിപണികൾ. യുഎസ് ഓഹരി വിപണി നേട്ടത്തിലേറിയെങ്കിലും കുതിപ്പില്ല.
ഏഷ്യൻ വിപണികൾ സമ്മിശ്ര പാതയിലുമാണുള്ളത്. ഇന്ത്യൻ വിപണി ഇന്നലെ നേട്ടത്തിലായിരുന്നെങ്കിലും, ഇന്നത്തെ സൂചന നെഗറ്റീവാണ്.
‘‘ഹോർമുസ് തുറക്കാമെന്നാണ് ഇറാൻ പറയുന്നത്.
എന്നുവച്ചാൽ അവർക്ക് ചുങ്കം കൊടുക്കുന്ന കപ്പലുകളെ കടത്തിവിടാമെന്ന്. അതിനെ എങ്ങനെയാണ് ഹോർമുസ് തുറന്നു എന്ന് വിശേഷിപ്പിക്കുക? ആര് ഹോർമുസ് കടക്കണമെന്ന് ഇറാൻ തീരുമാനിക്കുന്ന അവസ്ഥ.
അത് അംഗീകരിക്കാനാവില്ല’’ – റൂബിയോ പറഞ്ഞു. ആണവ വിഷയത്തിൽ ഇറാന് അനുകൂലമാകുന്ന ഒരു നടപടിയെയും പിന്തുണയ്ക്കില്ലെന്നും റൂബിയോ വ്യക്തമാക്കി.
നിർണായക ചർച്ചയുമായി ട്രംപ്
അതിനിടെ, ഇറാന്റെ പ്രൊപ്പോസൽ യുഎസിന്റെ ദേശീയ സുരക്ഷാ വിഭാഗവുമായി പ്രസിഡന്റ് ട്രംപ് ചർച്ച ചെയ്തുവെന്ന് വൈറ്റ്ഹൗസ് സ്ഥിരീകരിച്ചു.
പ്രപ്പോസൽ ചർച്ച ചെയ്തു എന്നതിന് അർഥം അവ പ്രസിഡന്റ് ട്രംപ് പരിഗണിക്കുന്നു എന്നല്ലെന്ന് വൈറ്റ്ഹൗസ് പ്രസ് സെക്രട്ടറി കാരലൈൻ ലെവിറ്റ് പറഞ്ഞു. യുഎസുമായി ഇറാൻ ആണവ വിഷയത്തിൽ ഡീലിലെത്താതെ ഹോർമുസിലെ കപ്പൽ ഉപരോധം യുഎസ് സൈന്യം പിൻവലിക്കില്ലെന്നും കാരലൈൻ വ്യക്തമാക്കി.
ചർച്ചയ്ക്കില്ലെന്ന് ഇറാൻ
യുഎസുമായി നേരിട്ട് ഇനിയൊരു ചർച്ചയ്ക്കില്ലെന്ന് ഇതിനിടെ ഇറാൻ വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മയിൽ ബഗേയ് പറഞ്ഞു.
ഇറാനിൽ ആരാണ് ഭരിക്കുന്നതെന്ന് ഇറാൻകാർക്ക് പോലും അറിയില്ലെന്നും ഇനി ചർച്ച വേണമെന്നുണ്ടെങ്കിൽ, അവിടെ ടെലിഫോൺ ഉണ്ടെങ്കിൽ അവർ യുഎസിനെ വിളിക്കട്ടെ എന്നുമാണ് ട്രംപ് പ്രതികരിച്ചത്. പാക്കിസ്ഥാനിൽ നടത്താനിരുന്ന രണ്ടാംഘട്ട
ചർച്ചാനീക്കം പൊളിഞ്ഞിരുന്നു. ചർച്ചയ്ക്കായി പാക്കിസ്ഥാനിലേക്ക് പോകാനിരുന്ന പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ്, തന്റെ മരുമകൻ കൂടിയായ ജേർഡ് കുഷ്നർ എന്നിവരെ ട്രംപ് മടക്കിവിളിക്കുകയും ചെയ്തു.
ആടിയുലഞ്ഞ് ഓഹരികൾ
ഇറാൻ-യുഎസ് ഭിന്നത തുടരുന്നത് ഓഹരി വിപണികളെ ഉലയ്ക്കുകയാണ്.
യുഎസിൽ എസ് ആൻഡ് പി500 സൂചിക, നാസ്ഡാക് കോംപസൈറ്റ് എന്നിവ റെക്കോർഡ് തിരുത്തിയെങ്കിലും നേട്ടം നാമമാത്രമായിരുന്നു (0.20% വരെ). ഡൗ ജോൺസ് 0.13% താഴുകയും ചെയ്തു.
∙ സ്റ്റോക്ക് ഫ്യൂച്ചേഴ്സിൽ എസ് ആൻഡ് പി500, നാസ്ഡാക്, ഡൗ എന്നിവ 0.2% വരെ ഉയർന്നു.
∙ കോർപറേറ്റ് കമ്പനികളുടെ പ്രവർത്തനഫലത്തിലേക്കും നാളെ പ്രഖ്യാപിക്കുന്ന യുഎസ് ഫെഡിന്റെ പണനയത്തിലേക്കുമാണ് യുഎസ് വിപണിയുടെ ഇപ്പോഴത്തെ പ്രധാന ശ്രദ്ധ.
∙ യുപിഎസ്, ജനറൽ മോട്ടോഴ്സ്, കൊക്ക-കോള തുടങ്ങിയവ ഇന്ന് പ്രവർത്തനഫലം പുറത്തുവിടും. ∙ യുഎസ് ഫെഡ് ചെയർമാൻ ജെറോം പവലിന്റെ അവസാന പണനയ നിർണയ യോഗമാണ് നാളത്തേത്.
ഏഷ്യ സമ്മിശ്രം
ഇറാൻ-യുഎസ് തുടർചർച്ച സംബന്ധിച്ച ആശയക്കുഴപ്പം തുടരുന്നത് ഏഷ്യൻ വിപണികളെ സമ്മിശ്ര ദിശയിലാക്കി.
ജാപ്പനീസ് നിക്കേയ് 0.49% താഴ്ന്നു. ദക്ഷിണ കൊറിയയുടെ കോസ്പി 0.1% ഉയർന്നു.
ദക്ഷിണ കൊറിയൻ വിപണിയുടെ മൂല്യം 4.1 ട്രില്യൻ ഡോളർ കടന്നുവെന്ന പ്രത്യേകതയുണ്ട്. ഓസ്ട്രേലിയ, ഹോങ്കോങ്, ചൈന (ഷാങ്ഹായ്) വിപണികൾ നഷ്ടത്തിലാണുള്ളത്.
ഗിഫ്റ്റ് നിഫ്റ്റി വീണു, ഇന്ത്യയ്ക്കും ആശങ്ക
ഗിഫ്റ്റ് നിഫ്റ്റി രാവിലെ 0.35% വരെ നഷ്ടത്തിലാണ് വ്യാപാരം ചെയ്തത്.
സെൻസെക്സും നിഫ്റ്റിയും ഇന്ന് നഷ്ടത്തോടെ തുടങ്ങുമെന്ന സൂചന ഇതു നൽകുന്നു. ഇന്നലെ സെൻസെക്സ് 640 പോയിന്റും (+0.83%) നിഫ്റ്റി 195 പോയിന്റും (+0.81) ഉയർന്നിരുന്നു.
നിഫ്റ്റി 24,000ന് മുകളിൽ വ്യാപാരം പൂർത്തിയാക്കിയതും ആശ്വാസമായിരുന്നു.
∙ ഇന്ന് മാരുതി സുസുക്കി, സൊമാറ്റോ (എറ്റേണൽ), ബന്ധൻ ബാങ്ക്, ഫെഡ് ബാങ്ക് ഫിനാൻഷ്യൽ സർവീസസ്, ഗാർഡൻ റീച്ച്, കാനറ എച്ച്എസ്ബിസി, ലീല ഹോട്ടൽസ്, സ്റ്റാർ െഹൽത്ത് തുടങ്ങിയവ പ്രവർത്തനഫലം പുറത്തുവിടും.
∙ രൂപ ഇന്നലെ ഡോളറിനെതിരെ ഒരു പൈസ നേട്ടവുമായി 94.15ൽ എത്തി. ∙ വിദേശ പോർട്ട്ഫോളിയോ നിക്ഷേപകർ (എഫ്പിഐ) ഇന്നലെയും 1151 കോടി രൂപയുടെ നിക്ഷേപം ഇന്ത്യൻ ഓഹരികളിൽ നിന്ന് പിൻവലിച്ചു.
എണ്ണവില മേലോട്ട്, സ്വർണം താഴോട്ട്
ചർച്ചാനീക്കത്തിൽ പുരോഗതി ഇല്ലാത്തതിനാൽ ക്രൂഡ് ഓയിൽ വില ഉയർന്നെങ്കിലും കുതിപ്പ് പ്രകടമല്ല.
യുഎസ് ക്രൂഡ് (ഡബ്ല്യുടിഐ) വില ബാരലിന് 0.98% മാത്രം ഉയർന്ന് 97.31 ഡോളറിൽ നിൽക്കുന്നു. ബ്രെന്റ് വില 0.95% വർധിച്ച് 109.3 ഡോളറിലും.
രാജ്യാന്തര സ്വർണവില ഇപ്പോഴുള്ളത് ഔൺസിന് 22 ഡോളർ താഴ്ന്ന് 4677 ഡോളറിൽ. കേരളത്തിൽ രാവിലെ വില കുറയും.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

