യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് തീരുവ 39 ശതമാനത്തിൽ നിന്ന് 15 ശതമാനത്തിലേക്ക് വെട്ടിക്കുറച്ചതിന്റെ ആശ്വാസത്തിലായിരുന്നു സ്വിറ്റ്സർലൻഡ്. തീരുവ കുറഞ്ഞത് വൻ നേട്ടമാണെങ്കിലും അതിനുപിന്നിലെ ‘സമ്മാനക്കഥ’ സ്വിറ്റ്സർലൻഡിൽ വൻ വിവാദങ്ങൾക്ക് വഴിവച്ചിരിക്കുകയാണ്.
യുഎസ്-സ്വിസ് പ്രതിനിധികൾ തമ്മിൽ മാസങ്ങൾ നീണ്ട ചർച്ചകൾക്കൊടുവിലാണ് ട്രംപ് തീരുവ വെട്ടിക്കുറച്ചത്.
എന്നാൽ, ഈ ഡീൽ ഉറപ്പാക്കുന്നതിന് മുൻപായി വൈറ്റ്ഹൗസിലേക്ക് സ്വിസ് ബിസിനസ് പ്രമുഖരായ ചില ശതകോടീശ്വരന്മാർ നടത്തിയ യാത്രയാണ് വിവാദമായത്.
ഇവർ ട്രംപിന് വൻ വിലയുള്ള റോളക്സ് ക്ലോക്ക്, 1.30 ലക്ഷം ഡോളറിന്റെ (ഏകദേശം 11 കോടി രൂപ) സ്വർണക്കട്ടി തുടങ്ങിയ സമ്മാനങ്ങൾ നൽകിയിരുന്നു. ഇതിനുപിന്നാലെയായിരുന്നു തീരുവ കുറച്ചുകൊണ്ടുള്ള പ്രഖ്യാപനം.
രാജ്യതാൽപര്യം സംരക്ഷിക്കുന്നതിന് പകരം ചില ബിസിനസുകാരുടെ താൽപര്യമാണ് യഥാർത്ഥത്തിൽ സംരക്ഷിക്കപ്പെട്ടതെന്ന വിമർശനം സ്വിറ്റ്സർലൻഡിൽ ഉയർന്നുകഴിഞ്ഞു.
വ്യക്തിഗത സമ്മാനങ്ങൾ നൽകി യുഎസ് പ്രസിഡന്റിനെപ്പോലെ ഉന്നതസ്ഥാനത്തുള്ള ഒരാളെ സ്വാധീനിക്കാനാകുമോ എന്ന ചോദ്യവും വിമർശകർ ചോദിക്കുന്നു. അത്യാഡംബര വാച്ച് നിർതാക്കായ റോളക്സ്, റീഷ്മണ്ട് ഉടമ കാർട്ടീയ്, കമ്മോഡിറ്റി വ്യാപാരികളായ മെർക്യൂറിയ, സ്വകാര്യ ഇക്വിറ്റി സ്ഥാപനമായ പാർട്ണേഴ്സ് ഗ്രൂപ്പ്, ഷിപ്പിങ് കമ്പനി എംഎസ്സി, റിഫൈനർമാരായ എംകെഎസ് പിഎഎംപി എന്നിവയുടെ നേതൃത്വത്തിലുള്ളവരാണ് വൈറ്റ്ഹൗസിൽ ട്രംപിനെ കണ്ടത്.
ട്രംപ് നേരത്തേ സ്വിറ്റ്സർലൻഡിനുമേൽ പ്രഖ്യാപിച്ച 39% തീരുവ, ഒരു വികസിത രാജ്യത്തിനുമേൽ ചുമത്തുന്ന ഏറ്റവും ഉയർന്നതായിരുന്നു.
യൂറോപ്യൻ യൂണിയനുമേലുള്ള തീരുവ ട്രംപ് 15 ശതമാനത്തിലേക്ക് കുറച്ചെങ്കിലും സ്വിറ്റ്സർലൻഡിന് ആനുകൂല്യം നൽകാൻ തയാറായിരുന്നില്ല. സ്വിറ്റ്സർലൻഡ് യൂറോപ്യൻ യൂണിയൻ അംഗവുമല്ല.
എന്നാൽ, ഇപ്പോൾ ട്രംപ് തീരുവ 15 ശതമാനമാക്കിയതോടെ, യൂറോപ്യൻ യൂണിയന്റേതിനു തുല്യമായി അതുമാറി.
സംശയകരമായ മാർഗങ്ങളിലൂടെയാണ് സ്വിറ്റ്സർലൻഡ് ആനുകൂല്യം നേടിയെടുത്തതെന്ന് ആരോപിച്ച് സ്വിറ്റ്സർലൻഡിലെ ഗ്രീൻ പാർട്ടി പ്രസിഡന്റ് ലിസ മാസൺ അടക്കമുള്ളവർ രംഗത്തെത്തി. ഡീലിന്റെ ഭാഗമായി രാജ്യത്തെ കർഷകരെ വഞ്ചിച്ചുവെന്നും യുഎസിന്റെ ബീഫ് വലിയതോതിൽ ഇറക്കുമതി ചെയ്യാൻ അനുവദിച്ചത് കർശനമായി സംരക്ഷിച്ചുവെന്ന മേഖലയോടു ചെയ്യുന്ന അനീതിയാണെന്നും ലിസ പറഞ്ഞു.
ഡീലിന്റെ ഭാഗമായി സ്വിസ് കമ്പനികൾ അമേരിക്കയിൽ 200 ബില്യൻ ഡോളറിന്റെ നിക്ഷേപം നടത്താമെന്നും വാഗ്ദാനം ചെയ്തിട്ടുണ്ട്.
മാനുഫാക്ചറിങ്, സ്വർണം, റെയിൽവേ, വിദ്യാഭ്യാസം, ഫാർമ തുടങ്ങിയ മേഖലകളിൽ 2028 ഡിസംബറിനകമായിരിക്കും സ്വിസ് നിക്ഷേപം. ഒട്ടേറെ യുഎസ് ഉൽപന്നങ്ങളുടെ ഇറക്കുമതിക്ക് സ്വിറ്റ്സർലൻഡിൽ തീരുവയിൽ ഇളവും അനുവദിക്കും.
39% തീരുവ നിലനിന്നതിനാൽ യുഎസിലേക്കുള്ള സ്വിറ്റ്സർലൻഡിന്റെ കയറ്റുമതി ഓഗസ്റ്റിൽ 20 ശതമാനത്തിലധികം ഇടിഞ്ഞിരുന്നു. ജൂലൈ-സെപ്റ്റംബർ പാദത്തിലെ ഇടിവ് 8 ശതമാനവുമാണ്.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

