സ്വർണവും വെള്ളിയും സാധാരണക്കാർക്ക് പിടിതരാതെ മുന്നേറ്റത്തിൽ. യുഎസിൽ അടിസ്ഥാന പലിശനിരക്ക് കുറഞ്ഞേക്കുമെന്ന പ്രതീക്ഷകളും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ വഷളായിക്കൊണ്ടിരിക്കുന്ന ഭൗമരാഷ്ട്രീയ സംഘർഷങ്ങളും സ്വർണത്തിന് കുതിക്കാനുള്ള ‘എനർജി’ ആവുകയാണ്.
യുക്രെയ്ൻ-റഷ്യ സംഘർഷം അവസാനിപ്പിക്കാനുള്ള ശ്രമങ്ങളൊക്കെ പാളുന്നു.
സമാധാനത്തിന് മുൻകൈ എടുക്കുന്ന അമേരിക്കകന്നെ വെനസ്വേലയെ വിരട്ടിനിർത്തിയിരിക്കുന്നു. ഇതേ അമേരിക്ക നൈജീരിയയിൽ ഭീകര കേന്ദ്രങ്ങൾക്കുനേരെ ആക്രമണം നടത്തിയെന്ന വാർത്തകളും പുറത്തുവന്നു.
ഏഷ്യയിൽ കംബോഡിയ-തായ്ലൻഡ് അതിർത്തി തർക്കം, തായ്വാനെച്ചൊല്ലി ചൈന-ജപ്പാൻ ഭിന്നത.
ഭൗമരാഷ്ട്രീയ സംഘർഷങ്ങൾ എല്ലായ്പ്പോലും രാജ്യാന്തര സമ്പദ്മേഖലയ്ക്കുമേൽ കരിനിഴൽ വീഴ്ത്തും. ഇത് സ്വർണത്തിന് സുരക്ഷിത നിക്ഷേപമെന്ന പെരുമ നൽകുകയും ഡിമാൻഡും വിലയും കൂടുകയും ചെയ്യും.
യുഎസ് ഡോളർ ഇൻഡക്സ് ദുർബലമായതും സ്വർമത്തിന് നേട്ടമായി. രാജ്യാന്തര സ്വർണവില വീണ്ടും ഔൺസിന് 4,500 ഡോളറിന് മുകളിലെത്തി.
കേരളത്തിൽ ഇന്നും റെക്കോർഡ് തിരുത്തിയെഴുതപ്പെട്ടു.
ഗ്രാമിന് 70 രൂപ വർധിച്ച് 12,835 രൂപയിലാണ് ഇന്നു വ്യാപാരം. പവന് 560 രൂപ വർധിച്ച് 1,02,680 രൂപ.
ഇതുവരെ രേഖപ്പെടുത്തിയതിൽ വെച്ചേറ്റവും ഉയർന്ന വില. ഓരോ ദിവസവും റെക്കോഡുകൾ ഭേദിച്ച് സ്വർണം കുതിക്കുന്ന കാഴ്ച.
18 കാരറ്റ് സ്വർണം ഗ്രാമിന് 55 രൂപ വർധിച്ച് 10,550 രൂപയായി. 18 കാരറ്റിന് ചില ജ്വല്ലറികളിൽ 10,630 രൂപയും ഈടാക്കുന്നുണ്ട്.
വെള്ളി വില കുതിച്ചുകയറി പുതിയ ഉയരത്തിലെത്തി. ഗ്രാമിന് 10 രൂപ ഒറ്റയടിക്ക് വർധിച്ച് 240 രൂപയായി.
ഈ വർഷത്തിന്റെ തുടക്കത്തിൽ ഗ്രാമിന് 100 രൂപയായിരുന്നു വില. ഒരു വർഷത്തിനുള്ളിൽ കൂടിയത് 140 രൂപ.
സംസ്ഥാനത്ത് ഇന്ന് ഒരു പവൻ സ്വർണാഭരണം വാങ്ങാൻ 1.17 ലക്ഷം രൂപയെങ്കിലും നൽകേണ്ടി വരുമെന്നത് സാധാരണക്കാർക്ക് തിരിച്ചടിയാണ്.
കുറഞ്ഞത് 10 ശതമാനം പണിക്കൂലിയും മൂന്ന് ശതമാനം നികുതിയും ഹോൾ മാർക്കിംഗ് ചാർജും അതിന് 18 ശതമാനം ജി.എസ്.ടിയും ചേർത്തുള്ള തുകയാണിത്. ആഭരണങ്ങൾക്ക് മൂന്ന് മുതൽ 30 ശതമാനം വരെയാണ് പണിക്കൂലി ഈടാക്കാറുള്ളത്.
ആഭരണങ്ങളുടെ ഡിസൈൻ അനുസരിച്ച് പണിക്കൂലി വ്യത്യാസമുണ്ടാകും.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

