കനത്ത സാമ്പത്തിക നഷ്ടത്തെ തുടർന്ന് 150 കോടി ഡോളറിന്റെ (ഏകദേശം 14,000 കോടി രൂപ) സഹായം അഭ്യർത്ഥിച്ച് എയർ ഇന്ത്യ മാനേജ്മെന്റ് പ്രമുഖ ഓഹരിയുടമകളെ സമീപിച്ചു. കമ്പനിയുടെ പ്രധാന ഉടമകളായ ടാറ്റ സൺസിനെയും സിംഗപ്പൂർ എയർലൈൻസിനെയും ആണ് പുതിയ നിക്ഷേപത്തിനായി സമീപിച്ചിരിക്കുന്നത്.
2022ൽ ടാറ്റ സൺസ് കമ്പനിയുടെ നിയന്ത്രണം ഏറ്റെടുത്തതിന് ശേഷം ഇത്രയും വലിയ തുക ആവശ്യപ്പെടുന്നത് ആദ്യമായാണ്. ഇന്ത്യയിലെ രണ്ടാമത്തെ വലിയ വിമാനക്കമ്പനി നേരിടുന്ന ഗുരുതര പ്രതിസന്ധിയാണ് ഈ നീക്കത്തിലൂടെ പുറത്തുവരുന്നത്.
കമ്പനിയുടെ നഷ്ടവുമായി ബന്ധപ്പെട്ട് ടാറ്റ സൺസിനുള്ളിൽ ഭിന്നതകൾ നിലനിൽക്കുന്ന വേളയിലാണ് പുതിയ സംഭവവികാസം. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും ചേർന്ന് 22,238 കോടി രൂപയുടെ നഷ്ടമാണ് രേഖപ്പെടുത്തിയത്.
ഇതിനു മുൻപത്തെ വർഷത്തെ അപേക്ഷിച്ച് നഷ്ടം ഇരട്ടിയായി വർധിക്കുകയാണുണ്ടായത്. പശ്ചിമേഷ്യൻ മേഖലയിലെ സംഘർഷങ്ങളും അഹമ്മദാബാദ് വിമാന അപകടവുമാണ് ഈ ഉയർന്ന നഷ്ടത്തിലേക്ക് കാര്യങ്ങൾ എത്തിച്ചത്.
നിലവിലുള്ള കണക്കുകൾ പ്രകാരം എയർ ഇന്ത്യയിൽ ടാറ്റ സൺസിന് 73.28 ശതമാനവും സിംഗപ്പൂർ എയർലൈൻസിന് 25.1 ശതമാനവും ഓഹരി പങ്കാളിത്തമാണുള്ളത്. എയർ ഇന്ത്യയുടെ ഈ തകർച്ച സിംഗപ്പൂർ എയർലൈൻസിന്റെ മൊത്തത്തിലുള്ള സാമ്പത്തിക സ്ഥിതിയെയും പ്രതികൂലമായി ബാധിച്ചിട്ടുണ്ട്.
ഇതിന്റെ പശ്ചാത്തലത്തിലാണ് ഫ്രഷ് ഇക്വിറ്റി രൂപത്തിൽ പുതിയ നിക്ഷേപം ലഭ്യമാക്കണമെന്ന് ഉടമകളോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഈ നിർണായക വിഷയത്തിൽ ഇരു കമ്പനികളും സ്വീകരിക്കാൻ പോകുന്ന നിലപാട് എന്തായിരിക്കുമെന്ന ആകാംക്ഷയിലാണ് വ്യോമയാന മേഖല.
സർക്കാർ ഉടമസ്ഥതയിലുണ്ടായിരുന്ന സ്ഥാപനം 2022ലാണ് ടാറ്റ സൺസ് ഏറ്റെടുത്തത്. എന്നാൽ വർഷങ്ങൾ പിന്നിട്ടിട്ടും കമ്പനിയെ ലാഭത്തിലേക്ക് നയിക്കാൻ മാനേജ്മെന്റിന് സാധിച്ചിട്ടില്ല.
ഇതുമായി ബന്ധപ്പെട്ട തർക്കങ്ങൾ ടാറ്റ സൺസ് ചെയർമാൻ എൻ.ചന്ദ്രശേഖരന്റെ രാജി ആവശ്യപ്പെടുന്ന സ്ഥിതിയിലേക്ക് വരെ കാര്യങ്ങളെത്തിച്ചിരുന്നു.
എയർ ഇന്ത്യയെ ലാഭകരമാക്കി മാറ്റാൻ കുറഞ്ഞത് ഒരു പതിറ്റാണ്ടെങ്കിലും കാത്തിരിക്കേണ്ടി വരുമെന്നാണ് എൻ.ചന്ദ്രശേഖരൻ വ്യക്തമാക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

