പെപ്സികോയുടെ ഇന്ത്യയിലെ മുൻനിര ബോട്ട്ലിങ് പങ്കാളിയായ വരുൺ ബവ്റിജസ് ലിമിറ്റഡ് ശീതള പാനീയ വിപണിക്ക് പുറമെ മദ്യനിർമാണ മേഖലയിലേക്കും പ്രവേശിക്കുന്നു. ഇതിന്റെ ഭാഗമായി കിവ സ്പിരിറ്റ്സ് എന്ന പേരിൽ പുതിയ ഉപസ്ഥാപനം (സബ്സിഡിയറി) ആരംഭിക്കാൻ കമ്പനി തീരുമാനിച്ചു.
ഡിയാജിയോ, പെർണോഡ് റിക്കാർഡ് തുടങ്ങിയ പ്രമുഖ കമ്പനികളിൽ ദീർഘകാലത്തെ പ്രവൃത്തിപരിചയമുള്ള പ്രഥമേഷ് മിശ്രയയെ കിവ സ്പിരിറ്റ്സിന്റെ മാനേജിങ് ഡയറക്ടറായും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായും (എംഡിയും സിഇഒയുമായും) നിയമിച്ചിട്ടുണ്ട്. പുതിയ സംരംഭത്തിന് 10 കോടി രൂപ അംഗീകൃത ഓഹരി മൂലധനവും 9 കോടി രൂപ പെയ്ഡ് അപ് ഇക്വിറ്റി മൂലധനവുമാണ് നിശ്ചയിച്ചിട്ടുള്ളത്.
രൂപീകരിക്കപ്പെടുന്ന ഈ പുതിയ കമ്പനിയുടെ പൂർണ ഉടമസ്ഥത വരുൺ ബവ്റിജസിനായിരിക്കും. ബീയർ, വിസ്കി, വൈൻ, ബ്രാൻഡി തുടങ്ങി വിവിധതരം ആൽക്കഹോളിക് പാനീയങ്ങളും പ്രീമിയം റെഡി ടു ഡ്രിങ്ക് ഉൽപന്നങ്ങളും വിപണിയിലെത്തിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.
അതേസമയം, പുതിയ പ്രഖ്യാപനത്തിന് പിന്നാലെ വരുൺ ബിവറേജസ് ഓഹരികൾ വിപണിയിൽ ഇടിവ് രേഖപ്പെടുത്തി. ഓഹരി വില മൂന്നു ശതമാനത്തോളം കുറഞ്ഞ് 425.25 രൂപയിലെത്തി.
പുതിയ ബിസിനസിലെ നിക്ഷേപം, വരുമാനം, നടത്തിപ്പ് തുടങ്ങിയ കാര്യങ്ങളിൽ കൃത്യമായ വ്യക്തത വരാത്തതാണ് ഓഹരി വിലയിടിയാൻ കാരണമെന്ന് വിലയിരുത്തപ്പെടുന്നു. ബിസിനസിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമാകുന്നതുവരെ കാത്തിരിക്കാനും ജാഗ്രത പാലിക്കാനുമാണ് നിക്ഷേപകരുടെ തീരുമാനം.
എങ്കിലും കമ്പനിയുടെ പുതിയ ചുവടുവെപ്പ് പോസിറ്റീവാണെന്നാണ് പ്രമുഖ ബ്രോക്കറേജ് സ്ഥാപനമായ മോർഗൻ സ്റ്റാൻലിയുടെ വിലയിരുത്തൽ. ഈ ഓഹരിക്ക് ഓവർവെയ്റ്റ് റേറ്റിങ് തുടർന്ന ബ്രോക്കറേജ്, ലക്ഷ്യവില 557 രൂപയായി നിലനിർത്തുകയും ചെയ്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

