കടക്കെണിയിൽ നിന്ന് കരകയറാൻ അടുത്ത അടവുമായി പാക്കിസ്ഥാൻ. എണ്ണയ്ക്കും റെയർ എർത്തിനും (അപൂർവ ധാതുക്കൾ) പിന്നാലെ മദ്യക്കയറ്റുമതിയാണ് പുതിയ ഐഡിയ.
നിലവിൽ പാക്കിസ്ഥാനിൽ മദ്യ വിൽപനയ്ക്കും ഉപയോഗത്തിനും കടുത്ത നിയന്ത്രണമുണ്ട്. അമുസ്ലീങ്ങൾക്കു മാത്രമാണ് നിബന്ധനകളോടെ മദ്യം വാങ്ങാൻ അനുമതി.
അതേസമയം, വിദേശത്തേക്ക് മദ്യമൊഴുക്കി വരുമാനം നേടാനുള്ള ശ്രമത്തിലാണ് ഇപ്പോൾ പാക്കിസ്ഥാൻ.
രാജ്യത്തെ ഏറ്റവും പഴക്കംചെന്ന മദ്യക്കമമ്പനിയായ മുരീ ബ്രൂവറിക്കാണ് പതിറ്റാണ്ടുകൾക്ക് ശേഷം കയറ്റുമതി ലൈസൻസ് ലഭിച്ചത്. നേരത്തേ ഇന്ത്യയിലേക്കും അഫ്ഗാനിലേക്കും അമേരിക്കയിലേക്കും ഈ കമ്പനി മദ്യം കയറ്റുമതി ചെയ്തിരുന്നു.
എന്നാൽ, മദ്യ നിരോധനത്തോടെ കയറ്റുമതിയും നിലയ്ക്കുകയായിരുന്നു. ദയനീയമായ വിദേശ നാണയ ശേഖരത്തിലേക്ക് വീണ്ടും പണമെത്തിക്കുക ലക്ഷ്യമിട്ടാണ് പാക്കിസ്ഥാൻ മദ്യക്കയറ്റുമതി പുനരാരംഭിക്കുന്നത്.
ബ്രിട്ടീഷ് ഭരണകാലത്ത് 1860ൽ സ്ഥാപിക്കപ്പെട്ട
കമ്പനിയാണ് മുരീ ബ്രൂവറി. സൈനികർക്കും ബ്രിട്ടീഷ് ഉദ്യോഗസ്ഥർക്കും മദ്യം ഉറപ്പാക്കുകയായിരുന്നു ലക്ഷ്യം.
നിലവിൽ മൂന്നാം തലമുറയിൽപെട്ട ഇസ്ഫൻയാർ ബന്ദാരയാണ് ബിസിനസ് നയിക്കുന്നത്.
2017ൽ ഒരു ചൈനീസ് കമ്പനിക്ക് രാജ്യത്ത് മദ്യം നിർമിക്കാൻ പാക്കിസ്ഥാൻ അനുമതി നൽകിയിരുന്നു. പാക്കിസ്ഥാനിലെ വിവിധ പദ്ധതികളിൽ ജോലി ചെയ്യുന്ന ചൈനീസ് പൗരന്മാർക്ക് മദ്യം നൽകാനായിരുന്നു ഇത്.
ഇതോടെയാണ് കയറ്റുമതി ലൈസൻസിനായി മുരി ബ്രൂവറിയും രംഗത്തിറങ്ങിയത്.
അസീം മുനീറിന്റെ അയലത്ത്
പാക്കിസ്ഥാൻ സംയുക്ത സേനാ മേധാവി അസീം മുനീർ അടക്കമുള്ളവരുടെ ഔദ്യോഗിക വസതിയുള്ള റാവൽപ്പിണ്ടിയിലെ അതീവ സുരക്ഷാ മേഖലയിലാണ് മുരീ ബ്രൂവറിയുടെ പ്ലാന്റ്. കഴിഞ്ഞവർഷം 100 ദശലക്ഷം ഡോളർ (ഏകദേശം 900 കോടി രൂപ) വരുമാനം നേടിയ കമ്പനിയാണിത്.
ഇതിൽ പകുതി മാത്രമാണ് മദ്യവിൽപ്പനയിലൂടെ നേടിയത്. ബാക്കി ആൽക്കഹോൾ രഹിത പാനീയങ്ങളുടെയും മറ്റും വിൽപ്പനയിലൂടെയാണ്.
1977ൽ സുൽഫിക്കർ അലി ഭൂട്ടോ പ്രധാനമന്ത്രിയായിരുന്ന കാലത്താണ് പാക്കിസ്ഥാനിൽ ആദ്യമായി മദ്യ നിരോധനം നടപ്പാക്കുന്നത്.
പിന്നാലെ സിയാവുൽ ഹഖിന്റെ കാലത്ത് ക്രിമിനൽ കുറ്റവുമാക്കി. അമുസ്ലിങ്ങൾക്കും വിദേശികൾക്കും നിയന്ത്രണങ്ങളുടെ അടിസ്ഥാനത്തിലാണ് മദ്യം ലഭിക്കുന്നത്.
ലൈസൻസുള്ള മദ്യക്കടകൾ വഴിയാണ് വിൽപന. എന്നാൽ, അനധികൃത മദ്യ ഉൽപാദനവും വിൽപനയും പാക്കിസ്ഥാനിൽ പതിവാണ്.
ഇത് പലപ്പോഴും വലിയ ദുരന്തങ്ങൾക്കും കാരണമായിട്ടുണ്ട്. 2016ലുണ്ടായ വ്യാജ മദ്യ ദുരന്തത്തിൽ 32 പേർ മരിച്ചത് രാജ്യാന്തര തലത്തിൽ ചർച്ചയായിരുന്നു.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

