കേരളത്തിലെ വിപണിയിൽ സ്വർണവിലയിൽ വലിയ വർധനവ് രേഖപ്പെടുത്തി. ഇന്ന് ഗ്രാമിന് 30 രൂപയുടെ വർധനവാണ് ഉണ്ടായിരിക്കുന്നത്.
ഇതോടെ ഒരു ഗ്രാം സ്വർണത്തിന്റെ വില 14,610 രൂപയായി ഉയർന്നു. പവൻ വിലയിലാകട്ടെ 240 രൂപയുടെ വർധനവാണ് രേഖപ്പെടുത്തിയത്.
നിലവിൽ ഒരു പവൻ സ്വർണ്ണത്തിന് 1,16,880 രൂപ നൽകണം. ഇറാൻ-യുഎസ് സംഘർഷം അവസാനിക്കുമെന്ന പ്രതീക്ഷയിലാണ് രാജ്യാന്തര വിപണിയിൽ സ്വർണവില ഉയരുന്നത്.
ഇതിന്റെ സ്വാധീനം ആഭ്യന്തര വിപണിയിലും പ്രകടമാണ്. സംഘർഷം ലഘൂകരിക്കുമെന്നും ഹോർമുസ് കടലിടുക്ക് തുറക്കുമെന്നുമുള്ള പ്രതീക്ഷകൾ നിക്ഷേപകർക്കിടയിൽ നിലനിൽക്കുന്നുണ്ട്.
ഇത് ക്രൂഡ് ഓയിൽ വിലയിൽ ഏകദേശം അഞ്ച് ശതമാനത്തോളം ഇടിവുണ്ടാക്കി. ഡോളർ സൂചികയിലുണ്ടായ കുറവ് മറ്റ് കറൻസികൾ ഉപയോഗിച്ച് സ്വർണം വാങ്ങുന്നതിന് സഹായകമായിട്ടുണ്ട്.
കൂടാതെ, ക്രൂഡ് ഓയിൽ വില കുറഞ്ഞതോടെ രാജ്യാന്തര തലത്തിൽ പണപ്പെരുപ്പ ഭീഷണിയും ലഘൂകരിക്കപ്പെട്ടിട്ടുണ്ട്. ഇതോടെ യുഎസ് ഫെഡറൽ റിസർവ് അടിസ്ഥാന പലിശനിരക്ക് ഉയർത്താനുള്ള സാധ്യതയും കുറഞ്ഞിരിക്കുകയാണ്.
നിലവിൽ രാജ്യാന്തര വിപണിയിൽ സ്വർണവില ഔൺസിന് ഒരു ശതമാനത്തോളം ഉയർന്ന് 4561 ഡോളറാണ്. യുദ്ധം അവസാനിപ്പിക്കാനുള്ള നീക്കങ്ങൾ നടന്നാൽ വില 4800 ഡോളറിലേക്ക് ഉയരാൻ സാധ്യതയുണ്ടെന്നും വിപണി വിദഗ്ധർ വിലയിരുത്തുന്നു.
അത്തരമൊരു സാഹചര്യമുണ്ടായാൽ കേരളത്തിലെ സ്വർണവിലയിൽ കൂടുതൽ വർധനവിന് വഴിയൊരുങ്ങും. സംസ്ഥാനത്തെ ജ്വല്ലറികളിൽ സ്വർണാഭരണം വാങ്ങുമ്പോൾ പത്തുശതമാനം പണിക്കൂലി സഹിതം കുറഞ്ഞത് 1,32,500 രൂപയെങ്കിലും ഉപഭോക്താക്കൾ ചെലവഴിക്കേണ്ടി വരും.
ആഭരണങ്ങളുടെ ഡിസൈൻ അനുസരിച്ച് മൂന്നു മുതൽ മുപ്പതു ശതമാനം വരെയാണ് പണിക്കൂലി ഈടാക്കുന്നത്. ഇതിനു പുറമെ മൂന്നു ശതമാനം ജിഎസ്ടിയും 53.10 രൂപ ഹോൾമാർക്കിങ് ചാർജും അധികമായി നൽകണം.
ഇതിനിടെ, 18 കാരറ്റ് സ്വർണം ഗ്രാമിന് 25 രൂപ വർധിച്ച് 12,070 രൂപയിലെത്തി. ചില ജ്വല്ലറികളിൽ 12,005 രൂപ എന്ന നിരക്കിലും വ്യാപാരം നടക്കുന്നുണ്ട്.
വെള്ളി വിലയിലും നേരിയ വ്യത്യാസങ്ങൾ പ്രകടമാണ്. ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷന് കീഴിലുള്ള ജ്വല്ലറികളിൽ ഗ്രാമിന് 285 രൂപയും, കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ നിശ്ചയിച്ച നിരക്ക് പ്രകാരം 280 രൂപയുമാണ് നിലവിലെ വില.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

