കാർഷിക മേഖലയുടെ വളർച്ചയും തൊഴിലവസരങ്ങൾ സൃഷ്ടിക്കലും ലക്ഷ്യമിട്ട് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ സംയുക്തമായി നടപ്പാക്കുന്ന PMFME (Prime minister’s scheme for formalisation of micro food processing enterprises) പദ്ധതിക്ക് സംസ്ഥാനത്ത് വലിയ സ്വീകാര്യത. അർഹരായ വ്യക്തികൾക്ക് 10 ലക്ഷം രൂപ മുതൽ 3 കോടി രൂപ വരെ സബ്സിഡി ലഭിക്കുന്ന ഈ പദ്ധതിയിലൂടെ കുറഞ്ഞ തുക തിരിച്ചടച്ചാൽ മതിയെന്നതാണ് പ്രധാന നേട്ടം.
ഭക്ഷ്യ സംസ്കരണ മേഖലയിലെ മൂല്യവർധിത ഉൽപന്നങ്ങൾക്ക് പിന്തുണയേകുന്ന പദ്ധതിയിൽ 35% വരെയാണ് സബ്സിഡി ലഭിക്കുന്നത്. ഇതിൽ 60% കേന്ദ്ര സർക്കാരും 40% സംസ്ഥാന സർക്കാരും വഹിക്കുന്നു.
വ്യക്തികൾക്ക് പരമാവധി 10 ലക്ഷം രൂപ വരെ ഈ രീതിയിൽ സബ്സിഡി ലഭിക്കും. വായ്പയെടുക്കുന്ന തുകയിൽ സബ്സിഡി കിഴിച്ചുള്ള തുക തിരിച്ചടച്ചാൽ മതിയാകും.
10,000 കോടി രൂപയാണ് കേന്ദ്ര സർക്കാർ പദ്ധതിക്കായി വകയിരുത്തിയിരിക്കുന്നത്. 2020 ജൂൺ മാസത്തിലായിരുന്നു ഈ വായ്പാ പദ്ധതിക്ക് തുടക്കം കുറിച്ചത്.
തുടർന്ന് ഇതുവരെ കേരളത്തിൽ ലഭിച്ച അപേക്ഷകളിൽ 10,000ഓളം എണ്ണത്തിന് ബാങ്കുകൾ അനുമതി നൽകിയെന്നാണ് ഔദ്യോഗിക വിവരങ്ങൾ വ്യക്തമാക്കുന്നത്. ഏറ്റവുമധികം വായ്പാ അനുമതി നൽകിയത് കനറാ ബാങ്ക് വഴിയാണ് (2651).
എസ്ബിഐ (1688), കേരള ഗ്രാമീൺ ബാങ്ക് (1526), യൂണിയൻ ബാങ്ക് (862), കേരള ബാങ്ക് (725), ബാങ്ക് ഓഫ് ബറോഡ (397), ഫെഡറൽ ബാങ്ക് (371), ഐഡിബിഐ ബാങ്ക് (284), ഇന്ത്യൻ ഓവർസീസ് ബാങ്ക് (248), ബാങ്ക് ഓഫ് ഇന്ത്യ (229) എന്നിവയാണ് തൊട്ടുപിന്നാലെയുള്ളത്. എങ്കിലും, വിവിധ ബാങ്കുകളിലായി 789 അപേക്ഷകൾ ഇനിയും അനുമതി ലഭിക്കാതെ കിടക്കുന്നുണ്ട്.
ഇതിൽ 147 എണ്ണവും എസ്ബിഐയിലാണ് കെട്ടിക്കിടക്കുന്നത്. കനറാ ബാങ്കിൽ 137, കേരള ഗ്രാമീൺ ബാങ്കിൽ 123, യൂണിയൻ ബാങ്കിൽ 95, ഐഡിബിഐ ബാങ്കിൽ 46, പഞ്ചാബ് നാഷനൽ ബാങ്കിൽ 32, ബാങ്ക് ഓഫ് ബറോഡയിൽ 30 എന്നിങ്ങനെയും അപേക്ഷകളിൽ നടപടികൾ വൈകുന്നുണ്ട്.
പിഎംഎഫ്എംഇ പ്രതിനിധികൾ എസ്എൽബിസി യോഗത്തിൽ പങ്കെടുക്കുമെന്നും വായ്പാ അനുമതി വൈകുന്നത് യോഗത്തിൽ ചർച്ചയാകുമെന്നും റിപ്പോർട്ടുകളുണ്ട്. കുടുംബശ്രീ അംഗങ്ങൾക്ക് പ്രത്യേക ആനുകൂല്യം
കുടുംബശ്രീ പോലുള്ള സ്വയംസഹായ സംഘങ്ങളിലെ ഓരോ അംഗത്തിനും 40,000 രൂപ വീതം സബ്സിഡി നൽകും.
അതായത്, അഞ്ചുപേർ ചേർന്ന് ഒരു യൂണിറ്റ് ആരംഭിക്കുകയാണെങ്കിൽ എടുക്കുന്ന വായ്പയിൽ രണ്ടു ലക്ഷം രൂപ കുറച്ചുള്ള തുക തിരിച്ചടച്ചാൽ മതിയാകും. സംഘടനകൾ, പ്രൊഡ്യൂസർ കമ്പനികൾ തുടങ്ങിയവയ്ക്ക് 3 കോടി രൂപ വരെ സബ്സിഡി ലഭിക്കുന്നതാണ്.
പ്രധാന നിബന്ധനകൾ
യന്ത്ര സാമഗ്രികൾ, ടെക്നിക്കൽ–സിവിൽ വർക്കുകൾ എന്നിവയ്ക്ക് ആവശ്യമായ തുകയാണ് പദ്ധതിയിൽ ഉൾപ്പെടുക. എന്നാൽ ടെക്നിക്കൽ–സിവിൽ വർക്കുകൾ ആകെ പദ്ധതിച്ചെലവിന്റെ 30 ശതമാനത്തിൽ കൂടാൻ പാടില്ല.
പ്രവർത്തന മൂലധനത്തിന് ഈ സബ്സിഡി ബാധകമല്ല. സ്ഥലത്തിന്റെ വില, വാടക തുടങ്ങിയവയും പദ്ധതി ചെലവായി കണക്കാക്കില്ല.
അപേക്ഷകർക്ക് 18 വയസ്സ് തികഞ്ഞിരിക്കണം. വിദ്യാഭ്യാസ യോഗ്യത പ്രത്യേകമായി നിഷ്കർഷിച്ചിട്ടില്ലെങ്കിലും കുറഞ്ഞത് 10% തുക സംരംഭക വിഹിതമായി ഉണ്ടായിരിക്കണം.
‘ഒരു ജില്ല ഒരു ഉൽപന്നം’ എന്ന ആശയത്തിന്റെ ഭാഗമായാണ് ഈ സ്കീം നടപ്പിലാക്കുന്നത്. ഓരോ ജില്ലയിലെയും മുഖ്യവിളകളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കേരളത്തിലെ 14 ജില്ലകൾക്കായി 10 കാർഷിക വിളകളാണ് തിരഞ്ഞെടുത്തിരിക്കുന്നത്.
നെഗറ്റീവ് ലിസ്റ്റിൽ ഉൾപ്പെടുത്തിയിട്ടില്ലാത്ത ഭക്ഷ്യസംസ്കരണ മേഖലയിലെ എല്ലാത്തരം സംരംഭങ്ങളെയും ഈ പദ്ധതിയിൽ ഉൾപ്പെടുത്താം. പുതിയവയ്ക്കും നിലവിലുള്ള സംരംഭങ്ങൾക്കും ഈ ആനുകൂല്യങ്ങൾ ലഭ്യമാണ്.
കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കുന്നതിനുമായി ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കാവുന്നതാണ്. കൂടാതെ ജില്ലാ വ്യവസായ കേന്ദ്രങ്ങൾ, താലൂക്ക് വ്യവസായ ഓഫിസുകൾ, ബ്ലോക്ക്, മുനിസിപ്പാലിറ്റി, കോർപറേഷൻ എന്നിവിടങ്ങളിലെ വ്യവസായ വികസന ഓഫിസർമാർ വഴിയും അപേക്ഷ സമർപ്പിക്കാം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

