
ഇന്ത്യയുടെ ധാതു കലവറയായ ഒഡീഷയ്ക്ക് മറ്റൊരു സൂപ്പർ ബംപർ ജാക്ക്പോട്ട്. വിവിധ ജില്ലകളിലായി ജിയോളജിക്കൽ സർവേ ഒഫ് ഇന്ത്യ കണ്ടെത്തിയത് ഏകദേശം 20 ടൺ സ്വർണശേഖരം.
നിലവിലെ വിപണിവില പ്രകാരം ഇതിന്റെ മൊത്തമൂല്യം 20,000 കോടിയിലേറെ വരും. സ്വർണശേഖരം സംബന്ധിച്ച് സ്ഥിരീകരിച്ച റിപ്പോർട്ട് സംസ്ഥാന നിയമസഭയിൽ സമർപ്പിച്ചിട്ടുണ്ട്.
ഡിയോഗഡ്, കിയോഞ്ജർ, സുന്ദർഗഡ്, നബരങ്പുർ, അങ്കുൽ, കോരപുത് എന്നിവിടങ്ങളിലാണ് നിലവിൽ സ്വർണശേഖരം സ്ഥിരീകരിച്ചതെന്ന് സംസ്ഥാന ധാതുവകുപ്പ് മന്ത്രി ബിഭൂതി ഭൂഷൺ ജെന വ്യക്തമാക്കി.
സ്വർണശേഖരമുണ്ടെന്ന് പ്രാഥമിക സൂചനകൾ ലഭിച്ച മയൂർഭഞ്ജ്, മൽകാൻഗിരി, സംബൽപുർ, ബൗദ്ധ് എന്നിവിടങ്ങളിൽ തുടർ പരിശോധനകളും നടക്കുന്നു.
ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ, ഒഡീഷ മൈനിങ് കോർപറേഷൻ എന്നിവയുമായി സഹകരിച്ച് ഡിയോഗഡിലെ ‘സ്വർണഖനി’ ഖനനപ്രവർത്തനങ്ങൾക്കായി ലേലം ചെയ്യാനുള്ള ഒരുക്കത്തിലാണ് ഒഡീഷ സർക്കാർ.
ഒഡീഷയ്ക്ക് ഇനി സാമ്പത്തിക കുതിപ്പ്
നിലവിൽ ഏറെ ധാതുസമ്പന്നമാണ് ഒഡീഷ. ബോക്സൈറ്റ്, ഇരുമ്പയിര് തുടങ്ങിയവയാണ് പ്രധാനം.
ഇതോടൊപ്പമാണ് ഇപ്പോൾ സ്വർണശേഖരവും കണ്ടെത്തിയതെന്നത് സംസ്ഥാനത്തിന് വൻ സാമ്പത്തിക കുതിപ്പാകും. സ്വർണം ഖനനം ചെയ്യുന്നതിനു മുൻപായി സംസ്ഥാനം പാരിസ്ഥിതിക, സാമൂഹിക പ്രത്യാഘാതത്തെ കുറിച്ച് പഠനങ്ങൾ നടത്തും.
മേഖലകളിലേക്ക് റോഡ്, വൈദ്യുതി, വെള്ളം എന്നിവയ്ക്കുള്ള സൗകര്യങ്ങളൊരുക്കും.
ഖനന പ്രവർത്തനങ്ങളും തുടങ്ങുന്നത് വലിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നാണ് കരുതുന്നത്. ഇത് അടിസ്ഥാന സൗകര്യ വികസന മേഖലയ്ക്കും നേട്ടമാകും.
പുതിയ ബിസിനസ് അവസരങ്ങൾക്കും വഴിതുറക്കും.
ഇന്ത്യയ്ക്കാകെ വൻ നേട്ടം
ഇന്ത്യയിൽ ശരാശരി ഒന്നര ടൺ സ്വർണമാണ് പ്രതിവർഷം ഖനനം ചെയ്യുന്നത്. ഉപഭോഗത്തിനുള്ള സ്വർണം വൻതോതിൽ ഇറക്കുമതി ചെയ്യുന്ന രാജ്യവുമാണ് ഇന്ത്യ.
പ്രതിവർഷം 800 ടണ്ണാണ് ശരാശരി ഇറക്കുമതി. ഇതുമായി താരതമ്യം ചെയ്യുമ്പോൾ ഒഡീഷയിൽ നിലവിൽ കണ്ടെത്തിയ സ്വർണത്തിന്റെ അളവ് നാമമാത്രമാണ്.
എങ്കിലും, ആഭ്യന്തര ഉൽപാദനം ഉയരുന്നതും അതുവഴി ഇറക്കുമതി ഒരുപരിധിവരെ കുറയ്ക്കാനാകുമെന്നതും ഇന്ത്യയ്ക്ക് ആശ്വാസമാകും.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]