സാമൂഹിക ക്ഷേമ പ്രവർത്തനങ്ങൾക്കായി രാജ്യത്തെ കോർപ്പറേറ്റ് സ്ഥാപനങ്ങൾ മാറ്റിവെക്കുന്ന തുകയിൽ ഗണ്യമായ വർധന രേഖപ്പെടുത്തി. 2024-25 സാമ്പത്തിക വർഷത്തിൽ കോർപ്പറേറ്റ് സാമൂഹിക ഉത്തരവാദിത്തത (സിഎസ്ആർ) ഇനത്തിൽ ആകെ 40,794 കോടി രൂപയാണ് ചെലവഴിച്ചിരിക്കുന്നത്.
മുൻവർഷത്തെ അപേക്ഷിച്ച് 17% വർധനയാണ് ഈ മേഖലയിലുണ്ടായിട്ടുള്ളത്. ദേശീയതലത്തിലുള്ള ഈ വളർച്ചയ്ക്ക് സമാന്തരമായി കേരളത്തിലും സിഎസ്ആർ നിക്ഷേപങ്ങളിൽ വലിയ കുതിച്ചുചാട്ടമുണ്ടായി.
സംസ്ഥാനത്ത് ആകെ 617 കോടി രൂപയാണ് ഈ കാലയളവിൽ ചെലവഴിച്ചത്. മുൻ വർഷത്തെ അപേക്ഷിച്ച് കേരളത്തിൽ 59% വർധനയാണ് രേഖപ്പെടുത്തിയിട്ടുള്ളത്.
കേരളത്തിന്റെ വികസന പ്രവർത്തനങ്ങൾക്ക് വ്യവസായ സ്ഥാപനങ്ങളിൽ നിന്നും കൂടുതൽ പിന്തുണ ലഭിക്കുന്നു എന്നതിന്റെ വ്യക്തമായ സൂചനയാണിതെന്ന് സിഎസ്ആർ മേഖലയിലെ പ്രമുഖ കൺസൾട്ടിങ് സ്ഥാപനമായ ഫൽക്രം പുറത്തിറക്കിയ ‘ഭാരത് സിഎസ്ആർ പെർഫോമൻസ് റിപ്പോർട്ട് 2026’ വ്യക്തമാക്കുന്നു. കഴിഞ്ഞ ഒരു ദശകത്തിനിടെ ഇന്ത്യൻ കമ്പനികൾ സിഎസ്ആർ പ്രവർത്തനങ്ങൾക്കായി മാത്രം 2.61 ലക്ഷം കോടി രൂപയിലധികമാണ് വിനിയോഗിച്ചിട്ടുള്ളത്.
കേരളത്തിൽ സിഎസ്ആർ ഫണ്ട് വഴി ഏറ്റവും കൂടുതൽ ധനസഹായം ലഭ്യമായത് എറണാകുളം, തൃശൂർ, തിരുവനന്തപുരം, വയനാട്, കണ്ണൂർ എന്നീ ജില്ലകൾക്കാണ്. ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം, പരിസ്ഥിതി സംരക്ഷണം എന്നീ മേഖലകൾക്കാണ് ഫണ്ട് വിനിയോഗത്തിൽ മുൻഗണന ലഭിച്ചത്.
സംസ്ഥാനത്ത് സിഎസ്ആർ ഫണ്ടുകൾ അനുവദിക്കുന്നതിൽ മുത്തൂറ്റ് ഫിനാൻസ്, ഫെഡറൽ ബാങ്ക്, മണപ്പുറം ഫിനാൻസ്, ഒഎൻജിസി, ഐആർഇഎൽ തുടങ്ങിയ കമ്പനികൾ മുൻനിരയിലുണ്ട്. ദേശീയ സിഎസ്ആർ ചെലവിൽ 17% വർധന ഉണ്ടായപ്പോൾ ഗുജറാത്തിലും കേരളത്തിലും യഥാക്രമം 68%, 59% എന്നിങ്ങനെയായിരുന്നു വളർച്ചയെന്നും ഇത് തികച്ചും ശ്രദ്ധേയമായ കാര്യമാണെന്നും ഫൽക്രം കോ-സിഇഒ പാർതേഷ് വ്യാസ് വ്യക്തമാക്കി.
നിലവിൽ രാജ്യത്ത് 29,546 കമ്പനികളാണ് സിഎസ്ആർ പരിധിയ്ക്ക് കീഴിൽ വരുന്നത്. ഇതിലേക്ക് പുതുതായി 1,012 കമ്പനികൾ കൂടി കടന്നുവന്നു.
ശരാശരി 56.47 ലക്ഷം രൂപ ചെലവ് വരുന്ന 72,233 സിഎസ്ആർ പദ്ധതികളാണ് ഈ കമ്പനികൾ രാജ്യത്തുടനീളം നടപ്പിലാക്കിയത്. ആകെ പദ്ധതികളിൽ 7,123 കോടി രൂപയും (17%) മുൻനിരയിലുള്ള 10 കമ്പനികളുടെ വകയാണ്.
1,309 കോടി രൂപയുമായി റിലയൻസ് ഇൻഡസ്ട്രീസ് ആണ് ഇതിൽ ഒന്നാം സ്ഥാനത്ത്. 1,039 കോടി രൂപ ചെലവഴിച്ച എച്ച്ഡിഎഫ്സി ബാങ്കും 949 കോടി രൂപ വിനിയോഗിച്ച ടിസിഎസും പട്ടികയിൽ തൊട്ടുപിന്നിലുണ്ട്.
രാജ്യത്ത് ആകെ വിനിയോഗിച്ച സിഎസ്ആർ ഫണ്ടിന്റെ 54 ശതമാനവും ലഭിച്ചത് അഞ്ച് സംസ്ഥാനങ്ങൾക്കാണ്. ഇതിൽ മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ തുക ചെലവഴിച്ചത്.
8,631 കോടി രൂപയാണ് ഇവിടെ വിനിയോഗിച്ചത്. ഗുജറാത്ത്, കർണാടക, ഡൽഹി, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളും ഈ പട്ടികയിൽ മുന്നിലുണ്ട്.
അതേസമയം, ലക്ഷദ്വീപ്, ദമൻ ആൻഡ് ദിയു, മിസോറാം, ആൻഡമാൻ ആൻഡ് നിക്കോബാർ ദ്വീപുകൾ, ത്രിപുര തുടങ്ങിയ പ്രദേശങ്ങളിൽ ഏറ്റവും കുറഞ്ഞ അളവിലാണ് സിഎസ്ആർ ഫണ്ട് ലഭിച്ചതെന്നും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. എന്താണ് സിഎസ്ആർ ഫണ്ട്?
കമ്പനികൾ തങ്ങളുടെ വാർഷിക ലാഭത്തിന്റെ ഒരു നിശ്ചിത ശതമാനം സാമൂഹിക ക്ഷേമ പ്രവർത്തനങ്ങൾക്കായി മാറ്റിവെക്കണമെന്ന് നിഷ്കർഷിക്കുന്നതാണ് 2013ലെ കമ്പനീസ് ആക്ട്.
500 കോടി രൂപയോ അതിനു മുകളിലോ ആസ്തിയുള്ളതോ, 1000 കോടി രൂപയോ അതിനു മുകളിലോ വാർഷിക വിറ്റുവരവുള്ളതോ, അല്ലെങ്കിൽ അഞ്ച് കോടി രൂപയോ അതിനു മുകളിലോ അറ്റാദായമുള്ളതോ ആയ ഏതൊരു കമ്പനിയും തങ്ങളുടെ ലാഭത്തിന്റെ രണ്ട് ശതമാനം ഇതിനായി മാറ്റിവെക്കണമെന്നാണ് നിയമപരമായ വ്യവസ്ഥ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

