
ചരിത്രത്തിലെ ഏറ്റവും വലിയ ഏകദിന തകർച്ചയിൽ നിന്ന് രാജ്യാന്തര സ്വർണവില (gold price) ‘ബയിങ് ദ ഡിപ്’ ട്രെൻഡിന്റെ കരുത്തിൽ കരകയറ്റം തുടങ്ങിയതോടെ, കേരളത്തിൽ (Kerala gold rate) ഇന്ന് പ്രതിഫലിച്ചത് നേരിയ വിലക്കുറവ് മാത്രം. ഗ്രാമിന് വെറും 10 രൂപ കുറഞ്ഞ് വില 9,005 രൂപയും പവന് 80 രൂപ താഴ്ന്ന് 72,040 രൂപയുമായി.
ചൊവ്വാഴ്ച ഗ്രാമിന് 275 രൂപയും പവന് 2,200 രൂപയും ഒറ്റയടിക്ക് മുന്നേറി വില റെക്കോർഡിലെത്തിയിരുന്നു. എന്നാൽ, ഇന്നലെ ഇതേനിലവാരത്തിൽ തന്നെ താഴേക്കും ഇറങ്ങി. ചൊവ്വാഴ്ചത്തെ വിലയായ ഗ്രാമിന് 9,290 രൂപയും പവന് 74,320 രൂപയുമാണ് കേരളത്തിലെ റെക്കോർഡ്.
18 കാരറ്റ് സ്വർണവിലയും ഇന്നു നേരിയതോതിൽ കുറഞ്ഞു. ഭീമ ഗ്രൂപ്പ് ചെയർമാൻ ഡോ.ബി. ഗോവിന്ദൻ നയിക്കുന്ന ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷന്റെ (എകെജിഎസ്എംഎ) നിർണയപ്രകാരം 18 കാരറ്റ് സ്വർണവില ഗ്രാമിന് 5 രൂപ കുറഞ്ഞ് 7,460 രൂപയായി. വെള്ളി വില ഗ്രാമിന് ഒരു രൂപ ഉയർന്ന് 110 രൂപയും. എസ്. അബ്ദുൽ നാസർ വിഭാഗം എകെജിഎസ്എംഎ ഇന്നു 18 കാരറ്റിനു വില ഗ്രാമിന് 7,410 രൂപയിൽ തന്നെ നിലനിർത്തി. വെള്ളി വിലയും മാറിയില്ല; ഗ്രാമിന് 109 രൂപ.
സ്വർണത്തിൽ ‘ബയിങ് ദ ഡിപ്’ ട്രെൻഡ്
യുഎസ്-ചൈന താരിഫ് തർക്കം അകലുന്നുവെന്ന സൂചനകളെ തുടർന്ന് ഇന്നലെ ഇന്ത്യൻ സമയം വൈകിട്ടോടെ ചരിത്രത്തിലെ ഏറ്റവും വലിയ ഏകദിന തകർച്ച നേരിട്ട രാജ്യാന്തര സ്വർണവില, ഇന്ന് കരകയറ്റം തുടങ്ങി. ഔൺസിന് ഒറ്റയടിക്ക് റെക്കോർഡ് 140 ഡോളറോളം ഇടിഞ്ഞ് 3,275 ഡോളർ വരെ എത്തിയ വില, ഇപ്പോഴുള്ളത് 3,327 ഡോളറിൽ. ഇന്നു മാത്രം ഏകദേശം 40 ഡോളർ ഉയർന്നു.
വില ഇന്നലെ കുത്തനെ ഇടിഞ്ഞതു മുതലെടുത്ത് വാങ്ങൽ താൽപര്യം (ബയിങ് ദ ഡിപ്) വൻതോതിൽ കൂടിയതാണ് സ്വർണത്തിനെ കരകയറ്റത്തിന്റെ പാതയിലാക്കിയത്. അല്ലായിരുന്നെങ്കിൽ ഇന്നു ഒറ്റദിവസം കേരളത്തിൽ സ്വർണവില ഗ്രാമിന് 250 രൂപയിലധികവും പവന് 2,000 രൂപയിലധികവും കുറയുമായിരുന്നു. മാത്രമല്ല, ഇന്നും ഇന്ത്യൻ റുപ്പി ഡോളറിനെതിരെ 17 പൈസ ഇടിഞ്ഞാണ് രാവിലെ വ്യാപാരം തുടങ്ങിയത്. രൂപ തളർന്നില്ലായിരുന്നെങ്കിൽ ഇന്നു സ്വർണവില കേരളത്തിൽ കൂടുതൽ താഴുമായിരുന്നു.
സ്വർണത്തിൽ ചാഞ്ചാട്ടം
ചൈനയുമായുള്ള വ്യാപാരത്തർക്കം പരിഹരിക്കാൻ ശ്രമിക്കുന്നുവെന്ന യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ അഭിപ്രായവും യുഎസ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവിന്റെ ചെയർമാൻ ജെറോം പവലിനെ പുറത്താക്കാൻ തനിക്ക് ഉദ്ദേശ്യമില്ലെന്ന് ട്രംപ് വ്യക്തമാക്കിയതും യുഎസ് ഓഹരി വിപണികൾക്കും ഡോളറിനും കരുത്തായിട്ടുണ്ട്. താരിഫ് പ്രതിസന്ധി അയയുന്നതും ഫെഡറൽ റിസർവിനു മേലുള്ള സമ്മർദം അകലുന്നതും യുഎസിൽ സാമ്പത്തികമാന്ദ്യ സാധ്യത കുറയാൻ വഴിയൊരുക്കി. ഇതെല്ലാം സ്വർണവിലയെ താഴേക്ക് നയിച്ചു.
താരിഫ് തർക്കം രൂക്ഷമായപ്പോൾ ഓഹരി, കടപ്പത്ര വിപണികളെ കൈവിട്ട് സ്വർണത്തിലേക്ക് നിക്ഷേപം മാറ്റിയവർ, ഇതോടെ തിരികെ ഓഹരി-കടപ്പത്ര വിപണികളിലേക്ക് മടങ്ങിത്തുടങ്ങി. കഴിഞ്ഞദിവസങ്ങളിലെ റെക്കോർഡ് വിലക്കയറ്റം മുതലെടുത്ത് ലാഭമെടുപ്പ് തകൃതിയാക്കിയതും ഇന്നലെ സ്വർണവിലയെ റെക്കോർഡ് ഏകദിന തകർച്ചയിലേക്ക് നയിച്ചു. എന്നാൽ, പിന്നീട് ‘ബയിങ് ദ ഡിപ്’ ട്രെൻഡ് ശക്തമായി; വില ഉയരാനും തുടങ്ങി.
സ്വർണവും വാങ്ങൽ വിലയും
പവന് ഇന്നു വില 72,040 രൂപയാണ് കേരളത്തിൽ വില. ആഭരണമായി വാങ്ങുമ്പോൾ ഇതോടൊപ്പം 3% ജിഎസ്ടി, 45 രൂപയും അതിന്റെ 18 ശതമാനവും ചേരുന്ന ഹോൾമാർക്ക് ചാർജ് (53.10 രൂപ), പണിക്കൂലി എന്നിവയും നൽകണം. പണിക്കൂലി ആഭരണത്തിന്റെ ഡിസൈനിന് അനുസരിച്ച് ഓരോ ജ്വല്ലറിയിലും വ്യത്യാസപ്പെട്ടിരിക്കും. ഇതു 3 മുതൽ 35 ശതമാനം വരെയൊക്കെയാകാം. പണിക്കൂലി കുറവുള്ളതും ഓഫറുകൾ നൽകുന്നതുമായ ജ്വല്ലറികളിൽ നിന്ന് സ്വർണം വാങ്ങുന്നത് വാങ്ങൽവില കുറയാൻ സഹായിക്കും.