രാജ്യാന്തര വിപണിയിൽ സ്വർണവില ഇടിഞ്ഞു നിൽക്കുമ്പോഴും കേരളത്തിൽ വില വീണ്ടും വർധിച്ചു. സംസ്ഥാനത്ത് ഇന്ന് ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 70 രൂപയാണ് വർധിച്ചത്.
ഇതോടെ ഒരു ഗ്രാം സ്വർണവില 13,500 രൂപയായി ഉയർന്നു. 560 രൂപ വർധിച്ചതോടെ ഒരു പവൻ സ്വർണത്തിന്റെ വിപണി വില 1,08,000 രൂപയിലെത്തി.
ഇന്നലെ സംസ്ഥാനത്ത് പവന് ഒറ്റയടിക്ക് 1680 രൂപ വർധിച്ചിരുന്നു. രാജ്യാന്തര വിപണിയിൽ സ്വർണവില ഔൺസിന് 22 ഡോളർ താഴ്ന്ന് 4123 ഡോളർ എന്ന നിലയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.
ഇന്നലെ കേരളത്തിൽ വില നിശ്ചയിക്കുമ്പോഴും രാജ്യാന്തര വിപണിയിൽ സമാനമായ നിരക്കായിരുന്നു ഉണ്ടായിരുന്നത്. എന്നിട്ടും ഇന്ന് കേരളത്തിൽ വില വർധിക്കുകയാണുണ്ടായത്.
അതേസമയം, ഇന്ത്യൻ രൂപയുടെ മൂല്യം ഡോളറിനെതിരെ 8 പൈസ ഉയർന്ന് 96.49 ലാണ് വ്യാപാരം ആരംഭിച്ചത്. ഇത് യഥാർത്ഥത്തിൽ സ്വർണവില കുറയാൻ അനുകൂലമായ സാഹചര്യമാണെങ്കിലും, വിപണിയിലെ ട്രെൻഡ് ഇതിന് വിരുദ്ധമായിരുന്നു.
എങ്കിലും, രാജ്യാന്തര വിപണിയിൽ വില കൂടുതൽ താഴുകയാണെങ്കിൽ ഇന്നുതന്നെയോ നാളെയോ കേരളത്തിലെ സ്വർണവിലയും കുറയാൻ സാധ്യതയുണ്ട്. പശ്ചിമേഷ്യയിലെ സംഘർഷങ്ങൾ രൂക്ഷമാകുന്നതിന്റെ പശ്ചാത്തലത്തിൽ ക്രൂഡ് ഓയിൽ വില കുതിച്ചുയരുന്നതാണ് രാജ്യാന്തര സ്വർണവിലയിലെ താഴ്ചയ്ക്ക് പ്രധാന കാരണം.
ഇതിനുപുറമേ, യുഎസ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവിന്റെ വരാനിരിക്കുന്ന പണനയ നിർണയ യോഗത്തിൽ പലിശനിരക്കുമായി ബന്ധപ്പെട്ട് എന്ത് തീരുമാനം ഉണ്ടാകുമെന്ന അനിശ്ചിതത്വവും നിലനിൽക്കുന്നുണ്ട്. പലിശനിരക്കുകൾ ഉയർത്താനുള്ള സാധ്യതയാണ് സാമ്പത്തിക നിരീക്ഷകർ വിലയിരുത്തുന്നത്.
എണ്ണവില വർധനയും അതുമൂലം ഉണ്ടാകുന്ന പണപ്പെരുപ്പ ഭീഷണിയും പലിശനിരക്കിലെ വർധനവും യുഎസ് ഡോളറിന് കൂടുതൽ കരുത്തു പകരും. കൂടാതെ കടപ്പത്രങ്ങളിൽ നിന്നുള്ള നേട്ടമായ ബോണ്ട് യീൽഡ് മെച്ചപ്പെടുന്നത് ആഗോളതലത്തിൽ സ്വർണവിലയെ താഴേക്ക് നയിച്ചേക്കാം.
ഇന്ന് മറ്റ് വിഭാഗം സ്വർണങ്ങളുടെ വിലയിലും വർധനവ രേഖപ്പെടുത്തി. 18 കാരറ്റ് സ്വർണം ഗ്രാമിന് 60 രൂപ വർധിച്ച് 11,095 രൂപയായി.
14 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 45 രൂപ കൂടി 8,640 രൂപയാണ് വിപണി വില. 9 കാരറ്റ് സ്വർണവില ഗ്രാമിന് 30 രൂപ ഉയർന്ന് 5,575 രൂപയിലെത്തി.
അതേസമയം, സംസ്ഥാനത്ത് വെള്ളിയുടെ വിലയിൽ മാറ്റമില്ലാതെ തുടരുന്നു. ഒരു ഗ്രാം വെള്ളിക്ക് 240 രൂപയാണ് നിലവിലെ നിരക്ക്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

