ദക്ഷിണ കൊറിയൻ ഇലക്ട്രോണിക്സ് ബ്രാൻഡായ എൽജിയുടെ ഇന്ത്യയിലെ പ്രാരംഭ ഓഹരി വിൽപന (ഐപിഒ) ഉടനുണ്ടായേക്കില്ല. ആഗോള താരിഫ് യുദ്ധപശ്ചാത്തലത്തിൽ ഓഹരി വിപണി വൻ ചാഞ്ചാട്ടം നേരിടുന്നത് കണക്കിലെടുത്ത്, ഐപിഒ നടപടികൾ കമ്പനി കൽകാലം വൈകിപ്പിക്കുകയാണെന്ന് ബ്ലൂംബെർഗാണ് റിപ്പോർട്ട് ചെയ്തത്. എൽജി ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

കമ്പനിയുടെ നിലവിലെ നടപടിക്രമങ്ങൾ പ്രകാരം അടുത്തമാസമാണ് ഐപിഒ നടക്കേണ്ടത്. നേരത്തെ 15 ബില്യൻ ഡോളർ (ഏകദേശം 1.3 ലക്ഷം കോടി രൂപ) മൂല്യം വിലയിരുത്തിയായിരുന്നു ഐപിഒയ്ക്കുള്ള എൽജിയുടെ മുന്നൊരുക്കങ്ങൾ. നിലവിൽ മൂല്യം കൽപിക്കുന്നത് 10.5-11.5 ബില്യൻ ഡോളർ വരെ (ഏകദേശം ഒരുലക്ഷം കോടി രൂപ).

പൂർണമായും ഓഫർ-ഫോർ-സെയിൽ (ഒഎഫ്എസ്) പ്രകാരമായിരിക്കും എൽജി ഇലക്ട്രോണിക്സിന്റെ ഐപിഒ. നിലവിലെ ഓഹരി ഉടമകൾ (പ്രൊമോട്ടർമാർ) കൈവശമുള്ള ഓഹരികളിൽ‌ നിശ്ചിതവിഹിതം വിറ്റഴിക്കുന്ന മാർഗമാണിത്. അതായത്, ഐപിഒയിൽ പുതിയ ഓഹരികളുണ്ടാവില്ല (ഫ്രഷ് ഇഷ്യൂ). ഏകദേശം 15% ഓഹരികളാണ് എൽജിയുടെ മാതൃകമ്പനി ഐപിഒ വഴി വിറ്റഴിക്കുക.

English Summary:

LG Electronics pauses IPO plans of India unit: Report