അമേരിക്കയിൽ തുടങ്ങി ലോകമാകെ വീശിയടിച്ച ‘നിർമിത ബുദ്ധി കൊടുങ്കാറ്റിനെ’ (എഐ ബബിൾ) തച്ചുടച്ച് ‘രക്ഷകന്റെ കടന്നുവരവ്’. ലോകത്തെ ഏറ്റവും മൂല്യമേറിയ കമ്പനിയും എഐ ചിപ് നിർമാണരംഗത്തെ ‘ഭീമനുമായ’ എൻവിഡിയ പ്രതീക്ഷകളെ കവച്ചുവച്ച സെപ്റ്റംബർ പാദ പ്രവർത്തനഫലം പുറത്തുവിട്ടതോടെ ആഗോളതലത്തിൽ ഓഹരി വിപണികൾ മികച്ച നേട്ടത്തിലേക്ക് ഇരച്ചുകയറി.
യുഎസിൽ കഴിഞ്ഞ ഏതാനും നാളുകളായി ‘ചോരപ്പുഴ’യായിരുന്ന എസ് ആൻഡ് പി500 സൂചിക 0.38%, നാസ്ഡാക് 0.59%, ഡൗ ജോൺസ് 0.10% എന്നിങ്ങനെ ഉയർന്നു.
ഏഷ്യയിൽ ജാപ്പനീസ് നിക്കേയ് 4 ശതമാനത്തിലധികമാണ് ഒരുവേള കുതിച്ചത്. നിലവിൽ നേട്ടം 3.22%.
ഇന്ത്യയിൽ എഐ കുമിള ആശങ്ക വിതച്ചിരുന്നില്ല. ചാഞ്ചാട്ടമുണ്ടായിരുന്നെങ്കിലും സെൻസെക്സ് ഇന്നലെ 513 പോയിന്റ് (+0.61%) മുന്നേറ്റം നടത്തി 85,186ലും നിഫ്റ്റി 143 പോയിന്റ് (+0.55%) ഉയർന്ന് 26,052ലും എത്തി.
ഗിഫ്റ്റ് നിഫ്റ്റി ഇന്നുരാവിലെ 100 പോയിന്റിലധികം കയറിയിട്ടുണ്ട്. സെൻസെക്സും നിഫ്റ്റിയും ഇന്ന് കൂടുതൽ കുതിക്കുമെന്നാണ് ഇതു നൽകുന്ന പ്രതീക്ഷ.
റെക്കോർഡ് തകർക്കുമെന്നും കരുതുന്നു.
പൊളിയുന്ന എഐപ്പേടി
എഐയുടെ വികസനത്തിന് ടെക് കമ്പനികൾ വാരിക്കോരി ബില്യൻ കണക്കിന് നിക്ഷേപമിറക്കുന്നതിനെ ആദ്യം പ്രതീക്ഷയോടെയാണ് നിക്ഷേപകർ കണ്ടതെങ്കിലും പിന്നീട് പേടിയായി. ഇങ്ങനെ വമ്പൻ നിക്ഷേപങ്ങൾ നടത്തുന്നതിന് അനുസരിച്ചുള്ള നേട്ടം തിരിച്ചുകിട്ടിയില്ലെങ്കിലോ…? നിക്ഷേപ വാഗ്ദാനങ്ങൾക്ക് പിന്നാലെ കമ്പനികളുടെ ഓഹരിവില കത്തിക്കയറിയതും വിതച്ചത് ആശങ്കയാണ്.
കയറിയതിനേക്കാൾ വമ്പൻ വീഴ്ചയായിരിക്കും കാത്തിരിക്കുന്നതെന്ന ഭയം ‘എഐ കുമിള’ പോലെ വികസിച്ചു.
എന്നാൽ, അതിനെയെല്ലാം തൂത്തെറിയുന്ന മികവുറ്റ പ്രവർത്തനഫലം എൻവിഡിയ പുറത്തുവിട്ടതോടെ വിപണി വീണ്ടും ആവേശത്തിലായി. എഐ കുമിള എന്നൊന്നില്ല എന്ന് എൻവിഡിയ സിഇഒ ജെൻസെൻ ഹുവാങ് പറഞ്ഞതും കരുത്ത് പകർന്നു.
പ്രവചനങ്ങളെ തകർത്ത് പ്രവർത്തനഫലം
എൻവിഡിയ ഇക്കഴിഞ്ഞ ജൂലൈ-സെപ്റ്റംബർ പാദത്തിൽ 57.01 ബില്യൻ ഡോളർ വരുമാനം നേടി.
നിരീക്ഷകർ പ്രവചിച്ചത് 54.92 ബില്യനായിരുന്നു. നടപ്പുപാദത്തിൽ (ഒക്ടോബർ-ഡിസംബർ) 65 ബില്യനാണ് പ്രതീക്ഷയെന്നും കമ്പനി പറഞ്ഞതോടെ ഓഹരികൾ കുതിച്ചുയർന്നു.
എൻവിഡിയ ഓഹരികളുടെ നേട്ടം 5 ശതമാനത്തിലധികമാണ്.
ഓരോ ഓഹരിക്കും അനുപാതമായ ലാഭം (ഏണിങ്സ് പെർ ഷെയർ/ഇപിഎസ്) 1.25 ഡോളർ പ്രതീക്ഷിച്ചിടത്ത് 1.30 ഡോളറിലെത്തി. ലാഭം (നെറ്റ് ഇൻകം) 65% മുന്നേറി 31.91 ബില്യനിലെത്തി.
കഴിഞ്ഞവർഷത്തെ സമാനപാദത്തിൽ ഇതു 19.31 ബില്യനായിരുന്നു. കഴിഞ്ഞവർഷം ഇപിഎസ് 0.78 ഡോളറേ ഉണ്ടായിരുന്നുള്ളൂ.
എഐയുടെ ചിപ് വാങ്ങുന്ന ഉപഭോക്താക്കളും ചില്ലറക്കാരല്ല – മൈക്രോസോഫ്റ്റ്, ആമസോൺ, ഗൂഗിൾ, ഓറക്കിൾ, മെറ്റ എന്നിങ്ങനെ നീളുന്നു പട്ടിക.
ആവേശക്കാറ്റ് ഏഷ്യയിലേക്കും
എൻവിഡിയ തൊടുത്ത ആവേശക്കാറ്റ് ഏഷ്യയിലും ആഞ്ഞുവീശി. ദക്ഷിണ കൊറിയയുടെ എസ് ഹൈനിക് 4%, സാംസങ് ഇലക്ട്രോകിസ് 4%, എൻവിഡിയയ്ക്കായി ചിപ് നിർമിക്കുന്ന തായ്വാൻ കമ്പനിയായ ടിഎസ്എംസി 4% എന്നിങ്ങനെ മുന്നേറി.
ടോക്കിയോ ഇലക്ട്രോൺ, റെനസസ് ഇലക്ട്രോണിക്സ്, ലേസർടെക്, എഐ കമ്പനികളിൽ വലിയ നിക്ഷേപമുള്ള സോഫ്റ്റ്ബാങ്ക് എന്നിവ 7% വരെ ഉയർന്നു.
ദക്ഷിണ കൊറിയൻ ഓഹരി സൂചികയായ കോസ്പി 2.63%, ഓസ്ട്രേലിയയുടെ എഎസ്എക്സ്200 സൂചിക 1%, ഹോങ്കോങ് 0.09%, ഷാങ്ഹായ് 0.19% എന്നിങ്ങനെയും നേട്ടത്തിലാണ്.
സമാധാന മേശയിലേക്ക് പുട്ടിൻ
യുക്രെയ്നെതിരായ റഷ്യയുടെ യുദ്ധം അവസാനിപ്പിക്കാൻ ഇതിനിടെ, യുഎസ് പ്രസിഡന്റ് ട്രംപ് രഹസ്യനീക്കങ്ങൾ നടത്തുന്നതായ റിപ്പോർട്ടുകൾ പുറത്തുവന്നതും ഓഹരി വിപണികൾക്ക് ആശ്വാസമാണ്. ഗാസ വെടിനിർത്തലിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ട്രംപിന്റെ നീക്കം.
ഗാസയിൽ 20-പോയിന്റ് നിബന്ധനകളിലൂന്നിയായിരുന്നു സമാധാന നീക്കമെങ്കിൽ റഷ്യ-യുക്രെയ്ൻ വെടിനിർത്തലിന് ട്രംപ് ഇപ്പോൾ നടത്തുന്നത് 28-പോയിന്റ് നീക്കമാണ്.
ഇതിന്റെ ഭാഗമായി അമേരിക്കൻ ഉന്നത സൈനിക നേതൃത്വം യുക്രെയ്നിൽ എത്തിയെന്നും റിപ്പോർട്ടുകളുണ്ട്.
∙ റഷ്യ-യുക്രെയ്ൻ സമാധാന നീക്കത്തിന് പിന്നാലെ ക്രൂഡ് ഓയിൽ വില താഴ്ന്നെങ്കിലും പിന്നീട് നേരിയതോതിൽ തിരിച്ചുകയറി. ∙ ഡബ്ല്യുടിഐ ക്രൂഡ് വില ഇപ്പോഴുമുള്ളത് ബാരലിന് 59.4 ഡോളർ നിലവാരത്തിലാണ്; ബ്രെന്റ് 63.7 ഡോളറിലും.
ആശങ്കപ്പെടുത്താൻ തൊഴിൽക്കണക്ക്
ഷട്ട്ഡൗൺ കാലത്ത് പുറത്തുവിടാതെ വച്ചിരുന്ന തൊഴിലില്ലായ്മക്കണക്ക് ട്രംപ് ഭരണകൂടം ഇന്നു പുറത്തുവിടുമെന്നത് ആശങ്ക നിറയ്ക്കുകയാണ്.
തൊഴിലില്ലായ്മ ആനുകൂല്യം പറ്റുന്നവരുടെ എണ്ണം രണ്ടുമാസത്തെ ഉയരത്തിലെത്തിയെന്ന പ്രാഥമിക റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. കണക്കുകൾ നിരാശപ്പെടുത്തിയാൽ പക്ഷേ, യുഎസ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് ഡിസംബറിലെ യോഗത്തിൽ അടിസ്ഥാന പലിശനിരക്കുകൾ കുറയ്ക്കാൻ തയാറായേക്കും.
∙ അതേസമയം, പലിശ കുറയ്ക്കുന്നതിനോട് ഫെഡറൽ റിസർവിലെ പണനയ സമിതിയിൽ ഭിന്നാഭിപ്രായമാണുള്ളതെന്ന് കഴിഞ്ഞ യോഗത്തിലെ മിനിറ്റ്സ് വ്യക്തമാക്കിയത് തിരിച്ചടിയാണ്.
∙ ഫെഡറൽ റിസർവ് ചെയർമാനും ട്രംപിന്റെ കടുത്ത അമർഷത്തിന് പാത്രവുമായ ജെറോം പവലിന്റെ പകരക്കാരനെ ട്രംപ് ഉടൻ പ്രഖ്യാപിച്ചേക്കും.
∙ ഫെഡറൽ റിസർവിന്റെ പലിശനയം സംബന്ധിച്ച അനിശ്ചിതത്വം സ്വർണവിലയിൽ സൃഷ്ടിക്കുന്നത് കനത്ത ചാഞ്ചാട്ടം.
ഒരുവേള ഔൺസിന് 4,110 ഡോളർ വരെ ഉയർന്ന രാജ്യാന്തര വില പിന്നീട് 4,047 ഡോളറിലേക്ക് ഇടിഞ്ഞു. ∙ വില ഇപ്പോഴുള്ളത് 4,056 ഡോളറിൽ.
കുതിപ്പുതുടരാൻ ഇന്ത്യ
രാവിലെ ഗിഫ്റ്റ് നിഫ്റ്റി വൻ നേട്ടത്തിലേറിയതും വിദേശ സൂചികകളുടെ മികച്ച പ്രകടനവും ഇന്ത്യൻ വിപണിക്ക് ആവേശമാകും.
ഇക്കഴിഞ്ഞ ഒക്ടോബർ 23ലെ 85,290 ആണ് സെൻസെക്സിന്റെ നിലവിലെ റെക്കോർഡ്. നിഫ്റ്റിയുടേത് 26,277.
അത് ഇന്ന് പഴങ്കഥയായേക്കും.
ഇന്ത്യ-യുഎസ് വ്യാപാര ഡീൽ ഉടൻ പ്രാബല്യത്തിലാകുമെന്നതും നേട്ടമാണ്. രൂപ ഇന്നലെ ഡോളറിനെതിരെ 12 പൈസ ഉയർന്ന് 88.48ൽ എത്തിയിരുന്നു.
ഓഹരി വിപണികളുടെ നേട്ടമാണ് രൂപയ്ക്കും കരുത്ത്. വിദേശ ധനകാര്യ സ്ഥാപനങ്ങൾ (എഫ്ഐഐ) 1,580 കോടി രൂപയുടെ ഇന്ത്യൻ ഓഹരികൾ വാങ്ങിക്കൂട്ടിയതും വലിയ പ്രതീക്ഷകൾ നൽകുന്നു.
∙ ഇൻഫോസിസിന്റെ 18,000 കോടിയുടെ ബൈബാക്ക് ഇന്നുമുതലാണ്.
∙ ലിസ്റ്റിങ്ങിന് ശേഷം വൻ മുന്നേറ്റം നടത്തിയ ഗ്രോ ഓഹരികൾ ഇന്നലെ 10% ഇടിഞ്ഞു.
ഇന്നും ഓഹരി ശ്രദ്ധാകേന്ദ്രമാകും.
∙ പൊതുമേഖലാ എണ്ണക്കമ്പനിയായ ബിപിസിഎലിലെ ഓഹരി പങ്കാളിത്തം എൽഐസി 8.75ൽ നിന്ന് 6.75 ശതമാനമായി കുറച്ചു.
∙ അദാനി പവറിന്റെ 2 ബില്യൻ മതിക്കുന്ന ഊർജ പദ്ധതിക്ക് അനുമതി നൽകുന്നത് ഉത്തർ പ്രദേശ് തടഞ്ഞു. പദ്ധതിയിന്മേൽ വ്യക്തതയില്ലെന്നതാണ് കാരണം.
∙ റിലയൻസ് പവർ പുതിയ ബോർഡ് ഓഫ് മാനേജ്മെന്റിന് രൂപംനൽകി.
കമ്പനിയുടെ പ്രവർത്തനം മെച്ചപ്പെടുത്താനാണിത്.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
(Disclaimer: ഈ ലേഖനം ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട്/ക്രിപ്റ്റോകറൻസി മുതലായവ വാങ്ങാനോ വില്ക്കാനോ ഉള്ള നിര്ദേശമോ ഉപദേശമോ അല്ല. ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട് മുതലായ നിക്ഷേപങ്ങൾ വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്.
നിക്ഷേപം നടത്തുന്നതിന് മുമ്പ് നിങ്ങള് സ്വയം പഠനങ്ങൾ നടത്തുകയോ ഒരു വിദഗ്ധന്റെ ഉപദേശം തേടുകയോ ചെയ്യുക) … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

