ലുലു ഫിനാൻഷ്യൽ ഹോൾഡിങ്സ് മാനേജിങ് ഡയറക്ടർ അദീബ് അഹമ്മദിനെ വാഷിങ്ടൻ പോസ്റ്റിന്റെ ആഗോള ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) ആൻഡ് ടെക്നോളജി കൗൺസിലിലേക്ക് തിരഞ്ഞെടുത്തു. പ്രമുഖ മാധ്യമ സ്ഥാപനമായ വാഷിങ്ടൻ പോസ്റ്റിന്റെ ഉപദേശക വിഭാഗമായ ‘വാഷിങ്ടൺ പോസ്റ്റ് ഇന്റലിജൻസ്’ ആണ് ഈ നിയമനം നടത്തിയത്.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഡിജിറ്റൽ പരിവർത്തനം എന്നീ മേഖലകളിൽ ആഗോളതലത്തിൽ നയരൂപീകരണത്തിനും വ്യവസായ നവീകരണത്തിനുമായി പ്രവർത്തിക്കുന്ന വിദഗ്ധരുടെ കൂട്ടായ്മയാണിത്. അന്താരാഷ്ട്ര തലത്തിലുള്ള പ്രമുഖ ബിസിനസ് മേധാവികളും സാങ്കേതിക വിദഗ്ധരും അടങ്ങുന്നതാണ് ഈ സമിതി.
ഗൾഫ് മേഖലയിൽ നിന്ന് ഈ കൗൺസിലിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആദ്യ ബിസിനസ് നേതാക്കളിൽ ഒരാളാണ് അദീബ് അഹമ്മദ്.
ആഗോളതലത്തിൽ എഐ, ഫിൻടെക് രംഗങ്ങളുടെ കേന്ദ്രമായി മാറിക്കൊണ്ടിരിക്കുന്ന ഗൾഫ് മേഖലയുടെ കാഴ്ചപ്പാടുകളും അനുഭവങ്ങളും കൗൺസിലിൽ പങ്കുവെക്കുന്നതിൽ അദ്ദേഹത്തിന്റെ സാന്നിധ്യം നിർണായകമാകും. അദീബ് അഹമ്മദിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ലുലു ഫിനാൻഷ്യൽ ഹോൾഡിങ്സ്, ജിസിസി, ഇന്ത്യൻ ഉപഭൂഖണ്ഡം, ഏഷ്യ-പസഫിക് മേഖലകളിലായി സാന്നിധ്യമുള്ള പ്രമുഖ സാമ്പത്തിക സേവന ഗ്രൂപ്പാണ്.
ക്രോസ്-ബോർഡർ പേയ്മെന്റുകൾ, ഫിൻടെക് ഇന്നൊവേഷൻ, ഡിജിറ്റൽ സാമ്പത്തിക ഉൾപ്പെടുത്തൽ എന്നീ മേഖലകളിലാണ് കമ്പനി പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

