ഗ്രീൻലൻഡ് പിടിച്ചെടുക്കാനുള്ള തീരുമാനത്തിന് പ്രേരിപ്പിച്ചത് സമാധാന നൊബേൽ നിഷേധിച്ചതെന്ന വാദവുമായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. സൈനിക നടപടിയിലൂടെ ഗ്രീന്‍ലൻഡ് പിടിക്കുമോയെന്ന ചോദ്യത്തിന് കൃത്യമായ ഉത്തരം നൽകാനും അദ്ദേഹം തയാറായില്ല.
തന്റെ ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ യൂറോപ്യൻ രാജ്യങ്ങൾക്ക് മേൽ 100 ശതമാനം തീരുവ ചുമത്തുമെന്നും ട്രംപ് പറഞ്ഞു. എന്നാൽ ട്രംപിന് തിരിച്ചടി നൽകാനുള്ള ഒരുക്കത്തിലാണ് യൂറോപ്യൻ യൂണിയൻ.
ഗ്രീൻലൻഡിലേക്ക് കൂടുതൽ രാജ്യങ്ങൾ സേനയെ അയക്കുമെന്നും റിപ്പോർട്ടുകൾ പറയുന്നു.
അതിനിടെ ബ്രിക്സ് രാജ്യങ്ങളിലെ ഔദ്യോഗിക ഡിജിറ്റൽ കറൻസികള്‍ പരസ്പരം ബന്ധിപ്പിക്കാനുള്ള നിർദേശവുമായി റിസർവ് ബാങ്ക്. അംഗരാജ്യങ്ങൾ തമ്മിലുള്ള വ്യാപാര ഇടപാടുകൾ വേഗത്തിലും എളുപ്പത്തിലും ചെയ്യാൻ ഇതിലൂടെ സാധിക്കുമെന്നാണ് ആർബിഐ കരുതുന്നത്.
ഭൗമരാഷ്ട്രീയ സംഘർഷങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ അമേരിക്കൻ ഡോളറിനെ കൂടുതൽ ആശ്രയിക്കുന്നത് ഒഴിവാക്കാനും സാധിക്കും. അടുത്ത ബ്രിക്സ് ഉച്ചകോടിയിൽ ഇന്ത്യ ഇക്കാര്യം പ്രമേയമായി അവതരിപ്പിക്കണമെന്നും ആർബിഐ കേന്ദ്രസർക്കാരിനോട് നിര്‍ദേശിച്ചെന്നാണ് റിപ്പോർട്ട്.
ഇന്ത്യയെക്കൂടാതെ ബ്രസീൽ, റഷ്യ, ചൈന, ദക്ഷിണാഫ്രിക്ക തുടങ്ങിയ രാജ്യങ്ങളാണ് ബ്രിക്സ് അംഗങ്ങൾ.
ബ്രിക്സ് ഡിജിറ്റൽ കറൻസി നീക്കം യുഎസിനെ പ്രകോപിപ്പിക്കാൻ സാധ്യതയുണ്ട്. ബ്രിക്സ് നീക്കം അമേരിക്കൻ വിരുദ്ധമാണെന്നാണ് ട്രംപിന്റെ വാദം.
സ്വന്തം കറൻസിയുമായി ബ്രിക്സ് മുന്നോട്ട് നീങ്ങിയാൽ അധിക തീരുവ ചുമത്തുമെന്ന് നേരത്തെ തന്നെ ട്രംപ് പറഞ്ഞിരുന്നു. എന്നാൽ ബ്രിക്സ് കറൻസിയെന്ന ആശയം ഇന്ത്യയുടെ മുന്നിലില്ലെന്നാണ് ഇതുവരെയും കേന്ദ്രസർക്കാർ പറഞ്ഞിരുന്നത്.
പുതിയ റിപ്പോർട്ടുകളോട് കേന്ദ്രം ഇതുവരെ പ്രതികരിച്ചിട്ടില്ല. നിലവിൽ മിക്ക രാജ്യങ്ങളുമായും അമേരിക്കൻ ഡോളറിലാണ് ഇന്ത്യ വിദേശ വ്യാപാരം ചെയ്യുന്നത്.
ചില രാജ്യങ്ങളുമായി ഇന്ത്യൻ രൂപയിലും ഇടപാടുകൾ നടത്തുന്നുണ്ട്. ബ്രിക്സ് ഡിജിറ്റല്‍ കറൻസിയിലേക്ക് ഇടപാടുകൾ മാറിയാൽ വിദേശ വ്യാപാര രംഗത്ത് വലിയ മാറ്റമുണ്ടാകുമെന്നാണ് വിലയിരുത്തൽ.
വിപണിയിൽ ചുവപ്പ് രാശി
ഇന്ത്യൻ ഓഹരി വിപണി ഇന്നലെയും ചുവപ്പിലായിരുന്നു.
യൂറോപ്യൻ യൂണിയൻ – യുഎസ് വ്യാപാര യുദ്ധം മുറുകുമെന്ന സൂചനകളാണ് വിപണിയെ നഷ്ടത്തിലാക്കിയത്. സെൻസെക്സ് 0.39 ശതമാനവും നിഫ്റ്റി 0.42 ശതമാനവും ഇടിഞ്ഞു.
ഇന്നലെ മാത്രം നിക്ഷേപകരുടെ സമ്പത്തിൽ കുറവ് വന്നത് രണ്ട് ലക്ഷം കോടി രൂപ. ഇൻഡിഗോ എയർലൈൻസിന്റെ മാതൃകമ്പനിയായ ഇന്റർഗ്ലോബ് ഏവിയേഷൻ, ടെക് മഹീന്ദ്ര, ഹിന്ദുസ്ഥാൻ യൂണിലിവർ പോലുള്ള കമ്പനികൾ മികച്ച നേട്ടമുണ്ടാക്കി.
ഗിഫ്റ്റ് നിഫ്റ്റി ഇന്നും ചുവപ്പിലാണ്. ഇന്ത്യൻ ഓഹരി വിപണി സൂചികകൾ കാര്യമായ നേട്ടത്തോടെ വ്യാപാരം ആരംഭിക്കാൻ സാധ്യതയില്ലെന്നാണ് ഇതിലെ സൂചന.
മാർട്ടിൻ ലൂതർ കിങ് ദിനമായതിനാൽ ഇന്നലെ യുഎസ് ഓഹരി വിപണി പ്രവർത്തിച്ചിരുന്നില്ല.
ട്രംപിന്റെ യൂറോപ്യൻ വ്യാപാര യുദ്ധത്തിന്റെ അലയൊലികൾ ഇന്ന് വിപണിയിൽ പ്രകടമാകും. യുഎസ് ഓഹരി ഫ്യൂച്ചറുകൾ ഇന്നും ചുവപ്പിലാണ്.
രാജ്യാന്തര ഓഹരി വിപണികളെ ബാധിച്ച നഷ്ടം യുഎസ് വിപണികളെയും ബാധിക്കുമെന്നാണ് വിലയിരുത്തൽ.
യൂറോപ്യൻ വിപണികളും ഇന്നലെ നഷ്ടത്തിലായിരുന്നു. യുഎസിലേക്കുള്ള കയറ്റുമതി നിലച്ചാല്‍ യൂറോപ്യൻ കമ്പനികളെ സാരമായി ബാധിക്കുമെന്നാണ് നിക്ഷേപകരുടെ വിലയിരുത്തൽ.
യൂറോപ്പിലെ പ്രധാന സൂചികകളെല്ലാം ശരാശരി അരശതമാനത്തോളം ഇടിഞ്ഞു. ഏഷ്യൻ വിപണികള്‍ ഇന്നലെ സമ്മിശ്രമായിരുന്നു.
എന്നാല്‍ ഇന്ന് പ്രധാന ഏഷ്യൻ സൂചികകളെല്ലാം നഷ്ടത്തിലായി. നിക്കെയ് 0.90 ശതമാനവും ഹോങ്കോങ് 0.12 ശതമാനവും ഷാൻഹായ് 0.19 ശതമാനവും നഷ്ടത്തിലാണ് തുടരുന്നത്.
ട്രംപിന്റെ നീക്കത്തിന് പുറമെ ജാപ്പനീസ് പാർലമെന്റ് പിരിച്ചുവിട്ട് നേരത്തെ തിരഞ്ഞെടുപ്പ് നടത്തുമെന്ന പ്രഖ്യാപനവും വിപണികളെ സ്വാധീനിച്ചെന്നാണ് വിലയിരുത്തൽ.
വിട്ടുവീഴ്ചയില്ലാതെ വെള്ളി
റെക്കോർഡ് വിലയിൽ നിന്ന് താഴെ ഇറങ്ങിയെങ്കിലും സ്വര്‍ണവ്യാപാരം ഉയർന്ന് തന്നെയാണ്. ഇന്ന് രാജ്യാന്തര വിപണിയില്‍ ഔൺസിന് 4,670 ഡോളറെന്ന നിലയിലാണ് വ്യാപാരം. വെള്ളി വില പുതിയ റെക്കോർഡിലെത്തി.
ഔൺസിന് 94.61 ഡോളറിലെത്തിയ വെള്ളി വില നിലവിൽ 93 ഡോളറിലാണ് വ്യാപാരം നടക്കുന്നത്. വില ഇനിയും വര്‍ധിക്കുമെന്നാണ് വിദഗ്ധർ പറയുന്നത്.
കഴിഞ്ഞ ദിവസം കേരളത്തിൽ വെള്ളി വില ഗ്രാമിന് 305 രൂപയെത്തിയിരുന്നു. സ്വർണം രണ്ട് തവണയായി 1,800 രൂപ വർധിച്ച് പവന് 1,07,240 രൂപയുമായി.
യുഎഇയുടെ മര്‍ബന്‍ ക്രൂഡ് ഓയില്‍ 0.27 ശതമാനം ഇടിവിലാണ്.
യുഎസിന്റെ ഡബ്ല്യൂടിഐ ക്രൂഡും നേരിയ നഷ്ടത്തിലായി. എന്നാൽ ബ്രെന്റ് ക്രൂഡ് ഓയില്‍ നേരിയ നേട്ടത്തിലാണ് വ്യാപാരം നടക്കുന്നത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

