യുഎസിൽ നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റത്തോത് (റീട്ടെയ്ൽ പണപ്പെരുപ്പം) പ്രവചനങ്ങളെ പൊളിച്ച് താഴ്ന്നിറങ്ങിയത് ആഘോഷമാക്കി ഓഹരി വിപണികൾ. നവംബറിൽ 2.7 ശതമാനത്തിലേക്കാണ് വാർഷിക പണപ്പെരുപ്പനിരക്ക് താഴ്ന്നതെന്ന് യുഎസിന്റെ ബ്യൂറോ ഓഫ് ലേബർ സ്റ്റാറ്റിസ്റ്റിക്സ് വ്യക്തമാക്കി.
പണപ്പെരുപ്പം 3.1 ശതമാനം ഉയരുമെന്നായിരുന്നു സാമ്പത്തിക വിദഗ്ധരുടെ പ്രവചനം.
ട്രംപിന്റെ താരിഫ് യുദ്ധം അമേരിക്കയിൽ പ്രതീക്ഷിച്ചത്ര പ്രതിസന്ധിയല്ലെന്നതിന്റെ സൂചനയുമായി ഈ വിലയിറക്കം. ട്രംപിന് ഇത് വലിയ ആശ്വാസമാണ്; വിമർശകർക്ക് തിരിച്ചടിയും.
ഭക്ഷ്യവസ്തുക്കളും ഊർജോൽപന്നങ്ങളും ഒഴിവാക്കിയുള്ള പണപ്പെരുപ്പം (കോർ ഇൻഫ്ലേഷൻ) 3 ശതമാനം പ്രതീക്ഷിച്ചിടത്ത് 2.6 ശതമാനത്തിലേക്കും കുറഞ്ഞു.
ഇതോടെ, യുഎസ് കേന്ദ്രബാങ്ക് ഫെഡറൽ റിസർവ് ഇനിയുള്ള യോഗങ്ങളിലും പലിശഭാരം കുറച്ചേക്കുമെന്ന സൂചന ശക്തമായി; ഓഹരികൾക്കത് ആവേശവും.
ഓഹരിക്ക് ഉന്മേഷം
തുടർച്ചയായി 4 ദിവസം നഷ്ടത്തിലായിരുന്ന യുഎസ് ഓഹരി സൂചിക എസ് ആൻഡ് പി500, ഇന്നലെ 0.79% നേട്ടത്തോടെ വ്യാപാരം പൂർത്തിയാക്കി. നാസ്ഡാക് കോംപസിറ്റ് 1.38 ശതമാനവും ഡൗ ജോൺസ് 0.14 ശതമാനവും ഉയർന്നു.
ഈ ത്രൈമാസത്തിൽ (ഒക്ടോബർ-ഡിസംബർ) മികച്ച വരുമാനമാണ് പ്രതീക്ഷിക്കുന്നതെന്ന ചിപ് നിർമാണക്കമ്പനി മൈക്രോൺ ടെക്നോളജിയുടെ അഭിപ്രായവും ഓഹരി വിപണികൾക്ക് കരുത്തുപകർന്നു; മൈക്രോൺ ഓഹരി 10% ഉയർന്നു. യുഎസിൽ ഫ്യൂച്ചേഴ്സ് വിപണികളും പച്ചപ്പിലായി.
ജപ്പാനിൽ പലിശഭാരം മേലോട്ട്
ഏഷ്യയിൽ ജാപ്പനീസ് നിക്കേയ് 0.98%, ഷാങ്ഹായ് 0.10%, ഹോങ്കോങ് 0.36%, യൂറോപ്പിൽ എഫ്ടിഎസ്ഇ 0.65%, ഡാക്സ് 1.00 ശതമാനം എന്നിങ്ങനെ ഉയർന്നു.
ജപ്പാനിൽ നവംബറിലെ പണപ്പെരുപ്പം 2.9 ശതമാനത്തിലേക്ക് കുറഞ്ഞെങ്കിലും ഇത് കേന്ദ്രബാങ്കായ ബാങ്ക് ഓഫ് ജപ്പാന്റെ ‘ലക്ഷ്മണരേഖ’യായ 2 ശതമാനത്തിന് മുകളിൽ തുടരുന്നത് തുടർച്ചയായ 44-ാം മാസമാണ്.
പരിധിവിട്ട് ഉയർന്നുനിൽക്കുന്ന പണപ്പെരുപ്പത്തെ താഴെയിറക്കാൻ ബാങ്ക് ഓഫ് ജപ്പാൻ അടിസ്ഥാന പലിശനിരക്ക് കൂട്ടാനുള്ള സാധ്യത ഇതോടെ ശക്തമായി. പലിശനിരക്ക് 0.75 ശതമാനത്തിലേക്ക് കൂട്ടാനാണ് സാധ്യത.
അങ്ങനെയെങ്കിൽ അത് 1995ന് ശേഷമുള്ള ഏറ്റവും ഉയരമായിരിക്കും.
അരി വിലയിൽ ആശ്വാസം
തുടർച്ചയായ 6-ാം മാസവും അരിവില കുറഞ്ഞത് ജപ്പാൻകാർക്ക് വലിയ ആശ്വാസമാണ്. അരിവില മുൻമാസങ്ങളിൽ കൂടിനിന്നത് കനത്ത തിരിച്ചടിയായിരുന്നു.
മേയിൽ അരിവില നിലവാരം ജപ്പാനിൽ 50 വർഷത്തെ ഉയരത്തില് എത്തിയിരുന്നു. ബാങ്ക് ഓഫ് ജപ്പാൻ പലിശനിരക്ക് കൂട്ടിയാൽ ജാപ്പനീസ് യെന്നിന്റെ മൂല്യം ഡോളറിനെതിരെ മെച്ചപ്പെടും.
രാജ്യത്ത് പണപ്പെരുപ്പം കുറയാനും വഴിയൊരുങ്ങും. ഈ വിലയിരുത്തലുകളുടെയും ബലത്തിലാണ് ജാപ്പനീസ് ഓഹരി വിപണി ഇന്ന് പച്ചതൊട്ടത്.
ഇന്ത്യയ്ക്ക് വലിയ പ്രതീക്ഷ
വിദേശത്തുനിന്നുള്ള അനുകൂല ഘടകങ്ങൾ, ഇന്ത്യ-ഒമാൻ സ്വതന്ത്ര വ്യാപാരക്കരാർ എന്നിവ ഇന്ത്യൻ ഓഹരി വിപണികൾക്ക് ഇന്ന് നേട്ടത്തിന്റെ ട്രാക്കിലേക്ക് കയറാനുള്ള കരുത്ത് നൽകിയേക്കും.
ഇന്നലെ സെൻസെക്സും നിഫ്റ്റിയും നേരിയ നഷ്ടമായിരുന്നു നേരിട്ടത്. ഇന്നു രാവിലെ ഗിഫ്റ്റ് നിഫ്റ്റി 70 പോയിന്റ് കയറിയതും ഇന്ന് നേട്ടത്തിലേക്ക് കയറാമെന്ന പ്രതീക്ഷ നൽകുന്നു.
റിസർവ് ബാങ്കിന്റെ കഴിഞ്ഞയോഗത്തിന്റെ മിനിറ്റ്സ്, ഇന്ത്യയുടെ വിദേശ നാണയ ശേഖരക്കണക്ക് എന്നിവ ഉടൻ പുറത്തുവരുന്നതും ഓഹരി വിപണിയുടെ പ്രകടനത്തെ സ്വാധീനിക്കും.
ഇന്ത്യയുടെ പണപ്പെരുപ്പം, ജിഡിപി വളർച്ചാ അനുമാനം തുടങ്ങിയ വിഷയങ്ങളിൽ കഴിഞ്ഞ യോഗത്തിൽ റിസർവ് ബാങ്ക് എന്തൊക്കെ ചർച്ച ചെയ്തുവെന്നും അവരുടെ വിലയിരുത്തൽ എന്താണെന്നും മിനിറ്റ്സിൽ നിന്ന് മനസ്സിലാക്കാം.
എണ്ണ താഴ്ന്നു, രൂപ കയറി
റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാനുള്ള ചർച്ചകളിൽ അനിശ്ചിതത്വം തുടരുന്നത് ക്രൂഡ് ഓയിൽ വിലയെ വീണ്ടും താഴ്ത്തി. ഡബ്ല്യുടിഐ വില 55 ഡോളർ നിലവാരത്തിലേക്കും ബ്രെന്റ് വില 59 ഡോളർ നിലവാരത്തിലേക്കും വീണു.
റിസർവ് ബാങ്കിന്റെ ‘രക്ഷാപ്രവർത്തനത്തിന്റെ’ കരുത്തിൽ രൂപ ഡോളറിനെതിരെ ഇന്നലെയും നില മെച്ചപ്പെടുത്തി.
12 പൈസ ഉയർന്ന് 90.26ലാണ് വ്യാപാരം പൂർത്തിയാക്കിയത്. വിദേശ ധനകാര്യ സ്ഥാപനങ്ങൾ (എഫ്ഐഐ) ഇന്ത്യൻ ഓഹരികൾ വാങ്ങിത്തുടങ്ങിയിട്ടുണ്ട്. ഇന്നലെ അവർ 596 കോടി രൂപ നിക്ഷേപിച്ചു.
ഇത് ഓഹരി വിപണിക്കും രൂപയ്ക്കും ആശ്വാസമാണ്.
സ്വർണവില കുറയുന്നു
സ്വർണവില കേരളത്തിൽ പവന് ഒരുലക്ഷം രൂപ തൊടുന്നത് കാണാൻ ഇനിയും കാത്തിരിക്കേണ്ടിവരും! രാജ്യാന്തര വില താഴുകയാണ്.
ലാഭമെടുപ്പാണ് കാരണം. ഔൺസിന് 16 ഡോളർ കുറഞ്ഞ് 4,325 ഡോളറിലാണ് രാവിലെ വിലയുള്ളത്.
കേരളത്തിൽ ഇന്ന് വില കുറഞ്ഞേക്കാമെന്ന പ്രതീക്ഷ ഇതു നൽകുന്നു. ഇന്നലെ പവൻ വിലയുള്ളത് 98,880 രൂപയിലാണ്.
ഓലയും വീയും റിലയൻസും
∙ ഓല ഇലക്ട്രിക് പ്രമോട്ടർ ഭവിഷ് അഗർവാൾ ഇന്നലെയും കമ്പനിയിലെ ഓഹരി പങ്കാളിത്തം കുറച്ചു.
ഇന്നലെ വിറ്റഴിച്ചത് 90.27 കോടി രൂപയുടെ ഓഹരികൾ. തുടർച്ചയായ 3-ാം ദിവസമാണ് അഗർവാൾ ഓഹരി വിൽക്കുന്നത്.
ചൊവ്വാഴ്ച 92 കോടി, ബുധനാഴ്ച 142 കോടി എന്നിങ്ങനെയും ഓഹരി വിറ്റ് സമാഹരിച്ചിരുന്നു.
∙ വോഡഫോൺ ഐഡിയ കടപ്പത്ര (എൻസിഡി) വിൽപനവഴി 3,300 കോടി രൂപ സമാഹരിച്ചു. സാമ്പത്തിക ഞെരുക്കത്തിലൂടെ കടന്നുപോകുന്ന കമ്പനിക്ക് ഇത് വലിയ ആശ്വാസമാകും.
∙ റിലയൻസ് ഇൻഡസ്ട്രീസിന്റെ എഫ്എംസിജി ഉപകമ്പനിയായ റിലയൻസ് കൺസ്യൂമർ പ്രോഡക്ട്സ് തമിഴ്നാട് കമ്പനിയായ ഉദയംസ് അഗ്രോ പ്രോഡക്ട്സിന്റെ ഭൂരിപക്ഷ ഓഹരികൾ ഏറ്റെടുത്തു.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
(Disclaimer: ഈ ലേഖനം ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട്/ക്രിപ്റ്റോകറൻസി മുതലായവ വാങ്ങാനോ വില്ക്കാനോ ഉള്ള നിര്ദേശമോ ഉപദേശമോ അല്ല.
ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട് മുതലായ നിക്ഷേപങ്ങൾ വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്. നിക്ഷേപം നടത്തുന്നതിന് മുമ്പ് നിങ്ങള് സ്വയം പഠനങ്ങൾ നടത്തുകയോ ഒരു വിദഗ്ധന്റെ ഉപദേശം തേടുകയോ ചെയ്യുക) … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

