പുതിയ അധ്യായന വര്‍ഷം ആരംഭിക്കാനിരിക്കെ, വിപണിയിലെ കച്ചവട കേന്ദ്രങ്ങളില്‍ കര്‍ശന പരിശോധനയുമായി ദുബായ് അധികൃതര്‍ രംഗത്ത്.
സ്കൂള്‍ തുറക്കുന്നതിന്റെ മുന്നോടിയായി എണ്ണൂറിലധികം റീട്ടെയില്‍ കടകളിലാണ് പ്രധാനമായും പരിശോധനകള്‍ നടപ്പിലാക്കുന്നത്. ഇതിന്റെ ഭാഗമായി ഓണ്‍ലൈന്‍ വിപണികളിലെ വില്‍പ്പനയും അധികൃതരുടെ പ്രത്യേക നിരീക്ഷണത്തിലാണ്.
വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കുന്നതിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ സജീവമായ വിപണിയിലേക്ക് ഉപഭോക്താക്കളുടെ ഒഴുക്ക് വര്‍ധിച്ചിട്ടുണ്ട്. വിവിധ സ്റ്റേഷനറി കടകളും സൂപ്പര്‍മാര്‍ക്കറ്റുകളും ആകര്‍ഷകമായ ‘ബാക്ക് ടു സ്കൂള്‍’ ക്യാമ്പയിനുകളും ഓഫറുകളുമാണ് ഉപഭോക്താക്കള്‍ക്കായി ഒരുക്കിയിരിക്കുന്നത്.
നിലവില്‍ കുടുംബങ്ങള്‍ക്ക് ഏറെ തിരക്കേറിയ ഷോപ്പിംഗ് കാലയളവാണിത്. ദുബായ് കോര്പ്പറേഷന് ഫോര്‍ കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ ആന്‍ഡ് ഫെയര്‍ ട്രേഡിന്റെ നേതൃത്വത്തിലാണ് എണ്ണൂറിലധികം പരിശോധനകള്‍ സജ്ജീകരിച്ചിരിക്കുന്നത്.
ഇതിന്റെ തുടക്കമെന്ന നിലയില്‍ ദിവസങ്ങള്‍ക്ക് മുന്‍പ് തന്നെ വിപണിയില്‍ പരിശോധനകള്‍ ആരംഭിച്ചു കഴിഞ്ഞതായി അധികൃതര്‍ വ്യക്തമാക്കി. ഒരേ കേന്ദ്രത്തില്‍ ഒറ്റത്തവണ മാത്രം പരിശോധന നടത്തുന്ന പതിവ് രീതി ഇത്തവണ ഒഴിവാക്കിയിട്ടുണ്ട്.
പരസ്യങ്ങളില്‍ വാഗ്ദാനം ചെയ്തിരിക്കുന്ന ഓഫറുകള്‍ യഥാര്‍ത്ഥമാണോയെന്ന് ഉദ്യോഗസ്ഥര്‍ കൃത്യമായി വിലയിരുത്തും. ഉല്‍പ്പന്നങ്ങളുടെ ഗുണനിലവാരം, വിലവിവരങ്ങള്‍ തുടങ്ങിയവയും കര്‍ശന പരിശോധനയ്ക്ക് വിധേയമാക്കും.
പ്രമോഷണല്‍ ക്യാമ്പയിനുകളുടെ മറവില്‍ ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്ന പ്രവണതകള്‍ തടയുന്നതിനൊപ്പം എക്സ്ചേഞ്ച്, റീഫണ്ട് നയങ്ങളും സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്. ഇന്റര്‍നെറ്റ് വഴിയുള്ള വില്‍പ്പനകള്‍ വര്‍ധിച്ച സാഹചര്യത്തില്‍ വിവിധ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളുടെ വിപണിയും കനത്ത പരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ട്.
ഈ സീസണില്‍ ഷോപ്പിംഗ് നടത്തുന്ന കുടുംബങ്ങള്‍ സാധനങ്ങളുടെ ഗുണമേന്മയും ലഭിക്കുന്ന കിഴിവും ഉറപ്പുവരുത്തണമെന്ന് അധികൃതര്‍ കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ബില്ല് തുക നല്‍കുന്നതിന് മുന്‍പ് സ്ഥാപനങ്ങളുടെ എക്സ്ചേഞ്ച്, റിട്ടേണ്‍ വ്യവസ്ഥകള്‍ ഉപഭോക്താക്കള്‍ പരിശോധിക്കണം.
കൂടാതെ, വാങ്ങിയ സാധനങ്ങളുടെ രസീതുകളും വാറന്റി രേഖകളും സുരക്ഷിതമായി സൂക്ഷിക്കണമെന്നും അതോറിറ്റി ഓര്‍മ്മിപ്പിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

