മുംബൈ ∙ വിവാഹത്തിനു മുൻപായുള്ള ഹൽദി ആഘോഷത്തിൽ പങ്കെടുക്കാനെത്തിയവർക്ക് കൂട്ടത്തോടെ ഭക്ഷ്യവിഷബാധ. മഹാരാഷ്ട്രയിലെ കല്യാണിൽ വധു ഉൾപ്പെടെ 80 ഓളം പേർക്ക് ശനിയാഴ്ച രാത്രി ഭക്ഷ്യവിഷബാധ ഏറ്റതോടെ ഞായറാഴ്ച നടത്താനിരുന്ന വിവാഹം മാറ്റിവച്ചു.
125ഓളം അതിഥികളെയാണ് ഹൽദി ചടങ്ങിലേക്ക് ക്ഷണിച്ചിരുന്നത്.
ചടങ്ങിനു ശേഷം രാത്രി പത്തുമണിയോടെ ഭക്ഷണം വിളമ്പി. തുടർന്ന് ആഹാരം കഴിച്ചവർക്കു കൂട്ടത്തോടെ ഛർദ്ദി, വയറിളക്കം, തലകറക്കം തുടങ്ങിയ രോഗാവസ്ഥയുണ്ടായി.
കൂട്ടത്തോടെ ഭക്ഷ്യവിഷബാധ ഏറ്റതോടെ ചടങ്ങിനെത്തിയവർ പരിഭ്രാന്തരാകുകയും ചികിത്സ തേടി ആശുപത്രിയിലെത്തുകയും ചെയ്തു. ഭക്ഷണം കഴിച്ച വധുവിനും ആരോഗ്യ പ്രശ്നങ്ങളുണ്ടായി.
തുടർന്ന് ഞായറാഴ്ച നടക്കാനിരുന്ന വിവാഹ ചടങ്ങുകൾ റദ്ദാക്കി.
സംഭവത്തിൽ ഭക്ഷണം എത്തിച്ച കാറ്ററിങ് കമ്പനിക്കെതിരെ വധുവിന്റെ പിതാവ് പരാതി നൽകി. വിവാഹം മാറ്റിവച്ചതിലൂടെ 12 ലക്ഷം രൂപയോളം നഷ്ടമുണ്ടായതായി പരാതിയിൽ പറയുന്നു.
അസുഖം ബാധിച്ചവരിൽ ചിലർ ഇപ്പോഴും ആശുപത്രിയിൽ ചികിത്സയിലാണ്. ലക്ഷങ്ങളും കോടികളും ചെലവിട്ടുള്ള ആഡംബര കല്യാണങ്ങൾ ഇന്ത്യയിൽ വീണ്ടും ചർച്ചയാകുകയുമാണ്.
സെലിബ്രിറ്റികളുടെ പങ്കാളിത്തവും ഡാൻസും പാട്ടും ആഡംബരവുമൊക്കെയാണ് പലപ്പോഴും ഇത്തരം കല്യാണങ്ങളെ ശ്രദ്ധേയമാക്കുന്നത്. ചിലപ്പോഴൊക്കെ വിവാദങ്ങളും.
ഇന്ത്യൻ വനിതാ ക്രിക്കറ്റ് താരം സ്മൃതി മന്ഥനയുടെ വിവാഹം അവസാനനിമിഷം ഒഴിവായതും ഒടുവിലത്തെ ഒരു ഉദാഹരണമായിരുന്നു.
ജയ്പുരിൽ ഒരു കല്യാണത്തിനിടെ ഒരാൾ പങ്കുവച്ച അനുഭവവും അടുത്തിടെ വൻ ചർച്ചയായിരുന്നു. കല്യാണം നടക്കാനെടുത്ത സമയം വെറും 4 മണിക്കൂർ.
അയാൾ കഴിച്ച ഭക്ഷണം 250 ഗ്രാം. പക്ഷേ അടച്ച ബിൽ 40 ലക്ഷം രൂപ.
ജയ്പുർ സ്വദേശി പറയുന്നത് ഇങ്ങനെ: ‘‘ജയ്പുരിലെ ഒരു 5-സ്റ്റാർ ഹോട്ടലിലാണ് ഞാൻ. ഒരു കല്യാണത്തിന് വന്നതാണ്.
അൽപം മുൻപാണ് എനിക്കൊരു ബിൽ കിട്ടിയത്. 37.40 ലക്ഷം രൂപ.
ഒരു പ്ലേറ്റിന് ടാക്സ് അടക്കം 3,440 രൂപ’’ – അദ്ദേഹം പറഞ്ഞു.
ഇന്ത്യയിൽ ഇത് വിവാഹ സീസണാണ്. കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ ട്രേഡേഴ്സിന്റെ റിപ്പോർട്ടുപ്രകാരം ഈ സീസണിൽ ഏകദേശം 46 ലക്ഷം കല്യാണങ്ങൾ ഇന്ത്യയിൽ നടക്കും.
ദിവസം ശരാശരി ഒരുലക്ഷം. ഏതാണ്ട് 6 ലക്ഷം കോടി രൂപ മുതൽ 6.5 ലക്ഷം കോടി രൂപവരെയാണ് ഈ കല്യാണങ്ങളിലൂടെ വിപണിയിലേക്ക് ഒഴുകുകയെന്നും കരുതുന്നു.
2024ലെ സീസണിൽ 48 ലക്ഷം കല്യാണങ്ങൾ നടന്നു. ഇത്തവണ എണ്ണം കുറവാണെങ്കിലും ചെലവ് പക്ഷേ 5.9 ലക്ഷം കോടി രൂപയിൽ നിന്നാണ് 6-6.5 ലക്ഷം കോടിയിലേക്ക് എത്തുന്നത്.
∙ ഈ കല്യാണങ്ങൾ ഇന്ത്യയുടെ ജിഡിപിക്ക് നൽകുന്ന സംഭാവന 1.91 ശതമാനം.
∙ ഇന്ത്യയുടെ ഒരുവർഷത്തെ വിവാഹ വിപണിയുടെ മൂല്യം 130 ബില്യൻ ഡോളർ. ഏകദേശം 11.5 ലക്ഷം കോടി രൂപ.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

