ന്യൂഡൽഹി ∙ യുഎസിൽ നിന്ന് പാചകവാതകം (എൽപിജി) ഇറക്കുമതി ചെയ്യുന്നതിനായി ഇന്ത്യയിലെ പൊതുമേഖലാ എണ്ണക്കമ്പനികൾ ഒരു വർഷത്തെ കരാറിൽ ഒപ്പുവച്ചു. ഇന്ത്യ–യുഎസ് വ്യാപാരക്കരാറിനുള്ള അവസാനവട്ട
ചരടുവലികൾ നടക്കുന്നതിനിടെയാണ് നിർണായക തീരുമാനം.
യുഎസിൽ നിന്ന് 22 ലക്ഷം ടൺ എൽപിജി ഇറക്കുമതി ചെയ്യാനാണ് തീരുമാനം. ഇന്ത്യയുടെ വാർഷിക എൽപിജി ഇറക്കുമതിയുടെ ഏകദേശം 10 ശതമാനം വരുന്ന ഈ കരാർ, യുഎസുമായി ഒപ്പുവയ്ക്കുന്ന ഇത്തരത്തിലുള്ള ആദ്യ കരാറാണ്.
യുഎസുമായുള്ള ഇന്ത്യയുടെ വ്യാപാരമിച്ചം കുറയ്ക്കാനുള്ള ശ്രമമായാണിതു വിലയിരുത്തപ്പെടുന്നത്.
ഇന്ത്യയിൽ നിന്നുള്ള കയറ്റുമതി യുഎസിൽ നിന്നുള്ള ഇറക്കുമതിയെക്കാൾ വളരെയധികം കൂടുതലാണ്. ഇതിനെതിരെ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പല തവണ വിമർശനം ഉന്നയിച്ചിരുന്നു.
എൽപിജി ആവശ്യകതയുടെ 65 ശതമാനവും ഇന്ത്യ ഇറക്കുമതി ചെയ്യുകയാണ്. 2024ൽ ഇറക്കുമതി ചെയ്ത എൽപിജിയുടെ 90 ശതമാനവും യുഎഇ, ഖത്തർ, കുവൈത്ത്, സൗദി എന്നിവിടങ്ങളിൽ നിന്നായിരുന്നു.
കഴിഞ്ഞ ഏതാനും മാസങ്ങളായി ചർച്ചയിലുള്ള ഉഭയകക്ഷി വ്യാപാര കരാറിന്റെ ഭാഗമായി യുഎസിൽ നിന്നുള്ള ഊർജ ഇറക്കുമതി വർധിപ്പിക്കാൻ ഇന്ത്യ സന്നദ്ധത അറിയിച്ചിരുന്നു.
ഊർജ ആവശ്യങ്ങൾക്കായി റഷ്യയെ ഇന്ത്യ ആശ്രയിക്കുന്നതിനെതിരെ യുഎസ് രംഗത്തെത്തിയിരുന്നു. 25% പകരം തീരുവയ്ക്കു പുറമേ ഓഗസ്റ്റ് അവസാനമാണ് റഷ്യൻ എണ്ണ വാങ്ങുന്നതിന്റെ പേരിൽ മറ്റൊരു 25% തീരുവ കൂടി ഇന്ത്യയ്ക്കുമേൽ യുഎസ് ചുമത്തിയത്.
റഷ്യയുമായി വ്യാപാരബന്ധമുള്ള രാജ്യങ്ങൾ കനത്തവില നൽകേണ്ടിവരുമെന്ന് ട്രംപ്
വാഷിങ്ടൻ ∙ റഷ്യയെ പൂർണമായി ഒറ്റപ്പെടുത്താനുള്ള കടുത്ത ഉപരോധങ്ങൾക്ക് പിന്തുണയുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്.
റഷ്യയുമായി വ്യാപാരബന്ധമുള്ള രാജ്യങ്ങൾക്ക് കഠിനമായ ഉപരോധങ്ങൾ നേരിടേണ്ടിവരുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകി. ഇറാനുമായി വ്യാപാരബന്ധമുള്ള രാജ്യങ്ങൾക്കും ഇതേസ്ഥിതിയായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
റഷ്യയുടെ സാമ്പത്തിക അടിത്തറ തകർക്കാനുള്ള കഠിനമായ ഉപരോധങ്ങൾക്കുവേണ്ടിയാണ് ട്രംപ് ഇപ്പോൾ വാദിക്കുന്നത്.
റഷ്യയ്ക്കെതിരായ ശിക്ഷാനടപടികൾ കടുപ്പിക്കാനുള്ള യുഎസ് കോൺഗ്രസിന്റെ ശ്രമങ്ങളെ പിന്തുണയ്ക്കുന്നതായും അദ്ദേഹം പറഞ്ഞു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

