ജനുവരി 29-ന് ധനമന്ത്രി കെ.എൻ.ബാലഗോപാൽ നിയമസഭയിൽ അവതരിപ്പിച്ച സംസ്ഥാന ബജറ്റിലെ കണക്കുകൾ വലിയ സാമ്പത്തിക പ്രതിസന്ധിയിലേക്കാണ് വിരൽചൂണ്ടുന്നത്. 1.84 ലക്ഷം കോടി രൂപയുടെ വരുമാനവും 2.39 ലക്ഷം കോടി രൂപയുടെ ചെലവുമാണ് ബജറ്റിൽ വകയിരുത്തിയിരുന്നത്.
വരവുചെലവ് കണക്കുകളിലെ 55,419 കോടി രൂപയുടെ അന്തരം നികത്താൻ റിസർവ് ബാങ്ക് വഴി പൊതുവിപണിയിൽ നിന്ന് കടമെടുക്കാനായിരുന്നു തീരുമാനം. ശമ്പളവും പെൻഷനും പലിശയും ഉൾപ്പെടെയുള്ള ഭരണപരമായ ചെലവുകൾക്ക് ഈ തുക അനിവാര്യമാണ്.
എന്നാൽ, സാമ്പത്തിക നിലയിൽ വലിയ ഇടിവാണ് പ്രകടമാകുന്നത്. റവന്യൂ കമ്മി ഗ്രാന്റ് ഇനത്തിൽ കേന്ദ്രത്തിൽ നിന്ന് ലഭിക്കേണ്ട
14,317 കോടി രൂപ ലഭ്യമാകില്ലെന്ന് ഉറപ്പായിട്ടുണ്ട്. ഇതിനുപുറമെ, കേന്ദ്ര നികുതി വിഹിതത്തിൽ പ്രതീക്ഷിച്ചതിനേക്കാൾ 5,000 കോടി രൂപയുടെ കുറവും വരും.
ഈ സാഹചര്യത്തിൽ മൊത്തം വരുമാനത്തിൽ 20,000 കോടി രൂപയുടെ കുറവുണ്ടാകുമെന്നാണ് കണക്കാക്കപ്പെടുന്നത്. ബജറ്റ് നിർദേശങ്ങൾ പ്രകാരം, ഭരണപരമായ ചെലവുകൾക്ക് ശേഷം വികസന പ്രവർത്തനങ്ങൾക്കായി ബാക്കിയുള്ളത് 33,000 കോടി രൂപയാണ്.
ഇതിൽ 20,000 കോടി രൂപ ഇല്ലാതാകുന്നതോടെ വെറും 13,000 കോടി രൂപ മാത്രമായി വികസന ബജറ്റ് ചുരുങ്ങും. ഈ പരിമിതമായ തുക ഉപയോഗിച്ച് സർക്കാർ എങ്ങനെ മുന്നോട്ട് പോകും എന്നതിലാണ് രാഷ്ട്രീയ വൃത്തങ്ങൾ ഉറ്റുനോക്കുന്നത്.
വരുമാന വർധനയ്ക്കായി ഇന്ധനത്തിനും മദ്യത്തിനും ഭൂമിക്കും നികുതി വർധിപ്പിക്കുന്നത് സർക്കാരിന് മുന്നിലുള്ള എളുപ്പവഴിയാണെങ്കിലും, ഇന്ധനവിലയിലെ നിലവിലെ വർധനവ് കണക്കിലെടുത്ത് അതിന് സാധ്യത കുറവാണ്. പകരം, ശമ്പള പരിഷ്കരണം നീട്ടിവെക്കാനും, മുൻ സർക്കാർ പ്രഖ്യാപിച്ച 36,057 കോടി രൂപയുടെ ഡിഎ, ഡിആർ കുടിശിക ഗഡുക്കളായി നൽകാനുള്ള തീരുമാനം പുനഃപരിശോധിക്കാനുമാണ് സാധ്യത.
9,014 കോടി രൂപ വേണ്ടിവരുന്ന ആദ്യ ഗഡുവിന്റെ വിതരണം റദ്ദാക്കുന്നത് സംബന്ധിച്ച നിർണായക തീരുമാനങ്ങൾ ഉടൻ ഉണ്ടായേക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

