ആഗോള എണ്ണ വ്യാപാരത്തിൽ അതീവ നിർണായകമായ ഹോർമുസ് കടലിടുക്കിലെ സംഘർഷങ്ങൾ തുടരുന്നതിനിടെ, പുതിയ തന്ത്രപരമായ നീക്കവുമായി അമേരിക്കൻ ഭരണകൂടം രംഗത്ത്. മേഖലയിൽ ഇറാൻ നടത്തുന്ന ഇടപെടലുകളെയും ഭീഷണികളെയും മറികടന്ന് എണ്ണ വിതരണം തടസ്സമില്ലാതെ തുടരാനാണ് യുഎസ് ലക്ഷ്യമിടുന്നത്.
ഇതിന്റെ ഭാഗമായി ഹോർമുസ് കടലിടുക്കിനെ പൂർണ്ണമായും ഒഴിവാക്കിക്കൊണ്ട് പശ്ചിമേഷ്യയിൽ നിന്ന് ക്രൂഡോയിൽ എത്തിക്കുന്നതിനുള്ള ബദൽ മാർഗങ്ങൾ സജീവമാക്കുന്നു. പഴയ കിർക്കുക്ക് – ബനിയാസ് പൈപ്പ്ലൈൻ പുനഃസ്ഥാപിക്കാനാണ് യുഎസ് ഭരണകൂടം മുൻകൈ എടുക്കുന്നത്.
ഇറാഖിലെ കിർക്കുക്കിൽ നിന്ന് സിറിയ വഴി മെഡിറ്ററേനിയൻ തീരത്തേക്ക് എണ്ണ എത്തിക്കുന്ന ഈ പാത 1952-ലാണ് ആദ്യമായി നിർമ്മിച്ചത്. 800 കിലോമീറ്റർ ദൈർഘ്യമുള്ള ഈ പൈപ്പ്ലൈനിന് പ്രതിദിനം മൂന്ന് ലക്ഷം ബാരൽ ക്രൂഡോയിൽ കൊണ്ടുപോകാനുള്ള ശേഷിയുണ്ട്.
ഇറാഖും സിറിയയും തമ്മിലുള്ള രാഷ്ട്രീയ ഭിന്നതകളെത്തുടർന്ന് 1982-ൽ ഇത് പ്രവർത്തനം നിർത്തിവെച്ചിരുന്നു. 2000-ൽ വീണ്ടും തുറന്നെങ്കിലും, 2003-ലെ ഇറാഖ് യുദ്ധവും തുടർന്നുണ്ടായ തകർച്ചകളും പൈപ്പ്ലൈനിനെ പ്രവർത്തനരഹിതമാക്കി.
അമേരിക്കൻ കമ്പനികളുടെ സഹായത്തോടെ ഈ പൈപ്പ്ലൈനിന്റെ കേടുപാടുകൾ തീർക്കാനാണ് പദ്ധതി. പദ്ധതി യാഥാർത്ഥ്യമായാൽ ഹോർമുസ് കടലിടുക്കിനെ ആശ്രയിക്കാതെ ഇറാഖിന് എണ്ണ കയറ്റുമതി ചെയ്യാനും, തകർന്ന സിറിയൻ സമ്പദ്വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാനും സാധിക്കുമെന്നാണ് വിലയിരുത്തൽ.
പൈപ്പ്ലൈൻ പുനർനിർമ്മാണത്തിന് ഏകദേശം 800 കോടി ഡോളർ നിക്ഷേപം ആവശ്യമായി വരുമെന്നാണ് കണക്കാക്കപ്പെടുന്നത്. മൂന്ന് വർഷത്തെ സമയപരിധിക്കുള്ളിൽ ഇതിന്റെ ശേഷി പ്രതിദിനം 15 ലക്ഷം ബാരലായി ഉയർത്താനാണ് നീക്കം.
ഈ പദ്ധതിയുമായി ബന്ധപ്പെട്ട പ്രാഥമിക ചർച്ചകൾ സജീവമായി നടക്കുകയാണ്.
കഴിഞ്ഞ ദിവസങ്ങളിൽ യുഎസ് എണ്ണക്കമ്പനിയായ ഷെവ്റോണിലെ പ്രതിനിധികൾ ഇറാഖ്, സിറിയൻ അധികൃതരുമായി ചർച്ചകൾ നടത്തിയിരുന്നു. കൂടാതെ, സാങ്കേതിക പഠനങ്ങൾക്കായി ഇറാഖിലെ ബർസ ഓയിൽ കമ്പനി യുഎസ് കമ്പനികളുമായി ഇതിനകം കരാറൊപ്പിട്ടു കഴിഞ്ഞു.
ഹോർമുസ് കടലിടുക്കിലെ വർദ്ധിച്ചുവരുന്ന സുരക്ഷാ വെല്ലുവിളികൾ ഈ പദ്ധതിയുടെ പ്രാധാന്യം വർദ്ധിപ്പിക്കുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

