രാജ്യാന്തര വിപണിയിലെ ട്രെൻഡ് മാറ്റത്തിന് പിന്നാലെ കേരളത്തിൽ സ്വർണവിലയില്‍ വർധന. ഗ്രാമിന് 110 രൂപ വർധിച്ച് 14,540 രൂപയിലാണ് ഇന്നത്തെ വ്യാപാരം.
പവൻ വിലയിൽ 880 രൂപയുടെ വർധനയുണ്ട്. 1,16,320 രൂപയാണ് ഇന്നത്തെ വില.
രാജ്യാന്തര വിപണിയിൽ സ്വർണം ഔൺസിന് (31.1ഗ്രാം) 5,030 ഡോളറെന്ന നിലയിലാണ്.
ഇന്നലെ 5,000 ഡോളറിന് താഴെ എത്തിയ സ്വർണം പിന്നീട് തിരിച്ചു കയറി 5,007.20 ഡോളറിലാണ് ക്ലോസ് ചെയ്തത്. ഇന്ന് രാവിലെ 4,984 ഡോളർ വരെ താഴ്ന്നെങ്കിലും നിലവിൽ കയറ്റത്തിലാണ്.
യുഎസ് , ഇസ്രയേല്‍ – ഇറാൻ യുദ്ധവും അമേരിക്കൻ ഡോളറിന്റെ വിനിമയ നിരക്കിൽ വന്ന മാറ്റവുമാണ് സ്വർണത്തിൽ ഡിമാൻഡ് കൂട്ടുന്നത്. യുദ്ധം മൂന്നാം ആഴ്ച കടന്നിട്ടും പശ്ചിമേഷ്യയിൽ സമാധാനം പുനസ്ഥാപിക്കാനുള്ള ശ്രമങ്ങൾ കുറവാണ്.
അടുത്തെങ്ങും യുദ്ധം തീരുന്ന സൂചനയും ഇല്ലെന്നാണ് നിക്ഷേപകർ കരുതുന്നത്.
ഹോർമുസിലെ കപ്പൽ ഗതാഗതം സുരക്ഷിതമാക്കാനുള്ള യുഎസ് നീക്കങ്ങൾ സഖ്യരാജ്യങ്ങളുടെ നിസഹകരണത്തിൽ തടസപ്പെട്ടതോടെ ക്രൂഡ് ഓയിൽ വിലയും ഉയര്‍ന്നു. ഇത് പല രാജ്യങ്ങളിലും പണപ്പെരുപ്പം കൂട്ടുമെന്നും സാമ്പത്തിക വളർച്ച കുറയുമെന്നുമുള്ള ആശങ്ക ശക്തമാക്കിയിട്ടുണ്ട്.
യുഎസ് ഫെഡറൽ റിസർവിന്റെ പണനയ തീരുമാനങ്ങൾ പുറത്തുവരാനിരിക്കെ അമേരിക്കൻ ഡോളറും ചാഞ്ചാട്ടത്തിലാണ്. ഇതാണ് ഇന്ന് വില ഉയരാൻ കാരണം.
ഇനിയും കൂടും
അതേസമയം, ഇറാൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ സ്വർണം മുന്നേറ്റം തുടരുമെന്നാണ് പ്രവചനം.
കേന്ദ്രബാങ്കുകളുടെ പലിശ തീരുമാനം, പണപ്പെരുപ്പം, ഡിമാൻഡ് തുടങ്ങിയ കാരണങ്ങൾ വില ഇനിയും കൂട്ടും. ഇക്കൊല്ലം അവസാനത്തോടെ ഔൺസിന് 6,200 ഡോളർ പിന്നിടുമെന്നാണ് കമ്മോഡിറ്റി അനലിസ്റ്റ് സ്ഥാപനമായ യുബിഎസിന്റെ പ്രവചനം.
യുദ്ധം തുടങ്ങിയതിന് ശേഷം സ്വര്‍ണത്തിന് 5,200 ഡോളർ എന്ന വില ഭേദിക്കാൻ കഴിഞ്ഞിട്ടില്ല. യുദ്ധം പോലുള്ള സാഹചര്യങ്ങളിൽ സ്വർണം പോലുള്ള ലോഹങ്ങൾ കുതിക്കുന്നതാണ് പതിവ്.
ഇറാന് യുദ്ധത്തിൽ ഇതുണ്ടായിട്ടില്ല. സ്വർണത്തിൽ ഡിമാൻഡും നിലനിൽക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് 2026ൽ തന്നെ വില 6,200ലെത്തുമെന്ന പ്രവചനം.
അങ്ങനെയാണെങ്കിൽ കേരളത്തിൽ സ്വർണവില പവന് ഒന്നര ലക്ഷവും കടന്ന് കുതിക്കും.
കനം കുറഞ്ഞ സ്വർണാഭരണങ്ങൾ നിർമിക്കാൻ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വർണം ഗ്രാമിന് 12,005 രൂപയാണ് കേരളത്തിൽ വില. വെള്ളി വില ഗ്രാമിന് 275 രൂപയും.
ചില ജ്വല്ലറികളിൽ 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 11,945 രൂപയ്ക്കും വിൽക്കുന്നുണ്ട്. ഇന്നത്തെ വിലയിൽ കേരളത്തിൽ ഒരു പവന് സ്വർണാഭരണം വാങ്ങാൻ പത്തുശതമാനം പണിക്കൂലി സഹിതം 1,31,850 രൂപയെങ്കിലും നൽകേണ്ടി വരും.
മൂന്നു ശതമാനം നികുതിയും ഹോൾമാർക്കിങ് ചാർജുകളും ചേർത്തുള്ള തുകയാണിത്.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

