
മാർച്ചിൽ ഇന്ത്യയുടെ പണപ്പെരുപ്പം വീണ്ടും ക്രമപ്പെട്ടത് ബാങ്കിങ്, ഫിനാൻഷ്യൽ, കൺസ്യൂമർ, റിയൽറ്റി സെക്ടറുകൾക്ക് പിന്തുണ നൽകി. റിസൾട്ട് പ്രതീക്ഷയിൽ ഐടി സെക്ടർ പിടിച്ചു നിന്നതും, ഇൻഡസ്ഇന്ഡ് ബാങ്ക് റിപ്പോർട്ട് അനുകൂലമായതും ഇന്ന് ഇന്ത്യൻ വിപണിക്ക് ആശ്വാസമായി. ബാങ്ക് നിഫ്റ്റി 1.41%വും ഫിനാൻഷ്യൽ സെക്ടർ 0.84%വും എഫ്എംസിജി 0.80%വും മുന്നേറിയതിന് പുറമെ മെറ്റൽ സൂചിക തകർച്ചയിൽ നിന്നും തിരിച്ചു കയറിയതും ഇന്ത്യൻ വിപണിയുടെ മുന്നേറ്റത്തിന് വഴിവച്ചു.
ഇൻഡസ്ഇന്ഡ് ബാങ്കിന്റെയും, ആക്സിസ് ബാങ്കിന്റെയും പിന്തുണയിൽ മുന്നേറി നിന്ന ബാങ്ക് നിഫ്റ്റിക്ക് അവസാന മണിക്കൂറുകളിൽ എസ്ബിഐയും എച്ച്ഡിഎഫ്സി ബാങ്കും കൂടി മുന്നേറിയത് അനുകൂലമായി. നിഫ്റ്റി 108 പോയിന്റ് നേട്ടത്തിൽ 23437 പോയിന്റിൽ ക്ളോസ് ചെയ്തപ്പോൾ സെൻസെക്സ് 77044 പോയിന്റിലേക്ക് മുന്നേറി.
പ്രധാന ഐടി, ബാങ്കിങ് ഓഹരികൾ ഈയാഴ്ച റിസൾട്ട് പ്രഖ്യാപിക്കാനിരിക്കെ ഇന്ത്യൻ വിപണി പ്രതീക്ഷയിലാണ്. ചൈന കൂടുതൽ പ്രശ്നത്തിലാകുന്നത് ഇന്ത്യൻ വിപണിയിലേക്ക് വിദേശ ഫണ്ടുകളെ തിരികെയെത്തിക്കുന്നത് തന്നെയായിരിക്കും ഇന്ത്യൻ വിപണിയുടെ പ്രധാന പ്രതീക്ഷ.
വിപ്രോക്ക് ലാഭവളർച്ച 26%
വിപ്രോ മുൻ വർഷത്തിൽ നിന്നും 26% വർധനവോടെ 3570 കോടി രൂപ അറ്റാദായം കുറിച്ചത് അനുകൂലമാണെങ്കിലും ഗൈഡൻസ് മോശമായത് വിപണി ശ്രദ്ധിക്കും. നാളെ ഇൻഫോസിസ് റിസൾട്ട് വിപണിയെ സ്വാധീനിക്കും. അടുത്ത ആഴ്ചയിലാണ് എച്ച്സിഎൽ ടെക്ക്, എംഫസിസ്, ടെക്ക് മഹീന്ദ്ര, എൽടിഐ മൈൻഡ്ട്രീ മുതലായ കമ്പനികള് റിസൾട്ടുകൾ പ്രഖ്യാപിക്കുന്നത്.
നേരത്തെ വാങ്ങുന്ന ഓഹരികൾ റിസൾട്ട് വരുന്നതിന് മുൻപ് തന്നെ വിറ്റൊഴിവാകുന്നതാണ് ട്രേഡർമാരുടെ നയം. അതിനാൽ തന്നെ മികച്ച റിസൾട്ടുകൾക്ക് ശേഷവും ഓഹരികൾ മുന്നേറ്റം തുടർന്ന് കൊള്ളണമെന്നില്ല. ശനിയാഴ്ച റിസൾട്ട് വരാനിരിക്കുന്ന എച്ച്ഡിഎഫ്സി ബാങ്കിൽ നിന്നും, ഐസിഐസിഐ ബാങ്കിൽ നിന്നും ട്രേഡർമാർ ആക്സിസ് ബാങ്കിലേക്കും ഇൻഡസ്ഇന്ഡ് ബാങ്കിലേക്കും എസ്ബിഐയിലേക്കും കൂടുമാറുന്നതും പ്രകടമായിരുന്നു.
പണപ്പെരുപ്പം കുറയുന്നു
ഇന്ത്യയുടെ റീറ്റെയ്ൽ, ഹോൾസെയിൽ പണപ്പെരുപ്പക്കണക്കുകൾ അനുമാനത്തിനുമപ്പുറം ക്രമപ്പെട്ടത് ഇന്ത്യൻ വിപണി മുന്നേറ്റത്തിന് അടിസ്ഥാനമൊരുക്കി. മാർച്ചിലെ മൊത്തവിലക്കയറ്റം 2.05% മാത്രം വാർഷിക വളർച്ച കുറിച്ചപ്പോൾ 3.60% വാർഷിക വളർച്ച പ്രതീക്ഷിച്ച റീറ്റെയ്ൽ പണപ്പെരുപ്പം 3.34% മാത്രം വളർച്ച കുറിച്ചതും അനുകൂലമായി. വിപണി കൂടുതൽ ആർബിഐ ഇടപെടലുകൾ പ്രതീക്ഷിക്കുന്നു. അമേരിക്കൻ ഡോളർ രൂപക്കെതിരെ 85.65/- നിരക്കിലാണ് തുടരുന്നത്.
ഇൻഡസ്ഇന്ഡ് ബാങ്ക് റിപ്പോർട്ട്
പുറത്ത് നിന്നുള്ള ഏജൻസിയുടെ അന്വേഷണത്തിലും ബാങ്ക് പറഞ്ഞതിൽ കൂടുതൽ ക്രമക്കേടുകൾ കണ്ടെത്താതിരുന്നത് ഇൻഡസ്ഇന്ഡ് ബാങ്കിന് മുന്നേറ്റം നല്കി. അന്വേഷണ ഏജൻസിയായ പ്രൈസ് വാട്ടർഹൗസ് കൂപ്പേഴ്സ് 1979 കോടി രൂപയുടെ ക്രമക്കേടുകളാണ് റിപ്പോർട്ട് ചെയ്തത്. ഇന്ന് 7% മുന്നേറി ഇൻഡസ്ഇന്ഡ് ബാങ്ക് 788 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്.
10000 ഇലക്ട്രിക് ബസുകൾ
പ്രധാനമന്ത്രി ഇ ഡ്രൈവ് ഇനിഷ്യറ്റീവിന്റെ ഭാഗമായി 10000 ഇലക്ട്രിക് ബസുകൾക്കായുള്ള ടെൻഡർ അടുത്ത മാസം നടക്കുമെന്ന റിപ്പോർട്ട് ഇലക്ട്രിക് ബസ് ഓഹരികൾക്ക് ഇന്ന് അതിമുന്നേറ്റം നൽകി. ജെബിഎം ഓട്ടോ 11% നേട്ടത്തിൽ വ്യാപാരമവസാനിപ്പിച്ചപ്പോൾ, ഒലേക്ട്രാ ഗ്രീൻ ടെക്ക് 4.4% നേട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു.
താരിഫിൽ കടുപ്പിച്ച് ചൈന
റെയർ എർത്ത് മിനറൽസിന്റെ അമേരിക്കയിലേക്കുള്ള കയറ്റുമതി നിരോധിച്ച ചൈന അമേരിക്കൻ കമ്പനികളിൽ നിന്നും വിമാനങ്ങളും, വിമാനഘടകങ്ങളും വാങ്ങുന്നത് നിർത്തലാക്കി തിരിച്ചടിച്ചപ്പോൾ ചൈനയുടെ ഉത്പന്നങ്ങൾക്കുള്ള താരിഫ് 245% ആയി ഉയർത്തുകയാണ് അമേരിക്ക ചെയ്തത്. അമേരിക്കയുമായുള്ള വ്യാപാരയുദ്ധത്തെ ഭയക്കുന്നില്ലെന്നും പരസ്പര ബഹുമാനത്തോടെയുള്ള ചർച്ചയാണ് ആഗ്രഹിക്കുന്നതെന്നും ചൈന സൂചിപ്പിച്ചു.
ഇന്ത്യയും, ജപ്പാനുമടക്കമുള്ള രാജ്യങ്ങൾ അമേരിക്കയുമായി താരിഫ് ചർച്ചകൾ തുടരുമ്പോഴും യൂറോപ്യൻ യൂണിയൻ അടക്കമുള്ള കേന്ദ്രങ്ങളുമായി ചർച്ചകൾ ആരംഭിക്കാനാകാത്തതും അമേരിക്കക്ക് ക്ഷീണമാണ്. ചൈനയും അമേരിക്കയും തമ്മിലുള്ള ചർച്ചയ്ക്ക് ആര് മുൻകൈ എടുക്കുമെന്നതാണ് ലോക വിപണിയുടെ പ്രധാന ചോദ്യചിഹ്നം.
ഫെഡ് ചെയർമാൻ വീണ്ടും
ചൈന വിമാനം വാങ്ങുന്നത് നിർത്തിയത് ബോയിങ്ങിനും ഓപ്പൺ എഐയുടെ പുതിയ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം വരുന്നത് മെറ്റാ ഓഹരിക്കും തിരുത്തൽ നൽകിയതാണ് ഇന്നലെ അമേരിക്കൻ വിപണിയുടെ തിരുത്തലിന് കാരണമായത്. മികച്ച സാമ്പത്തിക വിവരക്കണക്കുകളുടെ പിൻബലത്തിൽ ചൈനീസ് വിപണി ഇന്ന് പോസിറ്റീവ് ക്ളോസിങ് നടത്തി. ചൈനീസ് ഫ്യൂച്ചറുകൾ നേട്ടത്തിൽ തുടരുമ്പോൾ അമേരിക്കൻ ഫ്യൂച്ചറുകളും, യൂറോപ്യൻ വിപണികളും നഷ്ടത്തിലാണ് വ്യാപാരം തുടരുന്നത്.
ഇന്ന് ഫെഡ് ചെയർമാൻ സംസാരിക്കാനിരിക്കുന്നതും അമേരിക്കൻ വിപണിക്ക് പ്രധാനമാണ്.
വീണ്ടും പറന്ന് സ്വർണം
ചൈനയും അമേരിക്കയും തമ്മിലുള്ള വ്യാപാരം അടുത്ത ഘട്ടത്തിലേക്ക് കടന്നത് സ്വർണത്തിന്റെ ആവശ്യകത വർദ്ധിപ്പിച്ചു. രാജ്യാന്തര വിപണിയിൽ ഔൺസിന് 3333 ഡോളർ എന്ന നില കൈവരിച്ച സ്വർണ അവധി 3320 ഡോളറിലാണ് വ്യാപാരം തുടരുന്നത്.
നാളത്തെ റിസൾട്ടുകൾ
ഇൻഫോസിസ്, ടാറ്റ എൽഎക്സി, ജിയോ ഫിനാൻഷ്യൽ സർവീസസ്, എച്ഡിഎഫ്സി എഎംസി, എച്ച്ഡിഎഫ്സി ലൈഫ്, മഹിന്ദ്ര ഇപിസി, നാഷണൽ സ്റ്റാൻഡേർഡ്, ഓമ്നിടെക്സ് ഇൻഡസ്ട്രീസ് മുതലായ കമ്പനികളും നാളെ റിസൾട്ടുകൾ പ്രഖ്യാപിക്കുന്നു.
വാട്സാപ് : 8606666722
Disclaimer : ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകൻ തയാറാക്കിയിട്ടുള്ളതാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളുക