ഇന്ത്യയുടെ സമ്പദ്വ്യവസ്ഥ ഈ വർഷവും (2025) അടുത്ത വർഷവും വിമർശകരെ വിസ്മയിപ്പിച്ച് മികച്ച വളർച്ച സ്വന്തമാക്കുമെന്ന് രാജ്യാന്തര നാണയ നിധിയുടെ (ഐഎംഫ്) മാനേജിങ് ഡയറക്ടർ ക്രിസ്റ്റലീന ജോർജിയേവ. ലോകത്തിന്റെതന്നെ വളർച്ചയുടെ ‘ഗ്രോത്ത് എൻജിൻ’ ആയി മാറുകയാണ് ഇന്ത്യ.
പല വലിയ സാമ്പത്തികശക്തികളും തളരുമ്പോഴാണ് ഇന്ത്യയുടെ തിളക്കമെന്നും അവർ പറഞ്ഞു.
വാഷിങ്ടണിൽ ഐഎംഫ്-ലോകബാങ്ക് വാർഷിക സമ്മേളനത്തിലായിരുന്നു ക്രിസ്റ്റലീനയുടെ വാക്കുകൾ. ഇന്ത്യ നടപ്പാക്കുന്ന ശക്തമായ സാമ്പത്തിക പരിഷ്കാരങ്ങളാണ് വളർച്ചയ്ക്ക് കരുത്താവുക.
ലോകത്തെ ഏറ്റവും വേഗം വളരുന്ന വലിയ സമ്പദ്വ്യവസ്ഥയായി (ഫാസ്റ്റസ്റ്റ് ഗ്രോവിങ് മേജർ ഇക്കണോമി) ഇന്ത്യ തുടരുമെന്ന് വ്യക്തമാക്കിയ ഐഎംഎഫ്, ഇന്ത്യയ്ക്ക് 2025ലും 2026ലും 6.4% വീതം വളർച്ചയാണ് പ്രവചിക്കുന്നത്. നേരത്തേ ഇന്ത്യ 2025ൽ 6.2 ശതമാനവും 2026ൽ 6.3 ശതമാനവും വളരുമെന്ന സ്വന്തം പ്രവചനം ഐഎംഎഫ് തിരുത്തുകയും ചെയ്തത് ഇന്ത്യയ്ക്ക് നേട്ടമാണ്.
ചൈന കിതയ്ക്കും, ലോകവും
സാമ്പത്തികരംഗത്ത് ഇന്ത്യയുടെ ബദ്ധഎതിരാളിയായ ചൈനയുടെ വളർച്ച 2025ൽ 4.8% മാത്രമായിരിക്കും; 2026ൽ 4.2 ശതമാനവും.
യുഎസ് 2025ല് 1.9% വളരും; അടുത്തവർഷം 2 ശതമാനവും. ആഗോള സാമ്പത്തിക വളർച്ച 2025ൽ 3.2 ശതമാനത്തിലേക്ക് കുറയും.
2024ൽ 3.3 ശതമാനവും കോവിഡിന് മുൻപ് 3.7 ശതമാനവുമായിരുന്നു. 3.1 ശതമാനമാണ് 2026ൽ പ്രതീക്ഷിക്കുന്നത്.
യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് തുടക്കമിട്ട
താരിഫ് യുദ്ധം ആഗോളതലത്തിൽ വ്യാപാരമേഖലയെ താറുമാറാക്കിയിട്ടുണ്ട്. ഇത് പല രാജ്യങ്ങളുടെയും വളർച്ചയെ ബാധിച്ചു.
കടബാധ്യത ഉയർന്നു. ഈ തിരിച്ചടികൾ ആഗോള ജിഡിപി വളർച്ചയെയും ബാധിക്കും.
ചൈന തളരുകയും അവർ അവർക്കൊപ്പം മറ്റുള്ളവരെ ‘മുക്കുകയും’ ആണെന്ന പരാമർശവുമായി ഇതിനിടെ യുഎസ് ട്രഷറി സെക്രട്ടറി സ്കോട് ബെസ്സന്റ് രംഗത്തെത്തി.
ചൈന റെയർ എർത്ത് കയറ്റുമതിക്ക് നിയന്ത്രണം ഏർപ്പെടുത്തിയ പശ്ചാത്തലത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ഇന്ത്യ തിളങ്ങുമെന്ന് ലോകബാങ്കും
ഇന്ത്യയുടെ ജിഡിപി നടപ്പുവർഷത്തെ (2025-26) ആദ്യപാദത്തിൽ (ഏപ്രിൽ-ജൂൺ) 7.8% വളർന്നിരുന്നു. രണ്ടാം പാദത്തിലും (ജൂലൈ-സെപ്റ്റംബർ) 7 ശതമാനത്തിനടുത്ത് പ്രതീക്ഷിക്കുന്നു.
ആഭ്യന്തര ഉപഭോഗം കൂടുന്നതും സേവനമേഖലയുടെ കയറ്റുമതി നേട്ടവും ഇന്ത്യയ്ക്ക് ഗുണമാകുമെന്ന് ഐഎംഎഫ് പറയുന്നു.
ജിഎസ്ടി പരിഷ്കാരം ഉൾപ്പെടെയുള്ള നടപടികൾ ഉപഭോക്തൃവിപണിക്ക് കരുത്താവുമെന്ന് ചൂണ്ടിക്കാട്ടിയ ലോകബാങ്കും നടപ്പുവർഷത്തെ ഇന്ത്യയുടെ വളർച്ചാ അനുമാനം 6.3ൽ നിന്ന് 6.5 ശതമാനമായി ഉയർത്തിയിരുന്നു. ഇന്ത്യയുടെ നടപ്പുവർഷത്തെ ശരാശരി പണപ്പെരുപ്പ അനുമാനം നേരത്തേ വിലയിരുത്തിയ 4.2ൽ നിന്ന് 2.8 ശതമാനത്തിലേക്ക് ഐഎംഎഫ് വെട്ടിക്കുറച്ചതും നൽകുന്നത് വൻ പ്രതീക്ഷകളാണ്.
രാജ്യത്ത് അവശ്യവസ്തുക്കളുടെ വില കുറയുമെന്ന സൂചനയാണ് ഇതു നൽകുന്നത്.
വ്യാപാരയുദ്ധം വലയ്ക്കുന്നു
ഒരിടവേളയ്ക്കുശേഷം ചൈനയും യുഎസും വീണ്ടും വ്യാപാരയുദ്ധത്തിന് തിരികൊളുത്തിയത് ആഗോളതലത്തിൽതന്നെ ആശങ്ക പടർത്തുകയാണ്. ഓഹരി വിപണികൾ ചാഞ്ചാട്ടം തുടങ്ങി.
ചൈനയ്ക്കുമേൽ 100% അധികത്തീരുവ പ്രഖ്യാപിച്ചുകൊണ്ട് ട്രംപ് ഇട്ട 500 വാക്കിന്റെ സാമൂഹിക മാധ്യമ പോസ്റ്റ്, രണ്ടു ട്രില്യൻ ഡോളറിന്റെ നഷ്ടമാണ് അന്ന് യുഎസ് ഓഹരികളിൽ മാത്രം വരുത്തിവച്ചത്.
ഏകദേശം 170 ലക്ഷം കോടി രൂപ.
യുഎസിൽ വ്യാപാരയുദ്ധത്തിന്റെ അലയൊലികൾ ഇപ്പോഴും നിറഞ്ഞുനിൽക്കുന്നു. ഫ്യൂച്ചേഴ്സ് വിപണിയിൽ ഡൗ ജോൺസ് ഇൻഡസ്ട്രിയൽ ആവറേജ് വെറും 11 പോയിന്റ് മാത്രം കയറി.
എസ് ആൻഡ് പി500 ഫ്യൂച്ചേഴ്സും നാസ്ഡാക് 100 ഫ്യൂച്ചേഴ്സും ‘ഫ്ലാറ്റ്’ ആയി നിൽക്കുന്നു. യുഎസും ചൈനയും പരസ്പരം തുറമുഖ ഫീസ് കൂട്ടിയതും ചൈന റെയർ എർത്ത് കയറ്റുമതിക്ക് നിയന്ത്രണപ്പൂട്ടിട്ടതും ട്രംപ് ചൈനയ്ക്കുമേൽ 100% അധികത്തീരുവ പ്രഖ്യാപിച്ചതും ദക്ഷിണ കൊറിയയിലുള്ള 5 യുഎസ് കമ്പനികളെ ചൈന കരിമ്പട്ടികയിൽ ഉൾപ്പെടുത്തിയതും വ്യാപാരയുദ്ധത്തെ പാരമ്യത്തിലേക്ക് നയിക്കുകയാണ്.
ഇതിനെല്ലാം പുറമേ, യുഎസിന്റെ സോയാബീൻ വാങ്ങുന്നത് ചൈന നിർത്തിയതും ട്രംപിനെ അമർഷത്തിലാക്കിയിട്ടുണ്ട്.
യുഎസിന്റെ ഇരട്ടത്താപ്പ് വേണ്ടെന്നും അടിച്ചാൽ അതേ നാണയത്തിൽ തിരിച്ചടിക്കുമെന്നും ചൈന മുന്നറിയിപ്പ് നൽകിയതുമാണ് ഓഹരികളെ വലയ്ക്കുന്നത്. എങ്കിലും ചൈനയെ ഓർത്തു പേടിക്കേണ്ടെന്നും എല്ലാം ശരിയാകുമെന്നും ട്രംപ് പറഞ്ഞത് ഏഷ്യൻ വിപണികൾക്ക് ആശ്വാസമാണ് നൽകുന്നത്.
ഷിയും ട്രംപും തമ്മിലെ കൂടിക്കാഴ്ചയ്ക്ക് സാധ്യത ഉയരുന്നുമുണ്ട്.
ജാപ്പനീസ് നിക്കേയ് സൂചിക 0.99% കയറി. ചൈനയിൽ ഷാങ്ഹായ് 0.46%, ഹോങ്കോങ് 1.53%, യൂറോപ്പിൽ എഫ്ടിഎസ്ഇ 0.10% എന്നിങ്ങനെ കയറി.
ഡാക്സ് സൂചിക 0.62% താഴ്ന്നു. ചൈനയിൽ സെപ്റ്റംബറിലെ ഉപഭോക്തൃവില സൂചിക (സിപിഐ) 0.3% ഇടിഞ്ഞിട്ടുണ്ട്.
നിരീക്ഷകർ വിലയിരുത്തിയ 0.2 ശതമാനത്തേക്കാൾ കൂടുതൽ ഇടിവാണിതെന്നത് ചൈന നേരിടുന്ന പ്രതിസന്ധിയുടെ ആഴം വ്യക്തമാക്കുന്നു.
കുതിച്ചുയരാമെന്ന പ്രതീക്ഷയിൽ ഇന്ത്യൻ വിപണി
ഇന്ത്യയിൽ ഗിഫ്റ്റ് നിഫ്റ്റി ഇന്നു രാവിലെ മുന്നേറിയത് 90 പോയിന്റ്. സെൻസെക്സും നിഫ്റ്റിയും മികച്ച നേട്ടത്തിൽ വ്യാപാരം തുടങ്ങുമെന്ന പ്രതീക്ഷ ഇതുനൽകുന്നു.
യുഎസും ചൈനയും തമ്മിലെ വ്യാപാരത്തർക്കം നീളില്ലെന്ന വിലയിരുത്തലുകളാണ് പ്രധാന കരുത്ത്. ഇന്ത്യയും യുഎസും തമ്മിലെ വ്യാപാരക്കരാർ ചർച്ചകളും വീണ്ടും ട്രാക്കിലായിട്ടുണ്ട്.
∙ ഇന്ന് ആക്സിസ് ബാങ്ക്, എച്ച്ഡിഎഫ്സി ലൈഫ്, എൽ ആൻഡ് ടി ഫിനാൻസ്, എച്ച്ഡിബി ഫിനാൻഷ്യൽ, ഏയ്ഞ്ചൽ വൺ തുടങ്ങിയവ സെപ്റ്റംബർപാദ പ്രവർത്തനഫലം പുറത്തുവിടും.
∙ ഇന്ത്യൻ റെയിൽവേ ഫിനാൻസ് കോർപ്പറേഷൻ, മാംഗ്ലൂർ റിഫൈനറി, മുത്തൂറ്റ് ക്യാപിറ്റൽ, ടാറ്റ കമ്യൂണിക്കേഷൻസ്, നെറ്റ്വർക്ക് 18 മീഡിയ തുടങ്ങിയവയുടെ രണ്ടാംപാദ കണക്കുകളും ഇന്നറിയാം.
∙ ടെക് മഹീന്ദ്ര ഇന്നലെ കണക്കുകൾ പുറത്തുവിട്ടു.
ലാഭം 4.4% കുറഞ്ഞു; വരുമാനം 5.1% കൂടി.
∙ ഐസിഐസിഐ ലൊംബാർഡിന്റെ ലാഭം 18.1% കൂടി; മൊത്തവരുമാനത്തിൽ വർധന 12.5%, ഓഹരിക്ക് 6.5 രൂപവീതം ഇടക്കാല ലാഭവിഹിതവും പ്രഖ്യാപിച്ചു.
റിസർവ് ബാങ്കിന്റെ കഴിഞ്ഞ എംപിസി യോഗത്തിന്റെ മിനിറ്റ്സ്, തൊഴിലില്ലായ്മക്കണക്ക്, വാഹനക്കമ്പനികളുടെ റീട്ടെയ്ൽ വിൽപനക്കണക്ക് എന്നിവയുമാണ് ഇന്ത്യൻ ഓഹരി നിക്ഷേപകർ ഉറ്റുനോക്കുന്ന മറ്റ് പ്രധാനഘടകങ്ങൾ. വിദേശ ധനകാര്യ സ്ഥാപനങ്ങൾ (എഫ്ഐഐ) ഇന്നലെയും 1,060 കോടി രൂപയുടെ ഇന്ത്യൻ ഓഹരികൾ വിറ്റഴിച്ചു.
ഐപിഒയ്ക്ക് ശേഷം ഇന്നലെ ലിസ്റ്റിങ് നടത്തിയ എൽജി ഇലക്ട്രോണിക്സ് 50% വരെയാണ് കുതിച്ചുകയറി നിക്ഷേപകർക്ക് ബംപർ നേട്ടം സമ്മാനിച്ചത്.
രാജ്യാന്തര സാമ്പത്തികമേഖലയിലെ അസ്വാരസ്യങ്ങൾ, യുഎസ് ഗവൺമെന്റ് ഷട്ട്ഡൗൺ, യുഎസിൽ ഇനിയും പലിശനിരക്ക് കുറയ്ക്കുമെന്ന ഫെഡറൽ റിസർവ് ചെയർമാൻ ജെറോം പവലിന്റെ പ്രസ്താവന എന്നിവയുടെ കരുത്തിൽ സ്വർണവില കത്തിക്കയറുകയാണ്. രാജ്യാന്തരവില ഒരുവേള സർവകാല ഉയരമായ 4,186.57 ഡോളറിൽ എത്തി.
57 ഡോളർ നേട്ടവുമായി ഇപ്പോഴുള്ളത് 4,171 ഡോളറിൽ. കേരളത്തിൽ ഇന്നും വില കുതിച്ചുകയറാം.
രാജ്യാന്തര ക്രൂഡ് ഓയിൽ വില ഇടിയുകയാണ്.
ഉപഭോഗത്തിനുള്ള 90% എണ്ണയും പുറത്തുനിന്ന് വാങ്ങുന്ന ഇന്ത്യയ്ക്കത് നേട്ടവുമാണ്. യുഎസ്-ചൈന വ്യാപാരപ്പോര് ഡിമാൻഡിനെ ബാധിച്ചേക്കാമെന്ന ഭീതിയും ഉൽപാദനം കൂട്ടാനുള്ള ഒപെക് പ്ലസിന്റെ തീരുമാനവുമാണ് എണ്ണവിലയെ താഴ്ത്തുന്നത്.
‘ഓവർ സപ്ലൈ’ ആശങ്കയിലാണ് എണ്ണ വിപണി. ഡബ്ല്യുടിഐ ക്രൂഡ് വില 0.26% താഴ്ന്ന് 58.55 ഡോളറായി.
ബ്രെന്റ് വില 0.29% കുറഞ്ഞ് 62.21 ഡോളറും. രൂപ ഇന്നലെ ഡോളറിനെതിരെ 13 പൈസ താഴ്ന്ന് 88.81ൽ എത്തി.
ഇന്ന് തിരിച്ചുകയറാനാകുമെന്നാണ് പ്രതീക്ഷകൾ.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
(Disclaimer: ഈ ലേഖനം ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട്/ക്രിപ്റ്റോകറൻസി മുതലായവ വാങ്ങാനോ വില്ക്കാനോ ഉള്ള നിര്ദേശമോ ഉപദേശമോ അല്ല. ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട് മുതലായ നിക്ഷേപങ്ങൾ വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്.
നിക്ഷേപം നടത്തുന്നതിന് മുമ്പ് നിങ്ങള് സ്വയം പഠനങ്ങൾ നടത്തുകയോ ഒരു വിദഗ്ധന്റെ ഉപദേശം തേടുകയോ ചെയ്യുക) … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]