ലണ്ടൻ സന്ദർശനത്തിനിടയിൽ തമിഴ്നാട്ടിലേക്കായി വൻകിട നിക്ഷേപങ്ങൾ ഉറപ്പിച്ച് മുഖ്യമന്ത്രി സി.ജോസഫ് വിജയ്.
സംസ്ഥാനത്തേക്ക് പുതിയ വ്യവസായ സംരംഭങ്ങൾ ആകർഷിക്കുന്നതിന്റെ ഭാഗമായി നടത്തിയ ചർച്ചകൾക്ക് പിന്നാലെ ആകെ 12,300 കോടി രൂപയുടെ ധാരണാപത്രങ്ങളിലാണ് അദ്ദേഹം ഒപ്പുവെച്ചത്. ഈ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതോടെ സംസ്ഥാനത്ത് 10,000 പേർക്ക് പുതുതായി തൊഴിലവസരങ്ങൾ ലഭിക്കുമെന്നും ഔദ്യോഗികമായി അറിയിച്ചു.
പ്രധാന നിക്ഷേപങ്ങളുടെ വിവരങ്ങൾ താഴെ പറയുന്നവയാണ്:
ഓട്ടോമൊബൈൽ ഘടക നിർമാണ രംഗത്തെ പ്രമുഖരായ സംവർധന മദേഴ്സൺ ഇന്റർനാഷനൽ ലിമിറ്റഡ് തമിഴ്നാട്ടിൽ 11,000 കോടി രൂപയുടെ നിക്ഷേപം നടത്തും. ഇതിനുപുറമെ, ചെന്നൈയിൽ ഒരു ഗ്ലോബൽ കേപ്പബിലിറ്റി സെന്റർ (ജിസിസി) സ്ഥാപിക്കുന്നതിനായി ഏൺസ്റ്റ് ആൻഡ് യങ് (ഇവൈ) കമ്പനിയുമായി 1000 കോടി രൂപയുടെ ധാരണാപത്രത്തിലും ഒപ്പുവെച്ചു.
എംബഡഡ് സിസ്റ്റംസ്, ഇലക്ട്രിഫിക്കേഷൻ, ഇൻഡസ്ട്രിയൽ ഡിജിറ്റൈസേഷൻ തുടങ്ങിയ ആധുനിക മേഖലകളിൽ തമിഴ്നാട്ടുമായി സഹകരിക്കുമെന്ന് സ്വീഡിഷ് കമ്പനിയായ സിഗ്മ ടെക്നോളജി ഗ്രൂപ്പ് വ്യക്തമാക്കിയിട്ടുണ്ട്. കൂടാതെ, ഇലക്ട്രിക്കൽ ഉപകരണ നിർമാണ മേഖലയിൽ വിൽസൻ പവർ സൊല്യൂഷൻ 300 കോടി രൂപയുടെ നിക്ഷേപവും പ്രഖ്യാപിച്ചിട്ടുണ്ട്.
മുഖ്യമന്ത്രിയുടെ ലണ്ടൻ യാത്രയ്ക്കെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷം വ്യവസായ നിക്ഷേപങ്ങൾ ലക്ഷ്യമിട്ടുള്ള മുഖ്യമന്ത്രിയുടെ ലണ്ടൻ സന്ദർശനത്തിനെതിരെ തമിഴ്നാട്ടിലെ പ്രതിപക്ഷ പാർട്ടികൾ രംഗത്തെത്തി. മുഖ്യമന്ത്രിയുടെ ഔദ്യോഗിക യാത്രയ്ക്കിടയിൽ അദ്ദേഹത്തിനൊപ്പം സുഹൃത്തും നടിയുമായ തൃഷയെയും ചിത്രങ്ങളിൽ കണ്ടതാണ് രാഷ്ട്രീയ വിമർശനങ്ങൾക്ക് കാരണമായത്.
വിജയ് നടത്തിയത് നിക്ഷേപ യാത്രയാണോ അതോ വ്യക്തിപരമായ യാത്രയാണോ എന്ന് വ്യക്തമാക്കണമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് എൻ. നാഗേന്ദ്രൻ ചോദിച്ചു.
ലണ്ടൻ സന്ദർശനത്തിന്റെ വിശദാംശങ്ങളും, ആരൊക്കെ ഒപ്പമുണ്ടായിരുന്നു എന്നതിനെക്കുറിച്ചും, ഇതിനായി സർക്കാർ ഫണ്ട് എത്രത്തോളം ഉപയോഗിച്ചു എന്നതിനെക്കുറിച്ചുമുള്ള കണക്കുകൾ പുറത്തുവിടണമെന്ന് എഐഎഡിഎംകെ ജനറൽ സെക്രട്ടറി എടപ്പാടി കെ.പളനിസ്വാമി ആവശ്യപ്പെട്ടു. ലണ്ടനിൽ നിന്നുള്ള ചിത്രങ്ങളെ പരോക്ഷമായി സൂചിപ്പിച്ചുകൊണ്ട് “ദാ, എങ്ങനെയാണ് മുഖ്യമന്ത്രി നിക്ഷേപം ആകർഷിക്കുന്നതെന്ന് നോക്കൂ” എന്നായിരുന്നു അദ്ദേഹത്തിന്റെ പരിഹാസം.
വ്യവസായ മന്ത്രിയോ വ്യവസായ വകുപ്പ് സെക്രട്ടറിയോ കൂടെയുണ്ടാകാതെയാണ് മുഖ്യമന്ത്രി ലണ്ടനിലേക്ക് പോയതെന്നും, യാത്രയുടെ മുഴുവൻ വിശദാംശങ്ങളും ജനങ്ങൾക്ക് മുന്നിൽ വെളിപ്പെടുത്തണമെന്നും ആവശ്യപ്പെട്ട് ഡിഎംകെ നേതാവ് ടി.കെ.എസ്.ഇളങ്കോവൻ രംഗത്തെത്തി. സംസ്ഥാനത്ത് കടുത്ത വൈദ്യുതി പ്രതിസന്ധിയും പവർകട്ടും മൂലം ജനങ്ങൾ ദുരിതത്തിലാണെന്നും, ദിനംപ്രതി പുതിയ പ്രശ്നങ്ങളാണ് ജനം നേരിടുന്നതെന്നും ഡിഎംകെ നേതാവ് ഉദയനിധി സ്റ്റാലിൻ അഭിപ്രായപ്പെട്ടു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

