ലോകത്തെ രണ്ടാമത്തെ വലിയ സമ്പദ്വ്യവസ്ഥയും ഏറ്റവും വലിയ വ്യവസായികശക്തിയുമായ ചൈനയുടെ സാമ്പത്തികരംഗത്ത് പ്രതിസന്ധി അതിരൂക്ഷമാകുന്നു. പ്രതീക്ഷകളെയെല്ലാം തകിടംമറിച്ച് കഴിഞ്ഞമാസം ഉപഭോക്തൃ വിപണി കൂടുതൽ തളർച്ച നേരിട്ടു.
ചൈനീസ് സമ്പദ്വ്യവസ്ഥയുടെ മുഖ്യ വളർച്ചാ സൂചികകളിലൊന്നായ ചില്ലറ വിൽപന (റീട്ടെയ്ൽ സെയിൽസ്) വളർച്ച ഓഗസ്റ്റിൽ 3.4 ശതമാനത്തിലേക്ക് ഇടിഞ്ഞു.
ജൂലൈയിൽ ഇത് 3.7 ശതമാനമായിരുന്നു. 3.9 ശതമാനം വളരുമെന്ന നിരീക്ഷകരുടെ പ്രവചനങ്ങൾ പാളി.
വ്യാവസായിക ഉൽപാദന വളർച്ച ജൂലൈയിലെ 5.7 ശതമാനത്തിൽ നിന്ന് 5.2 ശതമാനത്തിലേക്കും ഇടിഞ്ഞെന്ന് ചൈനയുടെ നാഷനൽ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്സ് വ്യക്തമാക്കി.
2024 ഓഗസ്റ്റിനുശേഷമുള്ള ഏറ്റവും മോശം വളർച്ചയാണിത്. ജനങ്ങൾ കടുത്ത സാമ്പത്തിക ഞെരുക്കത്തിലാണെന്നും ഉപഭോക്തൃവിപണിയിൽ ഡിമാൻഡും വളർച്ചയും ഇടിയാൻ ഇതാണ് കാരണമെന്നുമാണ് വിലയിരുത്തൽ.
ഉപഭോക്തൃവിപണിയുടെ വീഴ്ച വ്യവസായിക ഉൽപാദനത്തെയും ബാധിച്ചു.
സ്ഥിര ആസ്തി നിക്ഷേപ വളർച്ച ജനുവരി-ഓഗസ്റ്റിൽ 1.6 ശതമാനത്തിൽ നിന്ന് വെറും 0.5 ശതമാനത്തിലേക്കും ഇടിഞ്ഞത് സാമ്പത്തിക പ്രതിസന്ധിയുടെ ആഴം വ്യക്തമാക്കുന്നു. നിരീക്ഷകർ പ്രവചിച്ചിരുന്നത് 1.4 ശതമാനമെങ്കിലും വളരുമെന്നായിരുന്നു.
റിയൽ എസ്റ്റേറ്റും വീഴുന്നു
ചൈനീസ് സമ്പദ്വ്യവസ്ഥയുടെ നെടുംതൂണുകളിലൊന്നായ റിയൽ എസ്റ്റേറ്റ് മേഖലയും തളർച്ചയുടെ പാതയിലാണെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.
റിയൽ എസ്റ്റേറ്റ് നിക്ഷേപ വളർച്ച ജനുവരി-ഓഗസ്റ്റിൽ 12.9% ഇടിഞ്ഞു. സാമ്പത്തികമേഖല നേരിടുന്ന മാന്ദ്യത്തിന് തടയിടാൻ ചൈനീസ് ഗവൺമെന്റ് പുതിയഘട്ട
ഉത്തേജക പദ്ധതികൾ പ്രഖ്യാപിച്ചേക്കുമെന്നാണ് സൂചനകൾ.
∙ പുതിയ ഭവന പദ്ധതികളുടെ വിലനിലവാരം ജൂലൈയെ അപേക്ഷിച്ച് 0.3 ശതമാനവും 2024 ഓഗസ്റ്റിനേക്കാൾ 2.5 ശതമാനവും ഇടിഞ്ഞു.
∙ രാജ്യത്ത് തൊഴിലില്ലായ്മ നിരക്ക് വർധിക്കുന്നതും ഷി ജിൻപിങ് ഗവൺമെന്റിനെ ആശങ്കപ്പെടുത്തുന്നുണ്ട്. ജൂണിൽ 5 ശതമാനവും ജൂലൈയിൽ 5.2 ശതമാനവുമായിരുന്ന തൊഴിലില്ലായ്മ നിരക്ക് ഓഗസ്റ്റിൽ 5.3 ശതമാനത്തിലേക്ക് ഉയർന്നു.
പണച്ചുരുക്കം രൂക്ഷമായി
ചൈന കടുത്ത മാന്ദ്യത്തിലേക്ക് വീഴുന്നെന്ന് സൂചിപ്പിച്ച് ഓഗസ്റ്റിൽ പ്രൊഡ്യൂസർ പ്രൈസ് (പിപിഐ) ഇൻഡക്സ് 2.9 ശതമാനവും കൺസ്യൂമർ പ്രൈസ് ഇൻഡക്സ് (സിപിഐ) 0.4 ശതമാനവും ഇടിഞ്ഞിരുന്നു.
ഉപഭോക്തൃവിപണിയുടെ തളർച്ചയാണ് വ്യക്തമാക്കുന്നത്; പിപിഐ ഫാക്ടറികളുടേതും.
അതേസമയം, ഭക്ഷ്യവില നിലവാരം കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് വൻതോതിൽ കുറഞ്ഞതാണ് ഈ നെഗറ്റവീവ് വളർച്ചയ്ക്ക് കാരണമെന്നാണ് ചൈനീസ് ഗവൺമെന്റിന്റെ വിശദീകരണം. ജൂലൈയിൽ ഭക്ഷ്യോൽപന്ന വിലനിലവാരം 2.7 ശതമാനം ഇടിഞ്ഞിരുന്നു; ഓഗസ്റ്റിൽ ഇടിവ് 4.3 ശതമാനമാണ്.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]