യൂറോപ്യൻ യൂണിയനും ബ്രിട്ടനും കഴിഞ്ഞവർഷം ഉപരോധം ഏർപ്പെടുത്തിയ എണ്ണക്കപ്പൽ ‘ദ് സ്പാർട്ടൻ’ റഷ്യൻ എണ്ണയുമായി അദാനി ഗ്രൂപ്പ് നിയന്ത്രിക്കുന്ന ഗുജറാത്തിലെ മുന്ദ്ര തുറമുഖത്തെത്തി. റഷ്യൻ ക്രൂഡ് ഓയിൽ ഇനമായ യൂറൽസിന്റെ 10 മില്യൻ ബാരലുമായാണ് കപ്പൽ മുന്ദ്രയിലെത്തിയതെന്ന് വിപണി നിരീക്ഷകരായ കെപ്ലർ, വോർട്ടെക്സ് എന്നിവയുടെ ഡേറ്റ അധിഷ്ഠിതമാക്കി ഇംഗ്ലീഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
റഷ്യൻ എണ്ണയുടെ വിതരണത്തെ സഹായിക്കുന്നെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഒരുവർഷം മുൻപ് ഈ ടാങ്കറിന് യൂറോപ്യൻ യൂണിയനും ബ്രിട്ടനും ഉപരോധം ഏർപ്പെടുത്തിയത്.
അതേസമയം യൂറോപ്യൻ യൂണിയൻ, യുഎസ്, ബ്രിട്ടൻ എന്നിവയുടെ ഉപരോധമുള്ള എണ്ണ ടാങ്കറുകൾക്ക് ഈമാസം 11 മുതൽ അദാനി ഗ്രൂപ്പ് വിലക്കേർപ്പെടുത്തിയിരുന്നു. എന്നാൽ, വിലക്ക് പ്രഖ്യാപിക്കുന്നതിന് മുൻപ് തുറമുഖത്തേക്ക് പുറപ്പെട്ട
കപ്പലുകളെ വിലക്കിൽനിന്ന് ഒഴിവാക്കുകയും ചെയ്തിരുന്നു. ഇതിലുൾപ്പെട്ട
കപ്പലാണ് ഇപ്പോൾ എത്തിയതെന്നാണ് സൂചന.
റഷ്യൻ എണ്ണ വാങ്ങുന്നതിന്റെ പേരിൽ യുഎസ് പ്രസിഡന്റ് ട്രംപ് ഇന്ത്യയ്ക്കുമേൽ ചുമത്തിയ 25% പിഴയടക്കമുള്ള മൊത്തം 50% തീരുവ കഴിഞ്ഞമാസം പ്രാബല്യത്തിൽ വന്നിരുന്നു. അതിനുശേഷവും ഇന്ത്യ റഷ്യൻ എണ്ണ വൻതോതിൽ ഇറക്കുമതി ചെയ്തിരുന്നു.
യുക്രെയ്നെതിരായ റഷ്യയുടെ യുദ്ധത്തെ എണ്ണ വാങ്ങി ഫണ്ട് ചെയ്യുന്നത് ഇന്ത്യയും ചൈനയുമാണെന്നാണ് അമേരിക്ക വാദിക്കുന്നത്. ഇന്ത്യയ്ക്കും ചൈനയ്ക്കുംമേൽ 100% വരെ തീരുവ ചുമത്തണമെന്ന് കഴിഞ്ഞ ട്രംപ് യൂറോപ്യൻ യൂണിയൻ, ജി7 രാഷ്ട്രങ്ങൾ, നാറ്റോ എന്നിവയോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.
ആവശ്യം അവർ ഇതുവരെ പരിഗണിച്ചിട്ടില്ല.
ഉപരോധം ലംഘിച്ച് ഇറാന്റെ എൽപിജി മുന്ദ്ര തുറമുഖത്ത് എത്തിയെന്ന് ആരോപിച്ച് അദാനി ഗ്രൂപ്പിനെതിരെ യുഎസ് അന്വേഷണം തുടങ്ങിയെന്ന് അടുത്തിടെ വോൾസ്ട്രീറ്റ് ജേർണൽ റിപ്പോർട്ട് ചെയ്തിരുന്നു. റിപ്പോർട്ട് അവാസ്തവവും ദുരുദ്ദേശ്യപരമെന്നും അഭിപ്രായപ്പെട്ട
അദാനി ഗ്രൂപ്പ്, ഇറാനിൽ നിന്ന് ഒരു ഉൽപന്നവും ഗ്രൂപ്പിന്റെ തുറമുഖങ്ങൾ വഴി ഇറക്കുമതി ചെയ്യുന്നില്ലെന്നും ഇറാനിയൻ വെസ്സലുകൾ ഉപയോഗിക്കുന്നില്ലെന്നും വ്യക്തമാക്കിയിരുന്നു.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]