
യുക്രെയ്ൻ വിഷയത്തിൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ കടുത്ത നിലപാടുകൾ റഷ്യയ്ക്ക് കൂടുതൽ കുരുക്കാകും. 50 ദിവസത്തിനകം യുക്രെയ്നുമായി വെടിനിർത്തൽ കരാറിലെത്തിയില്ലെങ്കിൽ റഷ്യയ്ക്കെതിരായ ഉപരോധം കടുപ്പിക്കുമെന്നാണ് ട്രംപിന്റെ മുന്നറിയിപ്പ്.
റഷ്യയിൽ നിന്ന് ക്രൂഡ് ഓയിൽ ഉൾപ്പെടെ വാങ്ങുന്ന രാജ്യങ്ങൾക്കുമേൽ 50 ദിവസത്തിനുശേഷം 100% ഇറക്കുമതിച്ചുങ്കം ചുമത്തുമെന്നും ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്.
അതായത്, 50 ദിവസത്തിനകം റഷ്യയ്ക്ക് യുക്രെയ്നുമായി ധാരണയിലെത്താനായില്ലെങ്കിൽ, കൂടുതൽ തിരിച്ചടി നേരിടുക റഷ്യയിൽ നിന്ന് ഉൽപന്നങ്ങൾ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളായിരിക്കും. റഷ്യയെ അതു സാമ്പത്തികമായി കൂടുതൽ തകർക്കുകയും ചെയ്യും.
റഷ്യയ്ക്കെതിരായ യുദ്ധത്തിനായി യുക്രെയ്ന് വൻതോതിൽ അമേരിക്ക ആയുധങ്ങൾ നൽകുമെന്നും ട്രംപ് പറഞ്ഞു.
ഇറാനും വെനസ്വേലയ്ക്കും പിന്നാലെ റഷ്യ
വെനസ്വേലയിൽ നിന്ന് എണ്ണയും ഗ്യാസും വാങ്ങുന്ന രാജ്യങ്ങൾക്കുമേൽ 25% ഇറക്കുമതി തീരുവ ചുമത്തുമെന്ന് ട്രംപ് കഴിഞ്ഞ മാർച്ചിൽ ഭീഷണി മുഴക്കിയിരുന്നു. പിന്നാലെ ഇറാനുമായി ഭിന്നത രൂക്ഷമായപ്പോൾ, ഇറാനിൽ നിന്ന് ഉൽപന്നങ്ങൾ വാങ്ങുന്ന രാജ്യങ്ങൾക്കുമേലും ട്രംപ് സമാന ഭീഷണി തൊടുത്തു.
ഇന്ത്യയെ എങ്ങനെ ബാധിക്കും?
റഷ്യയിൽ നിന്ന് ഉൽപന്നങ്ങൾ (പ്രത്യേകിച്ച് ക്രൂഡ് ഓയിലും ഗ്യാസും) വാങ്ങുന്ന രാജ്യങ്ങൾക്കുമേൽ സെപ്റ്റംബർ മുതൽ 100% തീരുവ ചുമത്തുമെന്നാണ് ട്രംപിന്റെ മുന്നറിയിപ്പ്.
നിലവിൽ ചൈനയും ഇന്ത്യയുമാണ് റഷ്യയുടെ എണ്ണ ഏറ്റവുമധികം വാങ്ങുന്ന രാജ്യങ്ങൾ. ഇന്ത്യയുടെ മൊത്തം എണ്ണ ഇറക്കുമതിയിൽ 38-40 ശതമാനവും റഷ്യയിൽ നിന്നാണ്.
∙ യുക്രെയ്നുമായി 50 ദിവസത്തിനകം ധാരണയിലെത്താൻ റഷ്യയ്ക്ക് കഴിഞ്ഞില്ലെങ്കിൽ 100% ചുങ്കം ട്രംപ് നടപ്പാക്കും.
∙ തുടർന്നും ഇന്ത്യയും ചൈനയും ഉൾപ്പെടെയുള്ള രാജ്യങ്ങൾ റഷ്യൻ എണ്ണയും മറ്റും വാങ്ങിയാൽ ട്രംപിന്റെ 100% ചുങ്കം ബാധകമാകുന്നത് ഈ രാജ്യങ്ങൾക്കായിരിക്കും.
∙ അതായത്, ഇന്ത്യയിൽ നിന്ന് യുഎസിലേക്കുള്ള ഉൽപന്ന ഇറക്കുമതിക്ക് ട്രംപ് ഭരണകൂടം 100% ചുങ്കം ഈടാക്കും.
റഷ്യയെ കാത്ത് കൂടുതൽ തിരിച്ചടി
നിലവിൽതന്നെ കടുത്ത ഉപരോധങ്ങൾ മൂലം സാമ്പത്തികഞെരുക്കത്തിലാണ് റഷ്യ.
ഉപരോധവും ഡിസ്കൗണ്ട് വിലയ്ക്ക് ഇന്ത്യയ്ക്കും ചൈനയ്ക്കും മറ്റും എണ്ണ വിൽക്കേണ്ടിവരുന്നതിനാലും ഇക്കഴിഞ്ഞമാസം മാത്രം റഷ്യയുടെ എണ്ണ, മറ്റ് പെട്രോളിയം ഉൽപന്നങ്ങൾ എന്നിവയുടെ കയറ്റുമതി വരുമാനം 14% ഇടിഞ്ഞു. വരുമാനനേട്ടമില്ലാത്തതിനാൽ റഷ്യ ക്രൂഡ് ഓയിൽ ഉൽപാദനവും കാര്യമായി ഉയർത്തിയിട്ടില്ല.
റഷ്യൻ എണ്ണയ്ക്കുമേലുള്ള ട്രംപിന്റെ ഭീഷണിയെ തുടർന്ന് രാജ്യാന്തര ക്രൂഡ് വില അൽപം കുറഞ്ഞിട്ടുണ്ട്.
ഡബ്ല്യുടിഐ ക്രൂഡ് വില ബാരലിന് 0.48% താഴ്ന്ന് 66.66 ഡോളറിലും ബ്രെന്റ് വില 0.29% കുറഞ്ഞ് 69.01 ഡോളറിലുമെത്തി. ആനുപാതികമായി റഷ്യൻ എണ്ണയുടെ വില കുറയുമെന്നതും റഷ്യയ്ക്ക് തിരിച്ചടിയാണ്.
ഉപരോധത്തിന്റെ ഭാഗമായി റഷ്യൻ എണ്ണയുടെ പരമാവധി വില ബാരലിന് 60 ഡോളറായി യൂറോപ്യൻ യൂണിയൻ നിശ്ചയിച്ചിരുന്നു.
രാജ്യാന്തര വില കുറയുന്നതിന് ആനുപാതികമായി ഈ പരിധിയും കുറയ്ക്കാനാണ് യൂറോപ്യൻ യൂണിയന്റെ നീക്കം. അങ്ങനെയെങ്കിൽ റഷ്യയുടെ വരുമാനം കൂടുതൽ ഇടിയും.
പരിധി ലംഘിച്ച് ഉയർന്ന വിലയ്ക്ക് റഷ്യൻ എണ്ണ വാങ്ങാൻ ഏതെങ്കിലും രാജ്യം ശ്രമിച്ചാൽ അവയ്ക്കുമേലും യൂറോപ്യൻ യൂണിയൻ ഉപരോധം ഏർപ്പെടുത്തും.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]