കൊച്ചി∙ ഒരു പവൻ സ്വർണത്തിന്റെ വില ഒരു ലക്ഷത്തിലെത്താൻ ഇനി ചെറിയ ദൂരം മാത്രം. കഴിഞ്ഞ വെള്ളിയാഴ്ച മൂന്നു തവണകളായി പവന് 2520 രൂപ വർധിച്ചിരുന്നു.
ഒറ്റദിവസം ഇങ്ങനെ കൂടാമെങ്കിൽ ഒരുലക്ഷം നിഷ്പ്രയാസം തൊടും. വെള്ളിയാഴ്ച വില 98,400 രൂപയെന്ന റെക്കോർഡ് നിലവാരത്തിലെത്തിയിരുന്നു.
ശനിയാഴ്ച വില ഗ്രാമിന് 25 രൂപ കുറഞ്ഞ് 12,275 രൂപയും പവന് 200 രൂപ താഴ്ന്ന് 98,200 രൂപയും ആയിട്ടുണ്ട്.
വരുംദിവസങ്ങളിൽ കൂടിയേക്കാമെന്നാണ് വിലയിരുത്തൽ. ഒരു പവൻ സ്വർണാഭരണത്തിന് കുറഞ്ഞ പണിക്കൂലി കണക്കാക്കിയാൽ പോലും ജിഎസ്ടി കൂടി ചേർത്ത് 1,10,000 രൂപയ്ക്കടുത്തു നൽകണം.
വില കൂട്ടുന്നത് ഫെഡ് റിസർവ്
അമേരിക്കൻ കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് കഴിഞ്ഞ ദിവസം അടിസ്ഥാന പലിശനിരക്കിൽ കാൽ ശതമാനം കുറവു വരുത്തിയതിനെത്തുടർന്നാണ് സ്വർണം, വെള്ളി ഉൾപ്പെടെയുള്ള മൂല്യമേറിയ ലോഹങ്ങൾ അതിവേഗ കുതിപ്പു നടത്തുന്നത്.
അടുത്ത വർഷം പലിശ വീണ്ടും കുറയ്ക്കുമെന്ന നിലപാടും ഫെഡ് ചെയർമാൻ ജെറോം പവൽ കഴിഞ്ഞദിവസം പ്രഖ്യാപിച്ചിരുന്നു.
ഇതിനെത്തുടർന്ന് ഡോളറും ബോണ്ട് വരുമാനവും ഇടിഞ്ഞതോടെ ലോഹങ്ങളുടെ ഡിമാൻഡ് കുതിച്ചുയർന്നു. ഇന്ത്യ–യുഎസ് വ്യാപാരക്കരാറിൽ തീരുമാനമാകാത്തതിനെത്തുടർന്ന് രൂപയ്ക്കു സംഭവിക്കുന്ന വലിയ ഇടിവും ആഭ്യന്തര വിപണിയിൽ സ്വർണം,വെള്ളി വില വർധനയ്ക്കു കാരണമാകുന്നുണ്ട്.
സ്വർണവിലയിൽ വർധന 72%
ഈ വർഷം ഇതുവരെ സ്വർണവിലയിലുണ്ടായ വർധന 72 ശതമാനമാണ്.
ഇക്കാലയളവിൽ ഗ്രാമിന് 5150 രൂപയും പവന് 41,200 രൂപയും വർധിച്ചു. രാജ്യാന്തര വിപണിയിൽ ട്രോയ് ഔൺസിന് 55 ഡോളറോളം ഉയർന്നതോടെ സ്വർണവില 4335 ഡോളർ നിലവാരത്തിലേക്ക് ഉയർന്നു. അതേസമയം, വെള്ളിവില ദിവസവുമെന്നോണം പുതിയ റെക്കോർഡുകൾ സൃഷ്ടിക്കുകയാണ്.
ഈ വർഷം ഇതുവരെയുള്ള വെള്ളിവില 120 ശതമാനത്തോളമാണ്. ട്രോയ് ഔൺസിന് 64.74 ഡോളർ എന്ന നിലവാരത്തിലാണ് വെള്ളി.
25,000 രൂപ എന്ന നാഴികക്കല്ലു പിന്നിട്ട
സ്വർണവിലയിൽ അഞ്ചു വർഷം കൊണ്ടാണ് ഇരട്ടിയിലധികം വർധനയുണ്ടായത്. 2024 മാർച്ചിൽ 50,000 കടന്ന ഒരു പവന്റെ വിലയിൽ വെറും 21 മാസം കൊണ്ട് 48,000 രൂപയുടെ വർധനയാണ് രേഖപ്പെടുത്തിയത്. വിപണിയിലെ നിലവിലെ സാഹചര്യം തുടർന്നാൽ അടുത്തയാഴ്ചതന്നെ സ്വർണവില ഒരു ലക്ഷം കടന്നേക്കും.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

