സംസ്ഥാനത്തെ സ്വർണം, വെള്ളി വില പുതിയ റെക്കോർഡില്‍. രാജ്യാന്തര വിപണിയിൽ ഇവ പുതിയ റെക്കോർഡ് ഇട്ടതോടെയാണിത്.
ഇറാനിലെ സംഘർഷം പുതിയ തലത്തിലേക്ക് കടന്നതോടെ ഇരുലോഹങ്ങളും പിടിവിട്ട് കുതിക്കുകയായിരുന്നു. രാജ്യാന്തര വിപണിയിൽ സ്വർണം ഔൺസിന് റെക്കോർഡ് വിലയായ 4,627ലെത്തി.
വെള്ളി ഔൺസിന് 90 ഡോളറിന് മുകളിലും.
ഇന്നലെ പുറത്തുവന്ന യുഎസിലെ പണപ്പെരുപ്പ കണക്കുകള്‍ യുഎസ് അടിസ്ഥാന പലിശ നിരക്കിൽ മാറ്റമുണ്ടാകുമെന്ന പ്രതീക്ഷ ശക്തമാക്കി. ഇതോടെ സ്വർണത്തിന്റെ ഡിമാൻഡ് വർധിച്ചു.
ഫെഡ് റിസർവ് പലിശ നിരക്ക് കുറയ്ക്കുമ്പോൾ യുഎസ് കടപത്രങ്ങളിലെ നിക്ഷേപം പിൻവലിച്ച് ആളുകൾ സ്വർണത്തിൽ നിക്ഷേപിക്കുന്നതാണ് പതിവ്.
സംസ്ഥാനത്ത് സ്വർണവില ഗ്രാമിന് 100 രൂപ വർധിച്ച് 13,165 രൂപയിലെത്തി. പവൻവില 800 രൂപ വർധിച്ച് 1,05,320 രൂപയിലെത്തി.
വെള്ളി വില ഗ്രാമിന് 10 രൂപ കൂടി 285 രൂപയായി. സംസ്ഥാനത്ത് ഇതുവരെ രേഖപ്പെടുത്തിയ ഏറ്റവും കൂടിയ വിലയാണിത്.
18 കാരറ്റ് സ്വർണത്തിന് ഇന്നും രണ്ട് വിലയാണ്. ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ (എകെജിഎസ്എംഎ) ഗ്രാമിന് 10,920 രൂപയിലാണ് 18 കാരറ്റ് സ്വർണം വിൽക്കുന്നത്.
കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ (കെജിഎസ്എംഎ)യുടെ കീഴിലുള്ള ജ്വല്ലറികളിൽ 10,820 രൂപയ്ക്കും വിൽപ്പന നടക്കും.
യുഎസിലെ ഉപഭോക്തൃ പണപ്പെരുപ്പ സൂചിക ഡിസംബറിൽ 2.6 ശതമാനമായെന്നാണ് ഇന്നലെ പുറത്തുവന്ന കണക്കുകൾ സൂചിപ്പിക്കുന്നത്. നേരത്തെ പുറത്തുവന്ന തൊഴിൽ കണക്കുകളും യുഎസ് വിപണിയിൽ മാന്ദ്യത്തിന്റെ സൂചന നൽകിയിരുന്നു.
ഇതോടെ ഇക്കൊല്ലം ഫെഡറൽ റിസർവ് പലിശ നിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷ ശക്തമായി. എന്നാല്‍ ജനുവരിയിൽ നിരക്ക് മാറ്റം ഉണ്ടായേക്കില്ലെന്നാണ് വിപണി വിദഗ്ധർ നൽകുന്ന സൂചന.
അതേസമയം, നിരക്ക് മാറ്റത്തിനൊപ്പം ഫെഡറൽ റിസർവിന്റെ സ്വതന്ത്ര പ്രവർത്തനവും വിപണിയെ ആശങ്കയിലാഴ്ത്തുന്നുണ്ട്.
ഫെഡ് ചെയർമാൻ ജെറോം പവലിനെതിരെ ക്രിമിനൽ അന്വേഷണം നടത്തുമെന്ന വാർത്തകൾ നിക്ഷേപകരെ അലട്ടുന്നുണ്ട്.
ഇതിനൊപ്പം വെനസ്വേല, ഇറാൻ, ഗ്രീൻലൻഡ് വിഷയത്തിൽ യുഎസ് നിലപാടും റഷ്യ–യുക്രെയ്ൻ യുദ്ധം അവസാനമാകാതെ തുടരുന്നതും സ്വർണവിലയെ സ്വാധീനിച്ചെന്നാണ് വിദഗ്ധർ പറയുന്നത്.
ആഭരണം വാങ്ങാൻ
ഇന്നത്തെ വിലയനുസരിച്ച് ഒരു പവൻ സ്വർണാഭരണം വാങ്ങാൻ 10 ശതമാനം പണിക്കൂലി സഹിതം 1,19,400 രൂപ നൽകേണ്ടി വരും. പണിക്കൂലിയും സ്വർണവിലയും ചേർത്തുള്ള തുകയ്ക്ക് മൂന്ന് ശതമാനം ജിഎസ്ടിയും ബാധകമാണ്.
ഹോൾമാർക്കിംഗ് ചാർജായി 45 രൂപയും അതിന് 18 ശതമാനം ജിഎസ്ടിയും നൽകേണ്ടി വരും. ഇതെല്ലാം ചേർത്തുള്ള തുകയാണ് മുകളിൽ നൽകിയിരിക്കുന്നത്.
ആഭരണങ്ങളുടെ ഡിസൈൻ അനുസരിച്ച് സ്വർണാഭരങ്ങൾക്ക് മൂന്ന് മുതല്‍ 30 ശതമാനം വരെ പണിക്കൂലി ഈടാക്കുമെന്നും മറക്കരുത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

