പ്രവർത്തനച്ചെലവിലെ വർധനയും ആഗോളതലത്തിലെ പ്രതികൂല സാഹചര്യങ്ങളും ചൂണ്ടിക്കാട്ടി പ്രമുഖ സാങ്കേതിക സ്ഥാപനമായ സോഹോയിൽ ഈ വർഷം ജീവനക്കാർക്ക് ശമ്പള വർധനയുണ്ടാകില്ലെന്ന് സഹസ്ഥാപകൻ ശ്രീധർ വെമ്പു വ്യക്തമാക്കി. എക്സിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
നിർമിത ബുദ്ധി (എഐ) സംബന്ധമായ ചെലവുകൾ കുത്തനെ കൂടിയതും ഭൗമരാഷ്ട്രീയ പ്രശ്നങ്ങൾ ഭാവി ബിസിനസ് പ്രതീക്ഷകൾക്കുമേൽ മങ്ങലേൽപ്പിക്കുന്നതുമാണ് ഈ തീരുമാനത്തിന് പിന്നിലെ പ്രധാന കാരണങ്ങളെന്ന് അദ്ദേഹം വിശദീകരിച്ചു. എഐയുടെ കടന്നുവരവ് സോഫ്റ്റ്വെയർ രംഗത്തെ തൊഴിലവസരങ്ങളിൽ അനിശ്ചിതാവസ്ഥ സൃഷ്ടിച്ചിട്ടുണ്ട്.
ഡേറ്റ സെന്ററുകളിൽ സെർവറുകൾ സ്ഥാപിക്കുന്നതിനുള്ള ചെലവ് നാല് മടങ്ങായി വർധിച്ചതായും ശ്രീധർ വെമ്പു കൂട്ടിച്ചേർത്തു. ശമ്പള വർധന ഒഴിവാക്കിയതിൽ ജീവനക്കാരോട് അദ്ദേഹം ഖേദം പ്രകടിപ്പിച്ചു.
എന്നാൽ നിലവിലെ പ്രതിസന്ധിയുടെ സാഹചര്യം ജീവനക്കാർക്ക് ബോധ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ 18 മാസമായി സോഹോയിൽ പുതിയ നിയമനങ്ങൾ നടത്തി ജീവനക്കാരുടെ എണ്ണം വർധിപ്പിച്ചിട്ടില്ല.
നിലവിലുള്ള ജീവനക്കാരെ പിരിച്ചുവിടുന്നത് ഒഴിവാക്കാനുള്ള തീവ്രശ്രമത്തിലാണ് കമ്പനിയെന്നും അദ്ദേഹം പറഞ്ഞു. കമ്പനിയിൽ അടിമുടി പരിഷ്കരണങ്ങളാണ് ലക്ഷ്യമിടുന്നതെന്നും, അടുത്ത 3-5 വർഷത്തിനുള്ളിൽ ഈ മാറ്റങ്ങളുടെ ഫലം വ്യക്തമാകുമെന്നും എക്സ് കുറിപ്പിൽ പരാമർശിച്ചിട്ടുണ്ട്.
‘‘ഞങ്ങൾക്കു വേണ്ടി പ്രാർഥിക്കണം’’ എന്ന് അഭ്യർത്ഥിച്ചുകൊണ്ടാണ് അദ്ദേഹം കുറിപ്പ് അവസാനിപ്പിച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

