ടാറ്റ ഗ്രൂപ്പിന്റെ ഹോൾഡിങ് കമ്പനിയായ ടാറ്റ സൺസിന്റെ ചെയർമാൻ പദവിയിൽ നിന്നും എൻ. ചന്ദ്രശേഖർ രാജിവച്ചു.
ഒൻപതു വർഷത്തോളമായി ഈ സ്ഥാനം അലങ്കരിച്ചുവരുന്ന അദ്ദേഹം, കാലാവധി അവസാനിക്കാൻ ആറു മാസം മാത്രം ശേഷിക്കെയാണ് ഔദ്യോഗികമായി സ്ഥാനമൊഴിയുന്നത്. നിലവിലെ വ്യവസ്ഥ അനുസരിച്ച് 2027 ഫെബ്രുവരി വരെ അദ്ദേഹത്തിന് ഈ പദവിയിൽ തുടരാൻ അർഹതയുണ്ടായിരുന്നു.
എന്നാൽ കാലാവധി പൂർത്തിയായാൽ തുടർ നിയമനം ആവശ്യപ്പെടില്ലെന്നാണ് ഔദ്യോഗിക വിശദീകരണം. ടാറ്റ സൺസുമായി ബന്ധപ്പെട്ട
വിവിധ അധികാര തർക്കങ്ങൾ നിലനിൽക്കുന്ന സമയത്താണ് ഈ നിർണായക നീക്കം ഉണ്ടായിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്. ഇതിനുപുറമേ, ടാറ്റ ഗ്രൂപ്പിനു കീഴിലുള്ള എയർ ഇന്ത്യ ഉൾപ്പെടെയുള്ള പ്രമുഖ ബിസിനസുകളുടെ മോശം പ്രകടനവും ഈ രാജിയിലേക്ക് നയിച്ചതായി വിലയിരുത്തപ്പെടുന്നു.
വരുന്ന ഓഗസ്റ്റ് 18ന് ടാറ്റ സൺസിന്റെ വാർഷിക പൊതുയോഗം നടക്കാനിരിക്കെയാണ് ഈ പടിയിറക്കം. ഏകദേശം 40 വർഷത്തോളം ടാറ്റ ഗ്രൂപ്പിനെ സേവിച്ച ശേഷമാണ് താൻ പടിയിറങ്ങുന്നതെന്ന് എൻ.
ചന്ദ്രശേഖരൻ വ്യക്തമാക്കി. ടാറ്റ ഗ്രൂപ്പിനെ നയിക്കാൻ ലഭിച്ച അവസരം വലിയൊരു അംഗീകാരമായി കാണുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
“തന്റെ ചെയർമാൻ സ്ഥാനം അടുത്ത ഫെബ്രുവരി വരെയാണ്. അതിനു ശേഷം അഞ്ചു വർഷത്തേക്കു കൂടി അതു നീട്ടുന്ന കാര്യത്തിൽ ട്രസ്റ്റ് അനുകൂല നിലപാടെടുത്തിരുന്നു.
എന്നാൽ ഒരു ട്രസ്റ്റ് അംഗം ഇതിൽ എതിർപ്പു പ്രകടിപ്പിച്ചു. ഈ സാഹചര്യത്തിൽ സ്ഥാനത്തു തുടരേണ്ടതില്ലെന്നാണ് തീരുമാനം.
കഴിഞ്ഞ ബോർഡ് യോഗത്തിനു ശേഷം 6 മാസം പിന്നിട്ടു. ഇക്കാര്യത്തിൽ യാതൊരു തീരുമാനവും ആയിട്ടില്ല.
ടാറ്റ സൺസ് വലിയൊരു കമ്പനിയാണ്. പല നിർണായക പദ്ധതികളും സമയബന്ധിതമായി തീർക്കേണ്ടതുണ്ട്.
അതിനെ നയിക്കാൻ ഒരു നേതാവുണ്ടാകേണ്ടത് ജീവനക്കാർക്കും നിക്ഷേപകർക്കും അത്യാവശ്യമാണ്. ഇക്കാരണത്താൽ, നിലവിലെ ടേം കഴിഞ്ഞതിനു ശേഷം പുനർനിയമത്തിനായി തന്നെ പരിഗണിക്കേണ്ടതില്ലെന്ന് ടാറ്റ സൺസ് ഡയറക്ടർ ബോർഡിനെ അറിയിച്ചതായും അദ്ദേഹം പറഞ്ഞു.” ടാറ്റ ഗ്രൂപ്പിനു കീഴിലുള്ള വിവിധ കമ്പനികളുടെ ഹോൾഡിങ് സ്ഥാപനമായ ടാറ്റ സൺസിനെ ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്യുന്നതുമായി ബന്ധപ്പെട്ടും, ഡയറക്ടർ ബോർഡിലെ നിയമനങ്ങളും എൻ.
ചന്ദ്രശേഖരന്റെ പുനർനിയമനവും സംബന്ധിച്ചും നേരത്തെ തന്നെ തർക്കങ്ങൾ നിലനിന്നിരുന്നു. ഈ വിഷയങ്ങൾ ചർച്ച ചെയ്യേണ്ടിയിരുന്ന പ്രധാന യോഗങ്ങൾ പല തവണ മാറ്റിവയ്ക്കപ്പെടുകയും ചെയ്തിരുന്നു.
ഓഹരി വിപണിയിൽ കനത്ത ഇടിവ് ‘ചന്ദ്ര’ എന്ന വിളിപ്പേരിൽ സുപരിചിതനായ എൻ. ചന്ദ്രശേഖരന്റെ രാജി വാർത്ത പുറത്തുവന്നതിന് പിന്നാലെ ടാറ്റ ഗ്രൂപ്പ് കമ്പനികളുടെ ഓഹരികൾ വിപണിയിൽ കുത്തനെ ഇടിഞ്ഞു.
പ്രമുഖ ഐ.ടി കമ്പനിയായ ടാറ്റ കൺസൽറ്റൻസി സർവീസസ് (TCS) നാല് ശതമാനത്തോളം ഇടിവാണ് രേഖപ്പെടുത്തിയത്. കൂടാതെ, ടാറ്റ സ്റ്റീൽസ് രണ്ട് ശതമാനത്തോളവും, ടാറ്റ മോട്ടോഴ്സ് പാസഞ്ചർ വിഭാഗം മൂന്ന് ശതമാനത്തോളവും, ടൈറ്റൻ ഒന്നര ശതമാനത്തോളവും, ടാറ്റ എൽക്സി രണ്ട് ശതമാനത്തോളവും നഷ്ടത്തോടെയാണ് വ്യാപാരം നടത്തിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

