അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഗുജറാത്തിൽ 8.5 ലക്ഷം കോടി രൂപ നിക്ഷേപിക്കാൻ റിലയൻസ് ഇൻഡസ്ട്രീസും അദാനി ഗ്രൂപ്പും. കഴിഞ്ഞ ദിവസം രാജ്കോട്ടിൽ നടന്ന വൈബ്രന്റ് ഗുജറാത്ത് കോൺക്ലേവിലാണ് കമ്പനികൾ വമ്പൻ നിക്ഷേപങ്ങൾ പ്രഖ്യാപിച്ചത്.
റിലയൻസ് ഇൻഡസ്ട്രീസ് അഞ്ച് വർഷത്തിനുള്ളിൽ 7 ലക്ഷം കോടി രൂപ നിക്ഷേപിക്കുമെന്ന് ചെയർമാൻ മുകേഷ് അംബാനി പറഞ്ഞു.
കഴിഞ്ഞ അഞ്ച് വർഷത്തിനിടെ 3.5 ലക്ഷം കോടി രൂപയാണ് റിലയൻസ് ഗുജറാത്തില്‍ നിക്ഷേപിച്ചത്. ഇനിയത് ഇരട്ടിയാക്കാനാണ് തീരുമാനം.
ഗുജറാത്തിന്റെ അടയാളമാണ് റിലയൻസ്, റിലയൻസിന്റെ ഹൃദയമാണ് ഗുജറാത്തെന്നും അദ്ദേഹം പറഞ്ഞു.
ഈ നിക്ഷേപം ഗുജറാത്തിൽ വലിയ തൊഴിൽ അവസരങ്ങള്‍ സൃഷ്ടിക്കുമെന്നും അംബാനി പറഞ്ഞു. സംസ്ഥാനത്തെ ആഗോള മാപ്പിലെത്തിക്കാനും ഇത് ഉപകരിക്കും.
ഊര്‍ജം, പുനരുപയോഗ വൈദ്യുതി, ആർട്ടിഫിഷ്യൽ ഇന്റലിജൻസിന് വേണ്ട ഡാറ്റ സെന്ററുകൾ, ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ച്ചർ, ആരോഗ്യം, വിദ്യാഭ്യാസം, കായികം തുടങ്ങിയ മേഖലകളിലാണ് നിക്ഷേപം.
ജാംനഗറിൽ ലോകത്തെ ഏറ്റവും വലിയ ക്ലീൻ എനര്‍ജി ഇക്കോസിസ്റ്റവും ഇന്ത്യയിലെ ഏറ്റവും വലിയ എഐ ഡേറ്റ സെന്ററും സ്ഥാപിക്കും.
ഗുജറാത്ത് സർക്കാരുമായി കൈകോർത്ത് അഹമ്മദാബാദിൽ വീർ സവർക്കർ മൾട്ടി സ്പോർട്സ് കോംപ്ലക്സ് കൂടുതൽ ജനകീയമാക്കും. രാജ്യാന്തര കായിക മത്സരങ്ങൾ സംഘടിപ്പിക്കാനും കായിക താരങ്ങൾക്ക് പരിശീലനം നൽകാനും ഈ കേന്ദ്രത്തിനാകും.
2036ലെ ഒളിംപിക്സ് വേദിയാവുക ലക്ഷ്യമിട്ട് ഗുജറാത്തിനെ സജ്ജമാക്കുകയാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്.
ജാം നഗറിൽ രാജ്യാന്തര നിലവാരത്തിലുള്ള ആശുപത്രി നിർമിക്കാനും പദ്ധതിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യൻ ഭാഷകൾ കൈകാര്യം ചെയ്യാൻ സാധിക്കുന്ന ആർട്ടിഫിഷ്യൽ പ്ലാറ്റ്ഫോം റിലയൻസ് ജിയോ പുറത്തിറക്കുമെന്നും മുകേഷ് അംബാനി പ്രഖ്യാപിച്ചു.
മോദി ഇന്ത്യയുടെ രക്ഷാമതിൽ
ലോകത്തിന്റെ പലയിടങ്ങളിലും രാഷ്ട്രീയ സംഘർഷങ്ങൾ കൊടുമ്പിരി കൊള്ളുമ്പോൾ ഇന്ത്യയെ സംരക്ഷിയ്ക്കുന്ന അദൃശ്യമതിലാണ് നരേന്ദ്ര മോദിയെന്നും അദ്ദേഹം പറഞ്ഞു.
ഭൗമരാഷ്ട്രീയ സംഘർഷങ്ങൾ നമുക്ക് മുന്നിൽ പുതിയ വെല്ലുവിളികൾ ഉയർത്തുകയാണ്. എന്നാൽ ഇതൊന്നും ഇന്ത്യക്കാരെ ബാധിക്കില്ല.
അതിന് കാരണം നരേന്ദ്ര മോദിയെന്ന വന്മതിൽ ഉള്ളതു കൊണ്ടാണെന്നും അംബാനി പറഞ്ഞു.
ഗുജറാത്തിലെ കച്ച് മേഖലയിൽ അദാനി ഗ്രൂപ്പ് 1.5 ലക്ഷം കോടി രൂപ നിക്ഷേപിക്കുമെന്ന് അദാനി പോർട്സ് ആൻഡ് സ്പെഷൽ ഇക്കണോമിക് സോൺ ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ കരൺ അദാനി പറഞ്ഞു. അദാനി ഗ്രൂപ്പിന്റെ കർമഭൂമിയാണ് ഗുജറാത്തിലെ മുന്ദ്ര.
അടുത്ത പത്ത് വർഷത്തിനുള്ളിൽ തുറമുഖത്തിന്റെ ശേഷി ഇരട്ടിയാക്കും.
ഖ്വാവ്ദ വൈദ്യുത പദ്ധതി വേഗത്തിൽ പൂർത്തിയാക്കും. 37 ജിഗാവാട്ടിന്റെ പ്ലാന്റ് 2030ൽ കമ്മിഷൻ ചെയ്യും.
രാജ്കോട്ട് കേന്ദ്രമായ ജ്യോതി സിഎൻസി ഓട്ടോമേഷൻ കമ്പനി 10,000 കോടി നിക്ഷേപിക്കുമെന്നും വാഗ്ധാനം ചെയ്തിട്ടുണ്ട്. പൈപ്പ് നിർമാണ രംഗത്ത് 5,000 കോടി രൂപ നിക്ഷേപിക്കുമെന്ന് വെൽസ്പൻ കമ്പനിയും അറിയിച്ചു.
ഓഹരികൾ വീണു, പിന്നെ കയറി
വമ്പൻ നിക്ഷേപങ്ങൾ പ്രഖ്യാപിച്ചിട്ടും ഇന്ന് റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെയും അദാനി ഇൻഡസ്ട്രീസിന്റെയും ഓഹരികൾ ഇടിവിലേക്ക് വീണിരുന്നു.
ഉച്ചയ്ക്കുശേഷം നേരിയതോതിൽ കയറി. റിലയൻസ് ഇൻഡസ്ട്രീസ് 0.51% ഉയർന്ന് 1,482.30 രൂപയിലും 0.77% ഉയർന്ന് 2,169.75ലുമാണുള്ളത്.
രാവിലെ ഒരുവേള റിലയൻസ് 1,451 രൂപയിലേക്കും അദാനി എന്റർപ്രൈസസ് 2,119 രൂപയിലേക്കും താഴ്ന്നിരുന്നു. ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

