
സ്വർണാഭരണ നിർമാണ മേഖലയില്‍ ഒരു ദശകമായി സജീവസാന്നിധ്യമായ മലപ്പുറത്തെ എജെസി ജ്യൂവൽ മാനുഫാക്ചറേഴ്സ് ലിമിറ്റഡ് കഴിഞ്ഞ ആഴ്ച ഓഹരി വിപണിയിലേയ്ക്ക് കടന്നു. ജൂലൈ ഒന്നിന് കമ്പനി ബോംബേ സ്റ്റോക് എക്സ്ചേഞ്ചിൽ എസ്എംഇ വിഭാഗത്തിൽ ലിസ്റ്റ് ചെയ്തു.
മൂന്ന് ശതമാനം നേട്ടത്തിൽ 91.17 രൂപയിലാണ് വെള്ളിയാഴ്ച ഓഹരി വ്യാപാരം അവസാനിച്ചത്. കേരളത്തിൽ നിന്ന് ആദ്യമായാണ് ഒരു സ്വർണാഭരണ നിർമാണ സ്ഥാപനം ഓഹരിവിപണിയിൽ ലിസ്റ്റ് ചെയ്യുന്നത്.
ഓഹരി വിപണിയിൽ കേരളത്തിൽ നിന്ന് ഇതിനു മുമ്പ് ലിസ്റ്റ് ചെയ്തിട്ടുള്ള സ്വർണ വ്യാപാര സ്ഥാപനം കല്യാൺ ജൂവലേഴ്സാണ്. വ്യാവസായികമായി പിന്നോക്ക ജില്ലയായ മലപ്പുറത്ത് നിന്ന് ഐപിഒ അവതരിപ്പിച്ച് ഓഹരി വിപണിയിലേയ്ക്ക് ആദ്യമായി കടന്നുവന്ന സംരംഭമെന്ന പ്രത്യേകതയും എജെസി ജ്യൂവലിനാണ്.
ബിസിനസ് വിപുലീകരണം ലക്ഷ്യം
ജൂൺ 23 ന് ആരംഭിച്ച് 26 വരെയായിരുന്നു കമ്പനിയുടെ ഐപിഒ നടന്നത്.
ഐപിഒയിലൂടെ സമാഹരിച്ച 15.39 കോടി രൂപയുടെ ഫണ്ട് കമ്പനിയുടെ ബിസിനസ് വിപുലീകരിക്കുന്നതിനും അത്യാധുനിക മെഷിനറികളും ആഭരണ നിർമാണത്തിനുള്ള സാങ്കേതിക വിദ്യയും വാങ്ങുന്നതിന് ഉപയോഗപ്പെടുത്തുമെന്ന് എജെസി ജ്യൂവൽ മാനുഫാക്ചറേഴ്സിന്റെ ചെയർമാനും മാനേജിങ് ഡയറക്ടറുമായ അഷ്റഫ് പെരിങ്കടക്കാട് പറഞ്ഞു. നിലവിലിപ്പോൾ കേരളത്തിലും തമിഴ്നാട്ടിലുമുള്ള വൻകിട, റീട്ടെയ്ൽ ജ്വല്ലറികൾക്കാണ് ആഭരണങ്ങൾ വിതരണം ചെയ്യുന്നതെങ്കിൽ വിപണി വടക്കേയിന്ത്യയിലേയ്ക്ക് കൂടി വ്യാപിപ്പിക്കാനും ദുബായിലേയ്ക്കുള്ള കയറ്റുമതി വിപുലമാക്കാനുമുള്ള തയാറെടുപ്പിലാണെന്ന് അദ്ദേഹം കൂട്ടിചേർത്തു.
ഇപ്പോൾ ബിസിനസ് പങ്കാളികൾക്ക് മാത്രമാണ് ഓൺലൈന്‍ വ്യാപാരത്തിന് അവസരമുള്ളത്. ഈവർഷം അവസാനത്തോടെ ഉപഭോക്താക്കൾക്കായി പ്രത്യേക ഓൺലൈൻ വ്യാപാര സൗകര്യം ഒരുക്കുമെന്ന് അഷ്റഫ് വ്യക്തമാക്കി.
സ്വർണ വിലയിൽ കനത്ത ചാഞ്ചാട്ടം തുടരുന്നത് സ്വർണ വ്യാപാരമേഖലയെ ബാധിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. സ്വർണ വില കൂടി കൊണ്ടിരുന്നാൽ വിൽപ്പനയെ അത് ബാധിക്കാറില്ല.
ആഗോള അസ്ഥിരതകൾ ശാന്തമാകുന്നതോടെ സ്വർണ വില സ്ഥിരതയാർജിക്കുന്നതിന്റെ സൂചനകളുണ്ടെന്ന് അഷ്റഫ് അഭിപ്രായപ്പെടുന്നു.
മിഷൻ 1000 പിന്തുണ
സംസ്ഥാന സർക്കാരിന്റെ മിഷൻ 1000 പദ്ധതിയിൽ ഉൾപ്പട്ടിട്ടുണ്ട് എജെസി ജ്യൂവൽ. വളർച്ചാസാധ്യതയുള്ള കമ്പനികളുടെ വിറ്റുവരവ് 1000 കോടിയാക്കുന്നതിന് സർക്കാർ രൂപകൽപ്പന ചെയ്ത 1000 പദ്ധതിയിൽ ഉൾപ്പെട്ടിട്ടുള്ള സ്ഥാപനങ്ങൾക്ക് മെഷിനറി വാങ്ങുക, ഫാക്ടറി നിർമിക്കുക തുടങ്ങിയ മൂലധന അധിഷ്ഠിത നിക്ഷേപങ്ങൾക്ക് 40 ശതമാനം സർക്കാർ സബ്സിഡി ലഭിക്കും.
ഈ പദ്ധതി ഭാവി വിപുലീകരണ പ്രവർത്തനങ്ങൾക്ക് പിന്തുണയാകുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
കാസ്റ്റിങ് ആഭരണങ്ങളിൽ ശ്രദ്ധകേന്ദ്രീകരിക്കുന്ന കമ്പനി പ്ലെയിന്‍, സ്റ്റഡഡ്, ജെംസ്, വജ്രാഭരണങ്ങളാണ് നിർമിക്കുന്നത്. വള, പാദസരം, ബ്രേസ് ലെറ്റ്, കമ്മൽ, നെക്ലേസ്, മൂക്കുത്തി, പെൻഡന്റ് എന്നിവയുടെ വിപുലശേഖരം തയാറാക്കുന്നു.
ഓർഡർ മാനേജമെന്റ് സിസ്റ്റം (ഒഎംഎസ്) എന്ന ഓൺലൈന്‍ പ്ലാറ്റ് ഫോമിലൂടെ വ്യാപാരികൾക്ക് ആഭരണങ്ങൾ വാങ്ങാനാകും. ഇതിലൂടെ ഓർഡര്‍ ചെയ്യുന്നവർക്ക് ആഭരണ നിർമാണം മുതൽ ഡെലിവറി ലഭിക്കുന്നതുവരെ യുള്ള ഓരോഘട്ടവും അപ്പപ്പോൾ അറിയാനാകും.
അഷ്റഫിന്റെ പിതാവ് കുഞ്ഞിമുഹമ്മദ് പെരിങ്കടക്കടവ് 30 വർഷങ്ങളായി വേങ്ങരയിൽ വിസ്മയ ജ്വല്ലേഴ്സ് എന്ന പേരിൽ ആഭരണ റീട്ടെയ്ൽരംഗത്ത് സജീവമായിരുന്നു.
ഗ്രൂപ്പ് ആഭരണ നിർമാണത്തിലേയ്ക്ക് ശ്രദ്ധ കേന്ദ്രീകരിച്ചതോടെ അത് അവസാനിപ്പിച്ചു. അഷ്റഫിനൊപ്പം ഭാര്യ ഫാത്തിമ ജെസ്നയും ബിസിനസിൽ സജീവമാണ്.
ഷാർജയിലെ പ്രവർത്തനങ്ങളുടെ ചുമതല സഹോദരനാണ്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]