
തുടർച്ചയായി മൂന്നാഴ്ചകളിൽ മുന്നേറ്റം നേടിവന്ന ഇന്ത്യൻ വിപണി പൊടുന്നനെ ഉടലെടുത്ത യുദ്ധസാഹചര്യത്തിൽ കഴിഞ്ഞ ആഴ്ചയുടെ അവസാനദിനങ്ങളിൽ വീണ് നഷ്ടം കുറിച്ചിരുന്നു. അമേരിക്കയും ബ്രിട്ടനും വ്യാപാരകരാറുകൾ ഒപ്പ് വച്ച ആവേശത്തിൽ ലോക വിപണി കുതിപ്പ് നടത്തുമ്പോഴാണ് ഇന്ത്യൻ, പാക്കിസ്ഥാനി വിപണികൾ യുദ്ധഭീതിയിൽ തകർച്ച നേരിട്ടത്.
വെള്ളിയാഴ്ച 1.1% വീണ നിഫ്റ്റി 24000 പോയിന്റിന് മുകളിൽ പിടിച്ചു നിന്നെങ്കിലും സെൻസെക്സ് 79454 പോയിന്റിലേക്ക് വീണു. നിഫ്റ്റി-50യിലെ 40 ഓഹരികളും കഴിഞ്ഞ ആഴ്ചയിൽ നഷ്ടം കുറിച്ചിരുന്നു.
യുദ്ധരൂക്ഷതയിൽ ഭയന്ന് ഈയാഴ്ച രൂപയ്ക്കൊപ്പം വീണ ബാങ്കിങ്, ഫിനാൻഷ്യൽ സെക്ടറുകളാണ് ഇന്ത്യൻ വിപണിയെ താഴേക്ക് നയിച്ചത്. ഓട്ടോയും, ഐടിയും ഒഴികെ മറ്റെല്ലാ സെക്ടറുകളും കഴിഞ്ഞ ആഴ്ചയിൽ നഷ്ടം കുറിച്ചു.
രൂപയും വീണു
ബുധനാഴ്ച വരെ അമേരിക്കൻ ഡോളറിനെതിരെ 84 രൂപ നിരക്കിൽ നിന്ന ഇന്ത്യൻ രൂപ യുദ്ധം കടുത്തതോടെ രണ്ട് വർഷത്തിനിടയിലെ ഏറ്റവും വലിയ ഏകദിനനഷ്ടത്തോടെ 86 രൂപയിലേക്ക് വീണിരുന്നു. വെള്ളിയാഴ്ച ഡോളറിനെതിരെ രൂപ 85.40/- നിരക്കിലേക്ക് രൂപ മെച്ചപ്പെട്ടു. ആയുധങ്ങളുടെ അടക്കം ഇറക്കുമതി വർദ്ധിച്ചേക്കാവുന്നതും മറ്റും ഇന്ത്യൻ രൂപയെ ക്ഷീണിപ്പിക്കാനിടയുണ്ടെങ്കിലും സമാധാനസാദ്ധ്യതകൾ അനുകൂലമാകും.
രൂപക്കൊപ്പം വീണ ബാങ്ക് നിഫ്റ്റി കഴിഞ്ഞ ആഴ്ചയിൽ 2.8% നഷ്ടമാണ് നേരിട്ടത്. വെള്ളിയാഴ്ച 3%ലേറെ വീണ ഐസിഐ ബാങ്ക് കഴിഞ്ഞ ആഴ്ചയിൽ ഏറ്റവും കൂടുതൽ നഷ്ടം കുറിച്ചപ്പോൾ എച്ച്ഡിഎഫ്സി ബാങ്കും, ആക്സിസ് ബാങ്കും 2% ൽ കൂടുതൽ വീണു. ഫിൻ നിഫ്റ്റിയും കഴിഞ്ഞ ആഴ്ചയിൽ രണ്ടര ശതമാനം വീണു.
വെടിനിർത്തൽ
പാക്കിസ്ഥാൻ മുൻകൈയെടുത്ത വെടിനിർത്തൽ അവർ തന്നെ ലംഘിച്ചതും ആശങ്ക പടർത്തി. നിലവിൽ വെടിനിർത്തൽ തുടരുന്നത് വിപണിക്ക് അനുകൂലമാണെങ്കിലും ഏത് നേരവും കാര്യങ്ങൾ മാറിമറിഞ്ഞേക്കാം.
അമേരിക്കയുടെ മധ്യസ്ഥതയും പാക്കിസ്ഥാന്റെ വിശ്വാസ്യതയും ചോദ്യം ചെയ്യപ്പെടുന്നതും കാര്യങ്ങൾ വീണ്ടും സങ്കീർണമാക്കിയേക്കാം.
പുതിയ സാഹചര്യങ്ങൾ, പുതിയ തന്ത്രങ്ങൾ
ഏപ്രിലിലും തുടർന്ന് ഈ മാസവും വാങ്ങലുകാരായിരുന്ന വിദേശഫണ്ടുകൾ വെള്ളിയാഴ്ച വീണ്ടും വില്പനക്കാരായത് വിപണിയെ ആശങ്കാകുലമാക്കുന്നു. പാക്കിസ്ഥാന്റെ പുതു തന്ത്രങ്ങൾക്കിടയിൽ ഇതുവരെ പിന്തുണച്ച വിദേശഫണ്ടുകൾ കൂടി വിട്ടുനിൽക്കുന്നത് ഇന്ത്യൻ വിപണിയെ കൂടുതൽ വിഷമിപ്പിക്കും. എന്നാൽ സമാധാനശ്രമങ്ങളുടെ പശ്ചാത്തലത്തിൽ മോർഗൻ സ്റ്റാൻലി സൂചിപ്പിച്ചത് പോലെ മികച്ച വാങ്ങൽ അവസരമാണെന്ന ചിന്തയും വിപണിയിൽ ശക്തമാണ്.
ഒട്ടും പരിചിതമല്ലാത്ത പരിഭ്രാന്തി പെരുപ്പിക്കുന്ന യുദ്ധസാഹചര്യത്തിൽ നിക്ഷേപം ക്രമപ്പെടുത്തേണ്ടത് എങ്ങനെയെന്നും, നിക്ഷേപങ്ങൾ സംരക്ഷിക്കാൻ എന്ത് ചെയ്യണമെന്നുമാണ് റീറ്റെയ്ൽ നിക്ഷേപകർ ആശങ്കപ്പെടുന്നത്. പണം കൈയിൽ കരുതുകയും, അവസരങ്ങൾക്കായി കാത്തിരിക്കുകയും ചെയ്യുമ്പോഴും യുദ്ധകാലത്തും, ക്ഷാമകാലത്തും നേട്ടമുണ്ടാക്കാവുന്ന മേഖലകളിലേക്ക് നീങ്ങുകയും വിലക്കയറ്റവും പണപ്പെരുപ്പവും മുൻകൂട്ടി കാണുകയും ചെയ്യേണ്ടിയിരിക്കുന്നു.
വ്യാപാരയുദ്ധം വ്യാപാര ഉടമ്പടികൾക്ക് വഴിമാറുന്നു
അമേരിക്കയുമായി ബ്രിട്ടൻ വ്യാപാര ഉടമ്പടി ഒപ്പിട്ട് കഴിഞ്ഞതോടെ വ്യാപാരയുദ്ധകാലഘട്ടം കഴിഞ്ഞു തുടങ്ങി എന്ന അനുമാനത്തിലാണ് വിപണി. അമേരിക്കയുമായി താരിഫ് കരാറിൽ ഏർപ്പെടുന്ന ആദ്യരാജ്യമാകുമെന്ന് കരുതപ്പെട്ടിരുന്ന ഇന്ത്യയും പിന്നാലെ മറ്റ് ഏഷ്യൻ രാജ്യങ്ങളും അമേരിക്കയുമായി കരാറിലേർപ്പെടുന്നത് അമേരിക്കൻ വിപണിക്ക് അനുകൂലമായേക്കാം.
ഇന്ത്യ പലവിധ വിട്ടുവീഴ്ചകളോടെയാണ് അമേരിക്കയുമായി വ്യാപാരക്കരാറിൽ എത്തിച്ചേരുക എന്ന സൂചനയാണ് ട്രംപ് നേരത്തെ തന്നെ തന്നത്. പാക്കിസ്ഥാനുമായുള്ള വെടി നിർത്തൽ തന്റെ നേട്ടമായി ട്രംപ് പ്രഖ്യാപിച്ചിരുന്നു.
വ്യാപാരക്കരാർ ചർച്ചകൾക്കിടയിൽ തന്നെ അമേരിക്ക ഇന്ത്യയുടെ യുദ്ധ മധ്യസ്ഥത കൂടി വഹിക്കുന്നത് ഒട്ടും അഭികാമ്യമല്ല. ചില ഇന്ത്യൻ താല്പര്യങ്ങൾ ഹനിക്കപ്പെട്ടേക്കാം.
യുദ്ധക്കച്ചവടം
റാഫേൽ യുദ്ധവിമാന നിർമാതാക്കളായ പാരിസിൽ ലിസ്റ്റ് ചെയ്ത ഫ്രഞ്ച് വിമാനക്കമ്പനിയായ ദസോൾട്ട് ഏവിയേഷൻ കഴിഞ്ഞ മാസത്തിൽ 21% നേട്ടം കുറിച്ചു. ചൈനയുടെ ഷന്യങ് എയർക്രാഫ്റ്റ് കമ്പനിയും, ഹോങ്ടു ഏവിയേഷൻ ഇൻഡസ്ട്രിയൽ കോർപറേഷനും കഴിഞ്ഞ ആഴ്ചയിൽ 10% വരെയും നേട്ടമുണ്ടാക്കിയിരുന്നു.
ഇന്ത്യ-പാക്കിസ്ഥാൻ സംഘർഷം ആയുധശേഖരങ്ങളുടെ രാജ്യാന്തര എക്സ്പോ കൂടിയായി മാറുകയാണ്. ഇന്ത്യൻ ആയുധക്കമ്പനികളും, ഇന്ത്യക്കും പാകിസ്ഥാനും ആയുധം വിൽക്കുന്ന കമ്പനികളും നേട്ടം പ്രതീക്ഷിക്കുന്നു.
ഓഹരികളും സെക്ടറുകളും
∙നിലവിലെ സംഘർഷങ്ങൾ അവസാനിച്ചാലും ഇന്ത്യ ആയുധപ്പുര വിശാലമാക്കുമെന്നത് ഡിഫൻസ് ഓഹരികളെ കൂടുതൽ ആകര്ഷകമാക്കുന്നു. വെള്ളിയാഴ്ച ഇന്ത്യൻ പ്രതിരോധ ഓഹരികൾ മുന്നേറ്റം നടത്തിയിരുന്നു. ദീർഘകാല നിക്ഷേപകർക്ക് ഡിഫൻസ് ഓഹരികൾ പരിഗണിക്കാം.
∙അടുത്ത ആഴ്ചയിൽ നാലാം പാദഫലം പ്രഖ്യാപിക്കുന്ന ഇന്ത്യൻ യുദ്ധവിമാനക്കമ്പനിയായ ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സും മുന്നേറ്റ പ്രതീക്ഷയിലാണ്.
∙ഡ്രോൺ, റഡാർ നിർമാണകമ്പനികളും വെള്ളിയാഴ്ച മികച്ച മുന്നേറ്റം നടത്തി. നാലാം പാദത്തിൽ നഷ്ടവ്യാപ്തി വർദ്ധിപ്പിച്ച ഡ്രോൺ നിർമാതാക്കളായ ഐഡിയ ഫോർജ് ഓഹരി വെള്ളിയാഴ്ച 20% നേട്ടമാണ് കുറിച്ചത്.
∙സിന്ധു നദിയിലെ ജലം രാജസ്ഥാനിലും ഹരിയാനയിലും ഡൽഹിയിലുമെത്തിക്കാനുള്ള കേന്ദ്രസർക്കാർ പദ്ധതിയെക്കുറിച്ചുള്ള സൂചനകൾ യാഥാർഥ്യമാകുന്നത് ഇന്ത്യൻ ഇൻഫ്രാ ഓഹരികൾക്ക് മുന്നിൽ വലിയ വാതായനമാണ് തുറക്കുക. കുറഞ്ഞ നിരക്കുകളിലുള്ള മികച്ച ഇൻഫ്രാ ഓഹരികൾ നിക്ഷേപത്തിന് പരിഗണിക്കാം.
∙എൽ&ടിയും, ദിലീപ് ബിൽഡ്കോണും കഴിഞ്ഞ ആഴ്ചയിൽ മികച്ച റിസൾട്ടുകൾ പ്രഖ്യാപിച്ചതും ഇൻഫ്രാ ഓഹരികളെ കൂടുതൽ ആകർഷകമാക്കുന്നു.
∙എൽ&ടി മികച്ച വരുമാന വളർച്ചയുടെ പിൻബലത്തിൽ ആദ്യമായി 6000 കോടി രൂപയിൽ കൂടുതൽ അറ്റാദായം സ്വന്തമാക്കി. കമ്പനിയുടെ വരുമാനം 74392 കോടി രൂപയുമാണ്.
∙മുൻവർഷത്തിലെ മൂന്ന് കോടിയിൽ നിന്നും 277 കോടി രൂപയായി ദിലീപ് ബിൽഡ്കോണിന്റെ അറ്റാദായം ഉയർന്നു.
∙കനറാ ബാങ്കിന്റെ മികച്ച റിസൾട്ട് പൊതുമേഖല ഓഹരികൾക്ക് പ്രതീക്ഷയാണ്. നാലാം പാദത്തിൽ 5003 കോടി രൂപയുടെ ഏറ്റവും മികച്ച അറ്റാദായമാണ് കുറിച്ചത്.
∙എസ്ബിഐയുടെ പക്കലുള്ള യെസ് ബാങ്കിന്റെ 13.19% ഓഹരി അടക്കം 20% ഓഹരികൾ ജപ്പാനിൽ നിന്നുമുള്ള സുമിറ്റോമോ മിറ്റ്സുയി ബാങ്കിങ് കോർപറേഷൻ വാങ്ങുന്നത് യെസ് ബാങ്കിന് അനുകൂലമാണ്.
∙യെസ് ബാങ്ക് ഓഹരിവില്പനയും, വിദേശഫണ്ടുകളുടെ ഉയർന്ന വിലലക്ഷ്യങ്ങളും മുന്നേറ്റം നൽകിയ എസ്ബിഐ തുടർന്നും പ്രതീക്ഷയിലാണ്. ജെപി മോർഗൻ എസ്ബിഐക്ക് 915 രൂപയാണ് ലക്ഷ്യമിട്ടിരിക്കുന്നത്.
∙അമേരിക്കയും ബ്രിട്ടനും വ്യാപാരക്കരാറിൽ ഒപ്പ് വച്ചതോടെ ജെഎൽആറിന് അമേരിക്കൻ കമ്പോളം വീണ്ടും കരഗതമായത് ടാറ്റ മോട്ടോഴ്സിന് മുന്നേറ്റം നൽകി.
∙ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാരക്കരാറിൽ ഇലോൺ മസ്കിന്റെ ടെസ്ലക്ക് അനുകൂലമായ കൂട്ടിച്ചേർക്കലുകൾ ഉണ്ടാകുമോ എന്ന ഭയം ഓട്ടോ മേഖലക്ക്, പ്രത്യേകിച്ച് ഇലക്ട്രിക് വാഹന കമ്പനികളുടെ ആധി വർദ്ധിപ്പിച്ചേക്കാം.
∙ബയോകോൺ മുൻവർഷത്തിൽ നിന്നും അറ്റാദായം ഇരട്ടിയിലേറെ വർദ്ധിപ്പിച്ച് 459 കോടി രൂപയിൽ എത്തിച്ചു.
∙ധനലക്ഷ്മി ബാങ്ക് അറ്റാദായം മുൻവർഷത്തെ മൂന്ന് കോടിയിൽ നിന്നും മുപ്പത് കോടിയിലേക്ക് ഉയർത്തിയപ്പോൾ മണപ്പുറം ഫിനാൻസ് നാലാം പാദത്തിൽ നഷ്ടം കുറിച്ചു.
∙പോളി ക്യാബ്, കീ ഇൻഡസ്ട്രീസ്, വോൾട്ടാസ്, ബ്ലൂസ്റ്റാർ, നിവ ബൂപ, സുന്ദരം ക്ലേടോൺ, വിന്റേജ് കോഫി, ജിന്നി ഫിലമെൻറ്സ്, അസാഹി സോങ്യാങ്, ട്രാൻസ്പെക്ക് മുതലായ കമ്പനികളും കഴിഞ്ഞ ആഴ്ചയിൽ മികച്ച റിസൾട്ടുകൾ പ്രഖ്യാപിച്ചു.
അടുത്ത ആഴ്ചയിലെ റിസൾട്ടുകൾ
ഗാർഡൻ റീച് ഷിപ്ബിൽഡേഴ്സ്, ടാറ്റ സ്റ്റീൽ, കെയർ റേറ്റിങ്, യുപിഎൽ, എസ്ആർഎഫ്, കാർബൊറാണ്ടം, റെയ്മണ്ട്, സിയറാം സിൽക്സ്, മാൻ ഇൻഡസ്ട്രീസ്, പിവിആർ ഐനോക്സ്, കിംസ്, ഹാപ്പിയെസ്റ്റ് മൈൻഡ്സ്, ഷാലറ്റ് ഹോട്ടൽസ്, ആന്ധ്രാ സിമന്റ്സ്, ബ്ലിസ് ജിവിഎസ്, ബിപിൽ ഫാർമ, എതർ എനർജി മുതലായ കമ്പനികള് തിങ്കളാഴ്ച റിസൾട്ട് പ്രഖ്യാപിക്കും.
ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ്, ഗെയിൽ, ഭെൽ, ജിഐസി, റൈറ്റ്സ്, ഷിപ്പിങ് കോർപറേഷൻ, എൻസിസി, ടാറ്റ പവർ, ടാറ്റ മോട്ടോഴ്സ്, ഹ്യൂണ്ടായി, ഹീറോ, ഐഷർ മോട്ടോഴ്സ്, വിഎസ്ടി റ്റില്ലേഴ്സ്, എയർടെൽ, കിർലോസ്കർ ബ്രദേഴ്സ്, കിർലോസ്കർ എഞ്ചിൻ, പട്ടേൽ എഞ്ചിനിയറിങ്, അനുപ് എഞ്ചിനീയറിങ്, അപ്പോളോ ടയേഴ്സ്, ഏബി ക്യാപിറ്റൽ, വിഐപി ഇൻഡസ്ട്രീസ്, അപാർ, ബ്രിഗേഡ്, പേജ്, പോളിസി ബസാർ മുതലായ കമ്പനികളും അടുത്ത ആഴ്ചയിൽ റിസൾട്ടുകൾ പ്രഖ്യാപിക്കുന്നു.
ലോക വിപണിയിൽ അടുത്ത വാരം
∙വെള്ളിയാഴ്ച ഫെഡ് ചെയർമാൻ ജെറോം പവൽ വീണ്ടും സംസാരിക്കാനെത്തുന്നത് വിപണി പ്രാധാന്യത്തോടെ കാണുന്നു. ഫെഡ് യോഗം കഴിഞ്ഞതിനാൽ അടുത്ത ആഴ്ചയിലെ എല്ലാ ദിവസങ്ങളിലും ഫെഡ് അംഗങ്ങളുടെ പ്രസ്താവനകള് അമേരിക്കൻ വിപണിയെ സ്വാധീനിക്കും.
∙ഇന്ത്യയുടേയും അമേരിക്കയുടെയും സിപിഐ ഡേറ്റ ചൊവാഴ്ചയും, ജർമനിയും, സ്പെയിനും അടക്കമുള്ള യൂറോപ്യൻ രാജ്യങ്ങളുടെ സിപിഐ ഡേറ്റ ബുധനാഴ്ചയും വിപണികളെ സ്വാധീനിക്കും. വ്യാഴാഴ്ച അമേരിക്കയുടെ പിപിഐ ഡേറ്റയും, ജോബ് ലെസ് ക്ലെയിമിന് അപേക്ഷിച്ചവരുടെ കണക്കുകളും വരുന്നു.
∙ബ്രിട്ടന്റെയും യൂറോ സോണിന്റെയും ജിഡിപി കണക്കുകളും ഫ്രഞ്ച് സിപിഐ ഡേറ്റയും വെള്ളിയാഴ്ച യൂറോപ്യൻ വിപണിയെ സ്വാധീനിക്കും.
ഇന്ത്യയുടെ മൊത്തവിലക്കയറ്റക്കണക്കുകള് ബുധനാഴ്ചയാണ് പുറത്ത് വരുന്നത്. വ്യാഴാഴ്ച ഇന്ത്യയുടെ ഏപ്രിലിലെ കയറ്റുമതി-ഇറക്കുമതി കണക്കുകളും വരുന്നു.
സ്വർണം
ചൈന-അമേരിക്ക വ്യാപാര ചർച്ച സൂചനയിൽ വീണ സ്വർണം വെള്ളിയാഴ്ച പുതിയ യുദ്ധമുഖം കൂടി തുറന്നതോടെ വീണ്ടും മുന്നേറ്റം നേടി. ചൈന-അമേരിക്ക ചർച്ചകൾ ഫലം കാണാത്തിടത്തോളം സ്വർണത്തിന് മുന്നേറ്റ സാധ്യതയുണ്ട്. ഇന്നലെ ഏഷ്യൻ വിപണി സമയത്ത് മുന്നേറ്റം നേടിയ സ്വർണം രാജ്യാന്തര വിപണിയിൽ ഔൺസിന് 3344 ഡോളറിലാണ് ക്ളോസ് ചെയ്തത്.
ക്രൂഡ് ഓയിൽ, ബേസ് മെറ്റൽ
അമേരിക്ക-ബ്രിട്ടൺ വ്യാപാര ഉടമ്പടിയും, ചൈനയുടെ കയറ്റുമതി വർധനയും ഇന്നലെ ക്രൂഡ് ഓയിലിനും ബേസ് മെറ്റലുകൾക്കും മുന്നേറ്റം നൽകി. ബ്രെന്റ് ക്രൂഡ് ഓയിൽ 64 ഡോളറിലേക്ക് മുന്നേറിയപ്പോൾ നാച്ചുറൽ ഗ്യാസ് 5%ൽ കൂടുതൽ നേട്ടമാണ് വെള്ളിയാഴ്ച സ്വന്തമാക്കിയത്. നിക്കലും സിങ്കും കോപ്പറും വെള്ളിയാഴ്ച ഓരോ ശതമാനം വീതം മുന്നേറി.
ലേഖകന്റെ വാട്സാപ് : 8606666722
Disclaimer : ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകൻ തയാറാക്കിയിട്ടുള്ളതാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളുക