
‘‘ഇന്നത്തെ പണപ്പയറ്റ് പി.പി. അജയൻ, മേലേത്ത് വീട്, പകൽ 2 മണിക്ക് ശേഷം കുളത്തൂർ ജമാലുദ്ദീന്റെ വീട്ടിൽ വച്ച്’’
ഇത്തരം പോസ്റ്ററുകൾ മലബാറിൽ, പ്രത്യേകിച്ച് കോഴിക്കോടിന്റെയും കണ്ണൂരിന്റെയും പല പ്രദേശങ്ങളിലും കാണാം. ചിലപ്പോൾ നാട്ടിൻപുറത്തെ ചായക്കടയുടെ ഭിത്തിയിൽ ചോക്കുകൊണ്ട് എഴുതിയനിലയിൽ. ചിലപ്പോൾ, കല്യാണക്കുറിയെന്ന് തോന്നിക്കുംവിധം അച്ചടിച്ച് വിതരണം ചെയ്ത മട്ടിലും. നോട്ടിസ് കണ്ടാലോ കുറികിട്ടിയാലോ പണപ്പയറ്റിൽ പങ്കെടുക്കണം. പണപ്പയറ്റ് എന്ന് കേട്ടാൽ കളരിപ്പയറ്റു പോലെ കായികപ്പയറ്റല്ല കേട്ടോ. മലബാറുകാരുടെ സാമ്പത്തികാവശ്യങ്ങൾക്ക് അടിയന്തരവഴി ഉറപ്പാക്കാൻ അവർ ‘വിശ്വാസം’ ഈടുവച്ചു നടത്തുന്ന പണമിടപാടാണിത്.
തെക്കൻ കേരളത്തിൽ ഈ പയറ്റിനെ പറ്റി പലരും കേട്ടിട്ടുണ്ടാവില്ല. എന്നാൽ, വടക്കൻ കേരളത്തിന്റെ സാമ്പത്തിക ഇടപാടുകളുടെ സുപ്രധാന നാഡി തന്നെയാണിത്. കല്യാണം, വീടുവയ്ക്കൽ, പുതിയ വണ്ടിവാങ്ങൽ, ബിസിനസ് തുടങ്ങൽ, ആശുപത്രിച്ചെലവ് എന്നിങ്ങനെ ഏത് ആവശ്യത്തിനും പണപ്പയറ്റ് നടത്താം. പലിശയില്ലെന്നതാണ് ഒരു പ്രത്യേകത. മറ്റൊരു ആശ്വാസം ക്രെഡിറ്റ് സ്കോറും വേണ്ടായെന്നതു തന്നെ. എന്നാൽ, വിശ്വാസം മുറുകെപ്പിടിക്കുക തന്നെ വേണം. വഞ്ചന വച്ചുപൊറുപ്പിക്കില്ല.
കോഴിക്കോട്ടും കണ്ണൂരും
കോഴിക്കോട്, കണ്ണൂർ ജില്ലകളിലാണ് പണപ്പയറ്റ് സമ്പ്രദായമുള്ളത്. കോഴിക്കോട്ടെ വടകര, പേരാമ്പ്ര, കുറ്റ്യാടി, നാദാപുരം, ബാലുശ്ശേരി മേഖലകളിലും കണ്ണൂരിലെ പാനൂർ, പൊയിലൂർ, തലശ്ശേരി തുടങ്ങിയ പ്രദേശങ്ങളിലും പണപ്പയറ്റ് കാണാം. ഏറെ പണ്ടുകാലം തൊട്ടേ ഇവിടങ്ങളിൽ പണപ്പയറ്റുണ്ട്. 1970കളിലും തൊണ്ണൂറുകളിലുമായിരുന്നു കൂടുതൽ സജീവം. ഇടക്കാലത്ത് സ്വീകാര്യത കുറഞ്ഞെങ്കിലും പിന്നീട് വീണ്ടും ഉഷാറായി. പലയിടങ്ങളിലും പണപ്പയറ്റ് ഇപ്പോൾ സജീവം. ചില സ്ഥങ്ങളിൽ ‘കുറിക്കല്യാണം’ എന്നും പണപ്പയറ്റ് അറിയപ്പെടുന്നുണ്ട്.
എങ്ങനെ പയറ്റാം?
പെട്ടെന്നുള്ള സാമ്പത്തികാവശ്യം നിറവേറ്റാനാണ് മിക്കവരും പണപ്പയറ്റ് നടത്തുന്നത്. ബാങ്ക് വായ്പയെ ആശ്രയിക്കാനാണ് ശ്രമിക്കുന്നതെങ്കിൽ ചിലപ്പോൾ ഈടുവയ്ക്കേണ്ടി വരാം. മറ്റു ചിലപ്പോൾ ക്രെഡിറ്റ് സ്കോർ പ്രശ്നമാകാം. ഉടനടി ലോൺ നേടുകയെന്നതും സാധ്യമായേക്കില്ല. ഈ സാഹചര്യത്തിലാണ് പലരും പണപ്പയറ്റിനിറങ്ങുന്നത്. പലിശയൊന്നുമില്ലെന്ന് കരുതി, എളുപ്പത്തിൽ പണപ്പയറ്റ് നടത്താമെന്ന് കരുതരുതേ. ഇതിനും ചില ‘കണക്കുകളുണ്ട്’.
പണത്തിന് ആവശ്യം വരുന്നയാൾ നാട്ടിൽ പണപ്പയറ്റിൽ പങ്കെടുക്കാറുള്ളവരെ നോട്ടിസ് അല്ലെങ്കിൽ കത്ത് വഴി അക്കാര്യം അറിയിക്കും. അല്ലെങ്കിൽ നോട്ടിസ് പലയിടത്തും പതിപ്പിക്കുകയോ സ്ഥിരമായി ഇത് രേഖപ്പെടുത്താറുള്ള ചായക്കടയുടെയോ മറ്റോ ഭിത്തിയിലോ ബോർഡിലോ എഴുതിയിടുകയോ ചെയ്യും. പറഞ്ഞസ്ഥലത്ത് എല്ലാവരും എത്തി ആവശ്യക്കാരന് പണം നൽകും. ഇത്തരത്തിൽ പണംനൽകുന്നവർ മുമ്പേ ഇതേപോലെ പണപ്പയറ്റ് നടത്തി പണം നേടിയവരാകും. അവർ പണപ്പയറ്റ് നടത്തിയപ്പോൾ പണം നൽകിയ ആളാകും ഇപ്പോൾ പണപ്പയറ്റ് നടത്തുന്നതും.
അപ്പോൾ പണം മുമ്പ് സ്വീകരിച്ചവർ എത്രയാണോ അയാൾ നൽകിയത് അതിനേക്കാൾ കൂടുതൽ തിരിച്ചുനൽകണം. ഉദാഹരണത്തിന്, ജമാൽ എന്നയാൾ നേരത്തേ പണപ്പയറ്റ് നടത്തിയപ്പോൾ അജയൻ എന്നയാൾ 500 രൂപ നൽകി എന്നിരിക്കട്ടെ. ഇനി അജയൻ പണപ്പയറ്റ് നടത്തുമ്പോൾ ജമാൽ 500 രൂപയിൽ കൂടുതൽ പണം നൽകണം. അതാണ് നിബന്ധന. പണപ്പയറ്റിന് വിളിച്ചിട്ട് വരാതിരുന്നാലോ നേരത്തേ ലഭിച്ചതിനേക്കാൾ കൂടുതൽ പണം നൽകാതിരുന്നാലോ വിശ്വാസം തെറ്റിക്കലാണ്. അയാളെ പിന്നീടുള്ള പണപ്പയറ്റിൽ പങ്കെടുപ്പിക്കില്ല.
പണപ്പയറ്റിന് കൃത്യമായ രേഖകളും പുസ്തകത്തിൽ രേഖപ്പെടുത്തും. എവിടെയാണോ പണപ്പയറ്റ് നടക്കുക, അവിടെ പണപ്പയറ്റ് നടത്തുന്നയാളുടെ വക ചെറിയ ചായസൽകാരവും നടക്കാറുണ്ട്. ചിലപ്പോൾ ചായയും ചെറുകടിയുമാകാം. ചിലർ പൊറോട്ടയും കറിയും അല്ലെങ്കിൽ ചിക്കൻ ബിരിയാണി വരെ ഒരുക്കാറുണ്ട്. പണപ്പയറ്റ് ചെറിയ തുകയുടെ പയറ്റുമല്ല. ആയിരങ്ങൾ മുതൽ ലക്ഷങ്ങൾ വരെയാണ് പലരും പണപ്പയറ്റിലൂടെ സമാഹരിക്കുന്നത്. തുടർന്നുള്ള പയറ്റിൽ അത് തിരികെക്കൊടുക്കും. അങ്ങനെ പണപ്പയറ്റ് നടന്നുകൊണ്ടേയിരിക്കും.
കൃഷ്ണദാസിന്റെ വാക്കുകൾ
‘‘എന്റെ ചെറുപ്പകാലത്ത് ചെറിയ പൈസയ്ക്കായിരുന്നു പണപ്പയറ്റ്. ചെറുതെന്ന് പറയുമ്പോ മൂന്ന്, 5, 10 രൂപയ്ക്കൊക്കെ. അന്നത്തെ സാമ്പത്തികം അങ്ങനെയായിരുന്നു. പക്ഷേ, ഇപ്പൊ അങ്ങനെയല്ല. ആയിരവും പതിനായിരവും ലക്ഷവുമൊക്കെയായി. പണ്ട് 3 രൂപ പയറ്റുമ്പോ തിരിച്ച് അങ്ങോട് 5 രൂപ പയറ്റും. പിന്നെ അത് 6 രൂപയാകും, എട്ട് രൂപയും. അങ്ങനെ. പയറ്റാൻ വരുന്നോർക്ക് തേയില സൽകാരം കൊടുക്കും’’, വിളക്കോട്ടൂരിൽ പോസ്റ്റുമാനായ കൃഷ്ണദാസ് പറയുന്നു.
ഇപ്പോൾ പലയിടത്തും പണപ്പയറ്റിന് കമ്മിറ്റിയൊക്കെയുണ്ട്. പണ്ട് മുഖ്യസ്ഥൻ എന്നൊരാളുണ്ടാകുമായിരുന്നു. ഇപ്പം കമ്മിറ്റിയായി. മിക്കവാറും കിടപ്പുരോഗികളെ സഹായിക്കാനും ചികിത്സാപ്പണത്തിനും മറ്റുമാണ് ഇപ്പോൾ പണപ്പയറ്റ് കൂടുതലും നടക്കുന്നത്. കാര്യങ്ങളൊക്കെ കമ്മിറ്റി നോക്കും. ആളുകളെ ക്ഷണിക്കുന്നതും അവരാണ്. സ്കൂൾ/കോളേജ് ഫീസടയ്ക്കാനും പണപ്പയറ്റ് നടത്തുന്നവരുണ്ട്. പണപ്പയറ്റ് നടത്താൻ താൽപര്യമുള്ളവർ കമ്മിറ്റിയെ പോയി കാണും. തുടർന്നാണ് തീയതി നിശ്ചയിച്ച് ആളുകളെ ക്ഷണിക്കുക.
വിശ്വാസം, അതല്ലേ എല്ലാം!
പണപ്പയറ്റിൽ ഒരാൾ 100 രൂപ പയറ്റി എന്നിരിക്കട്ടെ. അയാൽ ക്ഷണിച്ചപ്രകാരം വീട്ടിലെത്തിയ ആളുകൾക്കും ഇതുപോലെ പയറ്റാം. അപ്പോൾ 200 രൂപയെങ്കിലും തിരിച്ചുപയറ്റണം. 100 രൂപ അയാൾക്ക് കൊടുക്കാനും 100 രൂപ അയാളുടെ മുതലും. അതായത് നേരത്തേ അയാൾ പയറ്റിയ 100 രൂപ തിരിച്ചുകൊടുക്കുകയും നിലവിൽ അയാളുടെ ആവശ്യത്തിനായി 100 രൂപ അധികം കൊടുക്കുകയും ചെയ്യുന്നു. ഇതാണ് പണപ്പയറ്റ്.
ഇനി പണപ്പയറ്റിന് താൽപര്യമില്ലെങ്കിൽ മുതൽ മാത്രം തിരിച്ചുകൊടുത്ത് പിരിയുകയാണെന്ന് പറയാം. വിളിച്ചിട്ട് പണപ്പയറ്റിന് വന്നില്ലെങ്കിൽ വിശദീകരണം നൽകണം. വിശദീകരണം തൃപ്തികരമെങ്കിൽ തുടർന്നുള്ള പണപ്പയറ്റുകളിൽ പങ്കെടുക്കാം. മറിച്ചാണെങ്കിൽ ആയാളെ ഇനി പങ്കെടുപ്പിക്കേണ്ടെന്ന് തീരുമാനിക്കും.
കല്യാണ ആവശ്യത്തിന് പണപ്പയറ്റ് നടത്തുന്നവർ ചിലയിടങ്ങളിൽ കല്യാണ കത്തിനൊപ്പമാണ് പണപ്പയറ്റ് നോട്ടിസും നൽകുന്നത്. കല്യാണത്തിന് ഒരു മാസം മുമ്പോ രണ്ട് ദിവസം മുമ്പോ ഒക്കെ അടുത്തുള്ള ചായക്കടകളിൽ കല്യാണതീയതിയും പയറ്റിന്റെ വിശദാംശങ്ങളും അടങ്ങിയ നോട്ടിസും ഒട്ടിച്ച്വയ്ക്കാറുണ്ട്. ഒരു മാസം തന്നെ ഒന്നിൽ കൂടുതൽ പയറ്റിൽ പങ്കെടുക്കുന്നവരുമുണ്ട്. ‘‘ഇവിടെ ഇടയ്ക്കിടക്ക് പയറ്റ് നടക്കും. ഞാളെല്ലാരും പങ്കെടുക്കാറുണ്ട്. ഈ അടുത്തു കൂടി ഒന്ന് നടന്നതേയുള്ളൂ. ചെറിയ പ്രായക്കാരും പങ്കെടുക്കാറുണ്ട്’’, കുറ്റ്യാടി സ്വദേശി അനന്ദു പറയുന്നു.
ഒത്തൊരുമയുടെ പയറ്റ്
കേവലം പണം കൊടുക്കൽവാങ്ങൽ മാത്രമല്ല പണപ്പയറ്റ്. മലബാറുകാർക്കിടയിലെ ഒത്തൊരുമയുടെ പയറ്റുകൂടിയാണിത്. ഒരാൾക്ക് ഒരാവശ്യം വന്നാൽ, നാട്ടുകാരെല്ലാം ഒരുമിച്ച് നിൽക്കുന്ന പയറ്റ്. നാട്ടുകാർ തമ്മിലെ ബന്ധം സുദൃഢമായി നിർത്താനും പണപ്പയറ്റ് വഹിക്കുന്ന പങ്ക് ചെറുതല്ല. പണപ്പയറ്റ് ആദ്യമായി നടത്തുന്നവരും ഏറെയാണ്. അവർ, തുടർന്നുള്ള പണപ്പയറ്റുകളിൽ സജീവമായിരിക്കണമെന്ന് മാത്രം.
‘‘പണ്ട് ഈന്തോല കൊണ്ട് അലങ്കരിച്ചും മറ്റുമായിരുന്നു പയറ്റ് നടന്നിരുന്നത്. ഇപ്പോ എല്ലാം മാറി. കടയിലോ വീട്ടിലോ വച്ചാണ് ഇപ്പോൾ. കത്തുകൊടുക്കും. അത് പ്രകാരം ആളുകൾ വരും. ധനസഹായം അല്ലെങ്കിൽ സഹായിക്കുറിയായി പണപ്പയറ്റ് നടത്തുന്നവരുമുണ്ട്. അതിൽ, ഓരോരുത്തരും അവരാൽ പറ്റുന്ന സഹായമാണ് പയറ്റിൽ പങ്കെടുക്കുന്നത് വഴി ചെയ്യുക. പയറ്റിലൂടെ പണം കിട്ടുന്നവർ അതിന് ആനുപാതികമായി പിന്നീടുള്ള പയറ്റിൽ തിരിച്ചുകൊടുത്താൽ മതി. കുറ്റ്യാടി മേഖലകളിൽ ധനസഹായത്തിനായി നിരവധി പയറ്റുകൾ നടത്തുന്നുണ്ട്. അപ്പോൾ കത്തടിക്കുകയും അതിൽ പ്രത്യേകം സഹായക്കുറി എന്ന് സൂചിപ്പിക്കുകയും ചെയ്യും’’, കുറ്റ്യാടി സ്വദേശി ബാബു പറഞ്ഞു.