ഗോവയിലെ നിശാക്ലബിന് തീപിടിച്ച് 25പേർ മരിക്കാനിടയായ സംഭവത്തിൽ അന്വേഷണ ഏജൻസികൾ തിരയുന്ന ക്ലബ് ഉടമകളുടെ തട്ടിപ്പ് ബിസിനസുകളെ കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്. ഡിസംബർ ആറിന് ഗോവയിലെ അർപോറയിലെ ‘ബിർച് ബൈ റോമിയോ ലെയിൻ’ നിശാക്ലബ്ബിലായിരുന്നു തീപിടിത്തം.
ഡൽഹിയിലായിരുന്ന ക്ലബ് ഉടമകളായ സൗരഭ് ലൂത്ര, ഗൗരവ് ലൂത്ര സഹോദരങ്ങൾ, തീപിടിത്ത വാർത്തയ്ക്ക് പിന്നാലെ തായ്ലൻഡിലേക്ക് ഫുക്കറ്റിലേക്ക് കടന്നിരുന്നു.
ഇവർക്കായി ഇന്റർപോൾ ബ്ലൂ കോർണർ നോട്ടിസ് പുറപ്പെടുവിച്ചിട്ടുണ്ട്. വിദേശത്തുള്ള കുറ്റവാളികളെ കണ്ടെത്താനും അവർ മറ്റിടങ്ങളിലേക്ക് മുങ്ങുന്നത് തടായാനുമാണിത്.
ലൂത്ര സഹോദരന്മാർക്ക് ഡൽഹിയിലെ ഒറ്റ മേൽവിലാസത്തിൽ 42 കടലാസ് കമ്പനികളുണ്ടായിരുന്നുവെന്ന റിപ്പോർട്ട് ഇതിനിടെ പുറത്തുവന്നു. ഇവർ നടത്തിയിരുന്ന കമ്പനികളെക്കുറിച്ചും സാമ്പത്തിക ഇടപാടുകളെക്കുറിച്ചും വിശദമായി അന്വേഷിക്കുമെന്ന് ഗോവ പൊലീസ് ഡിഐജി വർഷ ശർമ്മ വ്യക്തമാക്കി.
ഞായറാഴ്ച പുലർച്ചെ 12.04ന് ആയിരുന്നു പൊലീസ് ആദ്യം തീപിടിത്തം റിപ്പോർട്ട് ചെയ്തത്.
മണിക്കൂറുകൾക്കകം, രാവിലെ 5.30നുള്ള ന്യൂഡൽഹി-ഫുക്കറ്റ് വിമാനത്തിൽ ലൂത്ര സഹോദരന്മാർ കടന്നുകളയുകയായിരുന്നു. മതിയായ സുരക്ഷാ സൗകര്യങ്ങളോ ശ്രദ്ധയോ ഇല്ലാതെ നിശാക്ലബ്ബിൽ ഫയർഷോ സംഘടിപ്പിച്ചതാണ് അപകടത്തിന് കാരണമെന്ന് കണ്ടെത്തിയിരുന്നു.
14 ജീവനക്കാരും 4 വിദേശികളും ഉൾപ്പെടെയാണ് 25 പേർ മരിച്ചത്.
മതിയായ പ്രവർത്തനാനുമതികൾ ഇല്ലാതിരുന്ന ക്ലബിന് എമർജൻസി എക്സിറ്റും ഉണ്ടായിരുന്നില്ലെന്ന് റിപ്പോർട്ടുകളുണ്ട്. ലൂത്ര സഹോദരന്മാരുടെ പാസ്പോർട്ട് റദ്ദാക്കാനും നീക്കങ്ങൾ തുടങ്ങിയിട്ടുണ്ട്.
ഇതിന്റെ ഭാഗമായി ഇവർക്ക് കാരണംകാണിക്കൽ നോട്ടിസ് നൽകിയെന്നാണ് സൂചന. 7 ദിവസത്തിനകം മറുപടി നൽകണമെന്നാണ് നിർദേശം.
ഇന്ത്യയ്ക്കും തായ്ലൻഡിനുമിടയിൽ കുറ്റവാളികളെ കൈമാറ്റം ചെയ്യാനുള്ള കരാർ ഉള്ളതിനാൽ ലൂത്ര സഹോദരന്മാരെ ഉടൻ തിരിച്ചുകൊണ്ടുവരാനാകുമെന്നാണ് ഗോവ സർക്കാരിന്റെ പ്രതീക്ഷ.
നൈറ്റ്ക്ലബ് സ്ഥിതി ചെയ്യുന്ന സ്ഥലത്തിന്റെ ഉടമയും ബ്രിട്ടീഷ് പൗരനുമായ സുരീന്ദർ കുമാർ ഖോസ്ലയെ പൊലീസ് പിടികൂടിയിരുന്നു. നിശാക്ലബിന്റെ ചീഫ് ജനറൽ മാനേജർ രാജീവ് മോഡക്, ജനറൽ മാനേജർ വിവേക് സിങ്, ബാർ മാനേജർ രാജീവ് സിംഘാനിയ, ഗേറ്റ് മാനേജർ റിയാൻഷു താക്കൂർ, ഭരത് കോലി എന്നിവരും അറസ്റ്റിലായിട്ടുണ്ട്.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

