അമേരിക്കയും യൂറോപ്പും അടിച്ചേൽപ്പിച്ച ഉപരോധത്തെ തുടർന്ന് ഇന്ത്യയുമായുള്ള എണ്ണക്കച്ചവടം പാളിയ പശ്ചാത്തലത്തിൽ, മോദിയുമായുള്ള കൂടിക്കാഴ്ചയ്ക്കായി റഷ്യൻ പ്രസിഡന്റ് പുട്ടിൻ ഇന്ത്യയിലേക്ക്. റഷ്യയിലെ ഏറ്റവും വമ്പൻ എണ്ണകയറ്റുമതിക്കമ്പനികളായ ലൂക്കോയിൽ, റോസ്നെഫ്റ്റ് എന്നിവയ്ക്ക് യുഎസ് പ്രസിഡന്റ് ട്രംപ് ഉപരോധം പ്രഖ്യാപിച്ചതിനെ തുടർന്ന്, ഇന്ത്യൻ കമ്പനികൾ റഷ്യൻ എണ്ണ വാങ്ങുന്നതിൽ നിന്ന് വിട്ടുനിൽക്കുകയാണ്.
ഇന്ത്യയിലേക്ക് ഏറ്റവുമധികം റഷ്യൻ എണ്ണ ഇറക്കുമതി ചെയ്തിരുന്ന റിലയൻസ് ഇൻഡസ്ട്രീസ് ഇപ്പോൾ ഗൾഫ് രാഷ്ട്രങ്ങളുടെ എണ്ണയിലേക്ക് ശ്രദ്ധതിരിച്ചു.
ഹിന്ദുസ്ഥാൻ പെട്രോളിയം, മംഗളൂരു റിഫൈനറി തുടങ്ങിയ പൊതുമേഖലാ എണ്ണക്കമ്പനികളും ഇപ്പോൾ ഗൾഫ്, യുഎസ് ക്രൂഡ് ഓയിലാണ് കൂടുതലും വാങ്ങുന്നത്.
ഇന്ത്യയുമായുള്ള വാണിജ്യ, പ്രതിരോധ സഹകരണം വീണ്ടും ശക്തമാക്കുക ലക്ഷ്യമിട്ടായിരിക്കും പുട്ടിന്റെ വരവ്. എന്നാൽ, പ്രധാന ഉന്നം ഇന്ത്യക്കാരായ തൊഴിലാളികളാണെന്നാണ് റിപ്പോർട്ടുകൾ.
ഈ വർഷം തന്നെ 70,000ഓളം ഇന്ത്യക്കാരെ റഷ്യയിലെ വിവിധ വ്യാവസായിക മേഖലകളിലേക്ക് റിക്രൂട്ട് ചെയ്യുന്നത് സംബന്ധിച്ച ഡീൽ പുട്ടിന്റെ സന്ദർശനത്തിനിടെ ഒപ്പുവച്ചേക്കും. നിർമാണം (കൺസ്ട്രക്ഷൻ), വസ്ത്രം, ഇലക്ട്രോണിക്സ്, മെഷിനറി മേഖലകളിലായിരിക്കും നിയമനം.
യുക്രെയ്നെതിരായ യുദ്ധത്തിന് പിന്നാലെ റഷ്യയിൽ പല മേഖലകളിലും തൊഴിലാളിക്ഷാമം അതിരൂക്ഷമാണ്.
ആവശ്യത്തിന് ജീവനക്കാരില്ലാത്തതിനാൽ പല കമ്പനികളും അടച്ചുപൂട്ടൽ ഭീഷണിയിലുമാണ്. ഈ സാഹചര്യത്തിലാണ് ഇന്ത്യയുൾപ്പെടെയുള്ള ഏഷ്യൻ രാജ്യങ്ങളിൽനിന്ന് റിക്രൂട്ട്മെന്റ് സജീവമാക്കാനുള്ള റഷ്യയുടെ ശ്രമം.
പലമേഖലകളിൽനിന്നും തൊഴിലാളികളെ യുദ്ധമുഖത്തേക്ക് അയച്ചതും സൈനികസേവനത്തിന് ലഭിക്കുന്ന ഉയർന്ന വേതനം പലരെയും ആകർഷിച്ചതുമാണ് റഷ്യയെ തൊഴിലാളിക്ഷാമത്തിലേക്ക് നയിച്ചത്.
ഇന്ത്യയിൽനിന്ന് 10 ലക്ഷത്തോളം തൊഴിലാളികളെ റഷ്യ ഉന്നമിടുന്നുണ്ടെന്ന് നേരത്തേ റിപ്പോർട്ടുകളുണ്ടായിരുന്നു. ശ്രീലങ്ക, ഉത്തര കൊറിയ, ഇറാൻ, ഇറാഖ്, ആഫ്രിക്ക എന്നിവിടങ്ങളിൽ നിന്നുള്ളവരെയും റഷ്യ ഉറ്റുനോക്കുന്നുണ്ട്.
നേരത്തേ റഷ്യൻ ഭാഷതന്നെ സംസാരിക്കുന്ന അയൽ രാജ്യങ്ങളിൽ നിന്നായിരുന്നു റഷ്യ കൂടുതലായും തൊഴിലാളികളെ കണ്ടെത്തിയിരുന്നത്. ഇപ്പോൾ പ്രതിസന്ധി അതിരൂക്ഷമായ സാഹചര്യത്തിലാണ് ഇന്ത്യയിലേക്കുള്ള നോട്ടം.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

