അമേരിക്കൻ കേന്ദ്രബാങ്കായ ഫെഡറൽ റിസർവിന്റെ ഗവർണർ ലിസ കുക്കിനെ പദവിയിൽ നിന്ന് പുറത്താക്കിയ പ്രസിഡന്റ് ഡോണൾഡ് ട്രംപിന് കോടതിയിൽ തിരിച്ചടി. ട്രംപിന്റെ നടപടി റദ്ദാക്കിയ വാഷിങ്ടൺ ഡിസി ഡിസ്ട്രിക്ട് കോടതി ജഡ്ജി ജിയ കോബ്, ഫെഡറൽ റിസർവിന്റെ ചട്ടങ്ങളുടെ ലംഘനമാണ് ട്രംപ് നടത്തിയതെന്നും പറഞ്ഞു.
കുക്കിനെ പദവിയിൽ പുനർനിയമിക്കുന്നത് പൊതുതാൽപര്യവും ഫെഡറൽ റിസർവിന്റെ സ്വാതന്ത്ര്യം സംരക്ഷിക്കുന്നതുമാണെന്നും ജഡ്ജി പറഞ്ഞതും ട്രംപിന് തിരിച്ചടിയായി.
ഭവന വായ്പാച്ചട്ടങ്ങളിൽ ബോധപൂർവം തെറ്റായ വിവരങ്ങൾ നൽകിയെന്ന് ആരോപിച്ച് കഴിഞ്ഞമാസമാണ് ട്രംപ് ലിസ കുക്കിനെ പുറത്താക്കിയത്. അമേരിക്കയുടെ ചരിത്രത്തിൽ ആദ്യമായിരുന്നു കേന്ദ്രബാങ്കിന്റെ ഗവർണറെ ഒരു പ്രസിഡന്റ് പദവിയിൽനിന്ന് നീക്കുന്നത്.
ഫെഡറൽ റിസർവിന്റെ ഗവർണറാകുന്ന ആദ്യ ‘ബ്ലാക്ക് അമേരിക്കൻ’ വനിതയുമായിരുന്നു ലിസ.
തന്നെ പുറത്താക്കാൻ പ്രസിഡന്റിന് അധികാരമില്ലെന്നും ആരോപണങ്ങളിൽ കഴമ്പില്ലെന്നും വാദിച്ചാണ് കുക്ക് കോടതിയിലെത്തിയത്.
കഴിഞ്ഞ ഏതാനും നാളുകളായി ഫെഡറൽ റിസർവിന്റെ പ്രവർത്തന സ്വാതന്ത്ര്യത്തിൽ കൈകടത്താനുള്ള ശ്രമമാണ് പ്രസിഡന്റ് ട്രംപ് നടത്തുന്നതെന്ന വിമർശനം ശക്തമാണ്. താൻ ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും അടിസ്ഥാന പലിശനിരക്ക് കുറയ്ക്കാൻ തയാറാകാത്ത ഫെഡറൽ റിസർവ് ചെയർമാൻ ജെറോം പവലിനെ ട്രംപ് നിരന്തരം കടുത്ത വാക്കുകളിലൂടെ കടന്നാക്രമിച്ചിരുന്നു.
2026 മേയ് വരെ പ്രവർത്തന കാലാവധിയാണ് പവലിനുള്ളത്.
അദ്ദേഹം പദവിയൊഴിയുന്ന വേളയിലാണ് പകരക്കാരനെ നിയമിക്കേണ്ടതും. എന്നാൽ, ട്രംപ് തന്റെ വിശ്വസ്തരിലൊരാളെ ഉടൻ ചെയർമാൻ സ്ഥാനത്തേക്ക് പ്രഖ്യാപിക്കുമെന്ന് വ്യക്തമാക്കി കഴിഞ്ഞു.
പുതിയ ചെയർമാൻ പലിശനിരക്ക് കുറയ്ക്കുന്ന ആൾ ആയിരിക്കുമെന്നും ട്രംപ് പറഞ്ഞിരുന്നു. ഫെഡറൽ റിസർവിന്റെ നയരൂപീകരണത്തിന്മേൽ സമ്മർദം ചെലുത്തുന്ന ട്രംപിന്റെ നടപടി, കേന്ദ്രബാങ്കിന്റെ വിശ്വാസ്യതയെ ബാധിക്കുമെന്ന വിമർശനങ്ങളും ശക്തമാണ്.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]