
റഷ്യൻ എണ്ണ ഇറക്കുമതിയുടെ പേരിൽ ഇന്ത്യയ്ക്കെതിരെ നിലപാട് കടുപ്പിക്കുകയാണ് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇന്ത്യയ്ക്കുമേൽ അദ്ദേഹം 25% തീരുവ പ്രഖ്യാപിച്ചപ്പോൾതന്നെ അത് ഏഷ്യയിലെ പ്രമുഖ രാജ്യങ്ങൾക്കിടയിലെ ഏറ്റവും ഉയർന്നനിരക്കായിരുന്നു.
പിന്നീട്, റഷ്യൻ എണ്ണ ഇറക്കുമതി ചെയ്യുന്നെന്ന് ചൂണ്ടിക്കാട്ടി 25% തീരുവ കൂടി അധികമായി ചുമത്തി 50 ശതമാനമാക്കി. ലോകത്ത് യുഎസ് ഏറ്റവുമധികം തീരുവ പ്രഖ്യാപിച്ച രാജ്യങ്ങളിലൊന്നാണ് ഇപ്പോൾ ഇന്ത്യ.
ട്രംപ് അധികത്തീരുവയും പ്രഖ്യാപിച്ച പശ്ചാത്തലത്തിൽ ഇന്ത്യയുടെ പൊതുമേഖലാ എണ്ണക്കമ്പനികൾ റഷ്യൻ എണ്ണ വാങ്ങുന്നത് നിർത്തിയെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.
എന്നാൽ, റഷ്യൻ എണ്ണ വാങ്ങേണ്ടെന്ന് നിർദേശിച്ചിട്ടില്ലെന്ന് പിന്നീട് കേന്ദ്രസർക്കാർ വ്യക്തമാക്കി. ട്രംപ് നിലപാട് കടുപ്പിക്കുന്ന പശ്ചാത്തലത്തിൽ ഇനി റഷ്യൻ എണ്ണ വാങ്ങേണ്ടെന്ന് ഇന്ത്യ തീരുമാനിച്ചാൽ പെട്രോൾ, ഡീസൽ വില കൂടുമോ? കൂടിയാൽ വില എവിടെയെത്തും?
ഓരോ ഡോളർ കൂടുമ്പോഴും…
ലോകത്ത് ക്രൂഡ് ഓയിൽ ഉൽപാദനത്തിൽ 10% പങ്കുവഹിക്കുകയും കയറ്റുമതിയിൽ ഏറ്റവും മുൻനിരയിലുള്ളതുമായ രാജ്യമാണ് റഷ്യ.
റഷ്യൻ എണ്ണയ്ക്ക് വിലക്ക് ഏർപ്പെടുത്തിയാൽ ക്രൂഡ് ഓയിൽ വില നിലവിലെ ശരാശരി 65 ഡോളറിൽ നിന്ന് 130 ഡോളറിലേക്കുവരെ കുതിച്ചുയരുമെന്നാണ് ഇന്ത്യയുടെ വാദം. ഉപഭോഗത്തിന്റെ 85-90% ക്രൂഡ് ഓയിലും ഇറക്കുമതി ചെയ്യുന്ന ഇന്ത്യയ്ക്കത് താങ്ങാനാവില്ല.
റഷ്യൻ എണ്ണയ്ക്ക് അമേരിക്ക ഉപരോധം കൊണ്ടുവന്നാൽ ഉടനടി അതു 10% വിലക്കുതിപ്പ് ക്രൂഡോയിലിനുണ്ടാക്കുമെന്ന വാദവും ചിലർ ഉയർത്തുന്നുണ്ട്.
അങ്ങനെയെങ്കിൽ ക്രൂഡ് ഓയിൽ വില 75 ഡോളർ കടക്കും.
∙ രാജ്യാന്തര ക്രൂഡ് ഓയിൽ വില ഓരോ ഡോളർ ഉയരുമ്പോഴും ഇന്ത്യൻ എണ്ണ വിതരണക്കമ്പനികളുടെ വരുമാനത്തിൽ 200-300 കോടി രൂപയുടെ ഇടിവുണ്ടാകുമെന്നാണ് വിലയിരുത്തൽ.
∙ ക്രൂഡ് വില ഓരോ ഡോളർ വർധിച്ചാൽ, വരുമാനനഷ്ടം നികത്താൻ എണ്ണക്കമ്പനികൾക്ക് പെട്രോൾ, ഡീസൽ വിലയിൽ 0.40-0.50 പൈസ ലീറ്ററിന് കൂട്ടാൻ കഴിയും. ഓരോ 5 ഡോളറിനും 2 ഡോളർ വീതവും കൂട്ടാം.
∙ അങ്ങനെയെങ്കിൽ ക്രൂഡ് വില 10 ഡോളർ വർധിച്ചാൽ പെട്രോളിനും ഡീസലിനും ശരാശരി 4 രൂപ കൂട്ടാനാകും.
കൂടുതൽ തിരിച്ചടി ഈ സംസ്ഥാനങ്ങളിലുള്ളവർക്ക്
പെട്രോളിനും ഡീസലിനും ശരാശരി ഏറ്റവും ഉയർന്ന വിലയുള്ള സംസ്ഥാനങ്ങളാണ് ആന്ധ്രാപ്രദേശ്, തെലങ്കാന, കേരളം എന്നിവ.
നിരക്കുകൾ ഇങ്ങനെ:
∙ ആന്ധ്രാപ്രദേശ് – പെട്രോൾ : 109.74 രൂപ, ഡീസൽ : 97.57 രൂപ
∙ കേരളം – പെട്രോൾ : 107.48 രൂപ, ഡീസൽ : 96.48 രൂപ (തിരുവനന്തപുരം)
∙ തെലങ്കാന – പെട്രോൾ : 107.46 രൂപ, ഡീസൽ : 95.70 രൂപ.
ആന്ധ്രാപ്രദേശ് പെട്രോളിന് 29.06 രൂപയും ഡീസലിന് 21.56 രൂപയും മൂല്യവർധിത നികുതി (വാറ്റ്) ഈടാക്കുമ്പോൾ തെലങ്കാനയിൽ ഇതു യഥാക്രമം 26.92 രൂപ, 19.8 രൂപ എന്നിങ്ങനെയാണ്. കേരളത്തിൽ പെട്രോളിന് 26.41 രൂപയും ഡീസലിന് 20 രൂപയും.
പെട്രോളിനും ഡീസലിനും ലീറ്ററിന് 4 രൂപവീതം കൂട്ടാൻ എണ്ണക്കമ്പനികൾ തീരുമാനിച്ചാൽ കേരളത്തിൽ പെട്രോൾ വില 110 രൂപയും ഡീസൽ വില 100 രൂപയും കടക്കും.
റഷ്യയെ കൈവിടുമോ ഇന്ത്യ?
140 കോടി ജനങ്ങളുള്ള രാജ്യമാണ് ഇന്ത്യയെന്നും ജനങ്ങളുടെ ഊർജ സുരക്ഷിതത്വം ഉറപ്പാക്കാനാണ് ഡിസ്കൗണ്ട് നിരക്കുള്ള റഷ്യൻ എണ്ണ വാങ്ങുന്നതെന്നുമാണ് ഇന്ത്യയുടെ നിലപാട്. റഷ്യയുമായുള്ള വാണിജ്യബന്ധം തുടരുമെന്നും ഇന്ത്യ വ്യക്തമാക്കിയിട്ടുണ്ട്.
എങ്കിലും, യുഎസ് താരിഫ് ഭീഷണിയുടെ പശ്ചാത്തലത്തിൽ റഷ്യൻ എണ്ണ ഏറ്റെടുക്കുന്നതിൽ നിന്ന് ഇന്ത്യൻ കമ്പനികൾ വിട്ടുനിൽക്കുന്നതായും സൂചനകളുണ്ട്.
ട്രംപ് നിലപാട് കടുപ്പിച്ചശേഷം ഇന്ത്യൻ കമ്പനികൾ കൂടുതലായി വാങ്ങിയത് യുഎസ്, ഗൾഫ്, പശ്ചിമ ആഫ്രിക്കൻ രാജ്യങ്ങൾ, അസർബൈജാൻ എന്നിവിടങ്ങളിൽ നിന്നുള്ള എണ്ണയാണ്. ഗയാന, ബ്രസീൽ, കാനഡ എന്നിവിടങ്ങളിൽ നിന്നുള്ള ഇറക്കുമതിയും ഇന്ത്യ കൂട്ടിയിട്ടുണ്ട്.
∙ യുക്രെയ്ൻ-റഷ്യ യുദ്ധത്തിന് മുൻപ് ഇന്ത്യ ഗൾഫ്, ആഫ്രിക്ക എന്നിവിടങ്ങളിൽ നിന്നായിരുന്നു മുന്തിയപങ്ക് ക്രൂഡ് ഓയിലും വാങ്ങിയിരുന്നത്.
∙ ഇന്ത്യയ്ക്ക് റഷ്യ നേരത്തേ ബാരലിന് വിപണി വിലയേക്കാൾ 12 ഡോളർ വരെ ഡിസ്കൗണ്ട് നൽകിയിരുന്നത് ഇപ്പോൾ രണ്ടു ഡോളറിലും താഴെയായിട്ടുണ്ട്.
∙ അതായത്, ട്രംപ് കനത്ത തീരുവ ഏർപ്പെടുത്തിയാലും ഇല്ലെങ്കിലും റഷ്യ-യുക്രെയ്ൻ യുദ്ധത്തിന് മുൻപത്തെ പരമ്പരാഗത എണ്ണ സ്രോതസ്സുകളിലേക്ക് മടങ്ങാൻ ഇന്ത്യയ്ക്ക് കഴിയും.
എന്നാൽ, റഷ്യയുമായുള്ള നയതന്ത്ര, വാണിജ്യബന്ധം വേണ്ടെന്നുവയ്ക്കാൻ ഇന്ത്യ ഒരുക്കമല്ല.
സാമ്പത്തികമായും തിരിച്ചടി
റഷ്യൻ എണ്ണ വാങ്ങുന്നത് നിർത്തിയാൽ നടപ്പു സാമ്പത്തിക വർഷം (2025-26) ഇന്ത്യയുടെ മൊത്തം ക്രൂഡ് ഇറക്കുമതിച്ചെലവ് 9.1 ബില്യൻ ഡോളർ (ഏകദേശം 80,000 കോടി രൂപ) വർധിക്കുമെന്ന് എസ്ബിഐ റിസർച് വ്യക്തമാക്കുന്നു. 2026-27ൽ ഇതു 11.7 ബില്യനായും (ഒരുലക്ഷം കോടി രൂപ) കൂടും. ഇതു ഫലത്തിൽ പെട്രോൾ, ഡീസൽ, എൽപിജി എന്നിവയുടെ വില കൂടാനും ഇടവരുത്തും.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]