
നീണ്ട 18 വർഷത്തെ കാത്തിരിപ്പിനൊടുവിൽ ഇന്ത്യൻ പ്രീമിയർ ലീഗിന്റെ (IPL) കിരീടത്തിൽ മുത്തമിട്ട, റോയൽ ചാലഞ്ചേഴ്സ് ബംഗളൂരുവിന്റെ (RCB) ഓഹരികൾ വിൽക്കാൻ ഉടമകൾ ഒരുങ്ങുന്നു. ആർസിബിയുടെ പ്രൊമോട്ടർമാരും ബ്രിട്ടീഷ് മദ്യക്കമ്പനിയുമായ ഡിയാജിയോയാണ് (Diageo) നിശ്ചിത ഓഹരികൾ വിറ്റൊഴിയാൻ നീക്കം നടത്തുന്നത്. ആർസിബിക്ക് 200 കോടി ഡോളർ (ഏകദേശം 17,000 കോടി രൂപ) മൂല്യം (Valuation) വിലയിരുത്തിയായിരിക്കും ഓഹരി വിൽപനയെന്ന് ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്തു.
കൈവശമുള്ള നിശ്ചിതപങ്ക് ഓഹരികളാകും വിറ്റഴിക്കുക. ടീമിന്റെ ഉടമസ്ഥാവകാശം കമ്പനി നിലനിർത്തുമെന്നാണ് സൂചനകൾ. അതേസമയം, ഇക്കാര്യത്തിൽ ആർസിബിയോ ഡിയാജിയോയുടെ ഇന്ത്യൻ ഉപസ്ഥാപനമായ യുണൈറ്റഡ് സ്പിരിറ്റ്സോ (United Spirits) പ്രതികരിച്ചിട്ടില്ല.
കിങ്ഫിഷർ എയർലൈൻസ് (Kingfisher Airlines) ഉടമയായിരുന്ന വിജയ് മല്യ (Vijay Mallya) ആയിരുന്നു ആർസിബിയുടെ ആദ്യ പ്രൊമോട്ടർ. വൻതുകയുടെ ബാങ്ക് വായ്പ കിട്ടാക്കടമായതിനെ തുടർന്ന് 2012ൽ കിങ്ഫിഷർ പ്രവർത്തനം അവസാനിപ്പിക്കുകയും മല്യ ലണ്ടനിലേക്ക് മുങ്ങുകയും ചെയ്തതിനു പിന്നാലെയാണ് ആർസിബിയുടെ പ്രൊമോട്ടർമാരായി ഡിയാജിയോ എത്തിയത്. മല്യയുടെ മദ്യ ബിസിനസ് ഏറ്റെടുത്തതിന്റെ ഭാഗമായാണ് ആർസിബിയും ഡിയാജിയോയുടെ കൈകളിലേക്ക് എത്തിയത്.
ഐപിഎൽ ടൂർണമെന്റിന്റെ ആദ്യ സീസണിലെ, ആദ്യ മത്സരം മുതൽ കളത്തിലുണ്ടെങ്കിലും ആർസിബിക്കും സൂപ്പർതാരം വിരാട് കോലിക്കും (Virat Kohli) കിരീടം 17-ാം സീസൺ വരെ കിട്ടാക്കനിയായിരുന്നു. ഈയിടെ സമാപിച്ച സീസണിലാണ് ഫൈനലിൽ പഞ്ചാബ് കിങ്സിനെ (Punjab Kings) പരാജയപ്പെടുത്തി ‘കിങ് കോലി’യുടെ ടീം കപ്പുയർത്തിയത്.
യുണൈറ്റഡ് സ്പിരിറ്റ്സിന്റെ ഓഹരിവില ഇന്ന് 2.21% ഉയർന്ന് കഴിഞ്ഞ 5-മാസത്തെ ഉയരമായ 1,627.30 രൂപയിലാണ് ഉച്ചയ്ക്ക് മുമ്പത്തെ സെഷനിൽ വ്യാപാരം ചെയ്യുന്നത്. 1.18 ലക്ഷം കോടി രൂപ വിപണിമൂല്യമുള്ള (Market Cap) കമ്പനിയാണിത്.
ഇക്കഴിഞ്ഞ മാർച്ച് 31ന് സമാപിച്ച പാദത്തിൽ യുണൈറ്റഡ് സ്പിരിറ്റ്സ് 17% വളർച്ചയോടെ 451 കോടി രൂപ ലാഭം (net profit) നേടിയിരുന്നു. ജോണി വോക്കർ വിസ്കി (Johnnie Walker whiskey) ഉൾപ്പെടെയുള്ള പ്രീമിയം മദ്യ ഇനങ്ങളുടെ വിൽപന 13.2 ശതമാനവും കമ്പനിയുടെ മൊത്തം മദ്യ വിൽപന 10.5 ശതമാനവും വർധിച്ചിരുന്നു.
ഈ വർഷം ജനുവരി 3ന് കുറിച്ച 1,700 രൂപയാണ് യുണൈറ്റഡ് സ്പിരിറ്റ്സ് ഓഹരികളുടെ 52-ആഴ്ചത്തെ ഉയരം. പ്രമുഖ ബ്രോക്കറേജുകളായ സിറ്റി ഗ്രൂപ്പ് അടുത്തിടെ കമ്പനിയുടെ ഓഹരികൾക്ക് 1,800 രൂപ ‘ലക്ഷ്യവില’ (target price) നൽകിയിരുന്നു.
ഇന്ത്യയും യുകെയും തമ്മിലെ സ്വതന്ത്ര വ്യാപാരക്കരാർ (India-UK FTA) വഴി നികുതിയിളവ് ലഭിക്കുമെന്നതും കമ്പനിക്ക് നേട്ടമാകുമെന്നാണ് സിറ്റിയുടെ വിലയിരുത്തൽ. മറ്റൊരു ബ്രോക്കറേജായ ജെപി മോർഗൻ നൽകിയിരിക്കുന്ന ലക്ഷ്യവില 1,760 രൂപയാണ്. റേറ്റിങ് ‘ന്യൂട്രൽ’ എന്നതിൽ നിന്ന് ‘ഓവർവെയിറ്റ്’ എന്നതിലേക്കും ഉയർത്തിയിട്ടുണ്ട്. ഇന്ത്യയിൽ വിവിധ സംസ്ഥാനങ്ങൾ മദ്യനയം കൂടുതൽ ലളിതമാക്കിയതും കമ്പനിക്ക് നേട്ടമാകുമെന്ന് ജെപി മോർഗൻ വിലയിരുത്തുന്നു.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
(Disclaimer: ഈ ലേഖനം ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട്/ക്രിപ്റ്റോകറൻസി മുതലായവ വാങ്ങാനോ വില്ക്കാനോ ഉള്ള നിര്ദേശമോ ഉപദേശമോ അല്ല. ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട് മുതലായ നിക്ഷേപങ്ങൾ വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്. നിക്ഷേപം നടത്തുന്നതിന് മുമ്പ് നിങ്ങള് സ്വയം പഠനങ്ങൾ നടത്തുകയോ ഒരു വിദഗ്ധന്റെ ഉപദേശം തേടുകയോ ചെയ്യുക)